വന്ദേമാതരം വിളിക്കാത്തവര്‍ ഇന്ത്യ വിട്ടുപോകണം; പൗരത്വ നിയമം രാജ്യത്തെ വെട്ടിമുറിച്ച പാപത്തിനുള്ള പരിഹാരം: കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

Posted on: January 19, 2020 9:31 am | Last updated: January 19, 2020 at 12:05 pm

സൂററ്റ് | വന്ദേമാതരം വിളിക്കാന്‍ തയാറാകാത്തവര്‍ ഇന്ത്യവിട്ടുപോകണമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാപങ്ങളെ കഴുകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവര്‍ അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തേയും അഖണ്ഡതയേയും വന്ദേമാതരത്തേയും അംഗീകരിക്കാത്തവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല-സാരംഗി ആവര്‍ത്തിച്ചു.

നമ്മള്‍ യുഗങ്ങളായി മുസ്‌ലിമുകള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. അവര്‍ രാജ്യംവിട്ടുപോകാന്‍ പറഞ്ഞിട്ടില്ല. ഈ രാജ്യം ആരുടേയും സ്വത്തല്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് രാജ്യത്ത് തീകത്തിക്കാന്‍ ശ്രമിക്കുകയാണെന്നും സാരംഗി പറഞ്ഞു.

വന്ദേമാതരം വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് നേരത്തെ സാരംഗി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇത് വിവാദമാകുകയും ചെയ്തു.