യു പി സര്‍ക്കാര്‍ കൊളോണിയല്‍ ഭരണത്തിന് സമാനം: യെച്ചൂരി

Posted on: January 16, 2020 12:07 am | Last updated: January 16, 2020 at 11:47 am

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെച്ചു. ബി ജെ പിയാണ് അക്രമങ്ങള്‍ക്കു പിന്നില്‍.

യു പിയില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന് സമാനമായാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ വീടുകളില്‍ കയറി പോലീസ് അക്രമിക്കുകയാണ്. അക്രമത്തിനു വേണ്ടി പോലീസ് സേനക്ക് പുറത്ത് നിന്നുള്ളവരെ റിക്രൂട്ട് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിന് പണമടയ്ക്കാന്‍ നിരപരാധികള്‍ക്ക് നോട്ടീസ് നല്‍കുകയാണ് പോലീസ് ചെയ്യുന്നത്. പൗരത്വ നിയമത്തിനെതിരെ യു പിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലായവര്‍ അനുഭവങ്ങള്‍ വിവരിക്കാനെത്തിയപ്പോഴായിരുന്നു യെച്ചൂരിയുടെ പ്രതികരണം.