ഉമ്മന്‍ചാണ്ടി, അബ്ദുള്ളക്കുട്ടി എന്നിവരടക്കമുള്ളവര്‍ക്കെതിരായ വിവരങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചു: സരിത എസ് നായര്‍

Posted on: January 19, 2020 10:30 am | Last updated: January 19, 2020 at 1:49 pm

തിരുവനന്തപുരം | സോളാര്‍ കേസിന്റെ വിവരങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചെന്ന് സരിത എസ് നായര്‍. ഉമ്മന്‍ ചാണ്ടി , അബ്ദുള്ളക്കുട്ടി എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്. രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്തിയത്.ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെന്ന് പറഞ്ഞാണ് അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തിയതെന്നും സരിത എസ് നായര്‍ പറഞ്ഞു

നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പുരോഗതി വിവരങ്ങളാണ് ചോദിച്ചത്. എംപിമാര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ് നായര്‍ പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

രണ്ട് തവണ ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയെന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ വടംവലികള്‍ക്ക് താല്‍പര്യമില്ല. കേരള സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേസില്‍ നീതി കിട്ടിയിട്ടില്ല. രാഷ്ട്രീയ നിലപാടുകള്‍ക്ക് നിന്ന് കൊടുക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് കേസ് നിയമ വഴിക്ക് മാത്രം പോകട്ടെ എന്ന് തീരുമാനം എടുത്തത്. നീതി വൈകുന്ന സാഹചര്യം ഉണ്ടായാല്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്ന് സരിത എസ് നായര്‍ പറഞ്ഞു