മുഖ്യമന്ത്രിയുടെ നിലപാട് യഥാർഥ നേതാവിന്റേത്: ജിഫ്‌രി തങ്ങൾ

Posted on: January 16, 2020 8:03 pm | Last updated: January 17, 2020 at 3:35 pm

മലപ്പുറം | പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കപ്പെട്ട് നിൽക്കുന്ന ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ് സംസ്ഥാന സർക്കാറിന്റെ നിലപാടെന്നും വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് യഥാർഥ നേതാവിന്റെ കരുത്ത് കാണിക്കുന്നതാണെന്നും സമസ്ത ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്‍രി മുത്തുക്കോയ തങ്ങൾ.
മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്ര സർക്കാർ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാൽ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് ന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷത ഇഷ്ടപ്പെടുന്നവർക്കും നൽകുന്ന ഊർജം ചെറുതല്ല. രാജ്യത്തിന്റെ പാരമ്പര്യം നിലനിർത്താൻ മുൻപന്തിയിൽ നിൽക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന സർക്കാറും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാ പ്രോത്സാഹനങ്ങളും നൽകണം. തങ്ങളുടെ സംഘടനയുടെ എല്ലാ നിലക്കുള്ള പിന്തുണയും ഇതുപോലുള്ള എല്ലാ സമരങ്ങൾക്കും സമ്മേളനങ്ങൾക്കും ഉറപ്പ് തരുന്നുവെന്നും അദ്ദേഹം പറഞ്ഞു.