പൗരത്വ ഭേദഗതി നിയമം: യാംബുവില്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Posted on: January 16, 2020 12:58 pm | Last updated: January 16, 2020 at 12:59 pm

യാമ്പു | കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇതര സംസ്ഥാന പ്രവാസികള്‍ക്ക് വേണ്ടി പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐ എസ് എഫ്) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദനാത്ത് പാര്‍ക്ക് ഹോട്ടല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. തൗസീഫ് മംഗലാപുരം അധ്യക്ഷത വഹിച്ചു. നസറുല്ല ചൗധരി അസം മുഖ്യപ്രഭാഷണം നടത്തി.

ഇന്ത്യന്‍ ഭരണഘടന തകര്‍ത്ത് ആര്‍ എസ് എസ് അജന്‍ഡ നടപ്പിലാക്കാനുള്ള ശ്രമം പ്രത്യക്ഷത്തില്‍ മുസ്ലിം സമൂഹത്തിനെതിരാണ് എന്ന് തോന്നുമെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, രാജ്യം അഭിമുഖീകരിക്കുന്ന പൊതു പ്രശ്‌നമാണിതെന്നും നസറുല്ല ചൗധരി പറഞ്ഞു. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധാനം ചെയ്ത് ഹാഫിസ് റഹ്മാന്‍ മദനി, മുസ്തഫ കുന്നത്ത്, ഹഫീസ് മംഗലാപുരം, അബൂബക്കര്‍ കോഴിക്കോട്, ജാവേദ് ഗുല്‍ബര്‍ഗ പ്രസംഗിച്ചു. പൗര സമൂഹത്തോടുള്ള വിവേചനപരമായ നിലപാട് തിരുത്തുന്നതു വരെ പ്രവാസ ലോകത്തെ സംഘടനകളും ശക്തമായ പ്രതിരോധ പരിപാടികള്‍ നടത്തേണ്ടതുണ്ടെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഖാലിദ് ബാംഗ്ലൂര്‍ സ്വാഗതവും ഇര്‍ഫാന്‍ ഹൈദരാബാദ് നന്ദിയും പറഞ്ഞു.