എല്ലാം ദേവീന്ദര്‍ സിംഗിന്റെ ചതി

2001ലെ പാർലിമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരു, അന്ന് തീവ്രവാദികൾക്ക് സൗകര്യമേർപ്പെടുത്തിക്കൊടുക്കാൻ തന്നെ ദേവീന്ദര്‍ സിംഗ് ഭീഷണിപ്പെടുത്തിയതായി അഭിഭാഷകനെഴുതിയ കത്തിൽ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആ കത്തിന്റെ സംക്ഷിപ്ത രൂപം വായിക്കാം
Posted on: January 14, 2020 10:57 am | Last updated: January 14, 2020 at 10:59 am

ജമ്മു കശ്മീരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെ തീവ്രവാദികൾക്കൊപ്പം സഞ്ചരിക്കവെ പിടികൂടിയത് ഗൗരവമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ്. 2001ലെ പാർലിമെന്റ് ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരു, അന്ന് തീവ്രവാദികൾക്ക് സൗകര്യമേർപ്പെടുത്തിക്കൊടുക്കാൻ തന്നെ ദേവീന്ദര്‍ സിംഗ് ഭീഷണിപ്പെടുത്തിയതായി തന്റെ അഭിഭാഷകനെഴുതിയ കത്തിൽ നേരത്തേ വെളിപ്പെടുത്തിയിരുന്നു. അന്ന് പക്ഷേ, ആരുമത് വകവെച്ചില്ല. പാർലിമെന്റ് ആക്രമണത്തിലടക്കമുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ദേവീന്ദർ സിംഗിനുള്ള പങ്ക് അന്വേഷിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. ഈയവസരത്തിൽ തിഹാർ ജയിലിൽ വെച്ച് അഫ്‌സൽ ഗുരു തന്റെ അഭിഭാഷകൻ സുശീൽ കുമാറിന് എഴുതിയ കത്തിന് വലിയ പ്രാധാന്യമാണുള്ളത്. ആ കത്തിന്റെ സംക്ഷിപ്ത രൂപം വായിക്കാം:

(ഒന്ന്) എന്റെ കേസ് ഏറ്റെടുത്ത് എനിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്നതിന് താങ്കളോട് ആദ്യമേ നന്ദി പറയട്ടെ. ഈ കേസിന്റെ തുടക്കം മുതൽക്കെ ഞാൻ അവഗണിക്കപ്പെട്ടു. മാധ്യമങ്ങൾക്ക് മുമ്പിലോ കോടതിയിലോ സത്യം വെളിപ്പെടുത്താൻ എനിക്കൊരിക്കലും അവസരം ലഭിച്ചില്ല. മൂന്ന് അപേക്ഷകൾ നൽകിയെങ്കിലും കോടതിയെനിക്ക് അഭിഭാഷകനെ നൽകിയില്ല. തൂക്കിക്കൊല്ലുന്നതിനേക്കാൾ അഫ്‌സൽ ഗുരു ആഗ്രഹിക്കുന്നത് വിഷം കുത്തിവെക്കുന്നതാണെന്ന് ഹൈക്കോടതിയിൽ ഒരു മനുഷ്യാവകാശ അഭിഭാഷകൻ പറഞ്ഞത് തീർത്തും കള്ളമാണ്. ഇക്കാര്യം ഒരിക്കലും ഞാനെന്റെ അഭിഭാഷകനോട് പറഞ്ഞിട്ടില്ല. എന്റെയോ കുടുംബത്തിന്റെയോ ഇഷ്ടപ്രകാരമായിരുന്നില്ല ആ അഭിഭാഷകൻ. ഇഷ്ടപ്രകാരമുള്ള അഭിഭാഷകനെ ലഭിക്കാനുള്ള എന്റെ നിസ്സഹായാവസ്ഥയെയാണ് അത് കാണിക്കുന്നത്. കർശന സുരക്ഷയുള്ള ജയിലിലടക്കപ്പെട്ട് മനുഷ്യാവകാശ അഭിഭാഷകനോട് സംസാരിക്കാൻ അനുവദിക്കപ്പെടാതിരിക്കുന്നതിനാൽ അയാളെ മാറ്റാനോ എന്റെ മരണവുമായി ബന്ധപ്പെട്ട എതിർപ്പ് ഹൈക്കോടതിയിൽ ബോധിപ്പിക്കാനോ സാധിച്ചിരുന്നില്ല. ഇക്കാര്യം തന്നെ ഹൈക്കോടതിയുടെ വിധിക്ക് ശേഷമാണ് അറിഞ്ഞത്.

പാർലിമെന്റ് ആക്രമണ കേസിൽ കശ്മീർ പ്രത്യേക ദൗത്യസേന എന്നെ കുടുക്കിയതാണ്. ദൗത്യസേനയുമായി ബന്ധമുള്ള പ്രത്യേക പോലീസ് വിവരണപ്രകാരമാണ് എനിക്ക് ഡൽഹി കോടതി വധശിക്ഷ വിധിച്ചത്. മാധ്യമങ്ങളുടെ വലിയ പങ്കും ഇക്കാര്യത്തിലുണ്ട്. സ്‌പെഷ്യൽ പോലീസ് എ സി പി രജ്ബീർ സീംഗിന്റെ ഭീഷണിയും കൊടിയ മർദനവും കാരണമാണ് കുറ്റം സമ്മതിച്ചത്. ടെലിവിഷൻ അഭിമുഖം ചെയ്തയാൾ (ആജ് തകിലെ ശംസ് താഹിർ) മുഖേന ആ ഭീഷണി കോടതിയിലെത്തുകയും ചെയ്തതാണ്.

ശ്രീനഗർ ബസ് സ്റ്റാൻഡിൽ നിന്നാണ് എന്നെ അറസ്റ്റ് ചെയ്തത്. തുടർന്ന് എസ് ടി എഫ് ആസ്ഥാനത്തെത്തിച്ചു. തുടർന്ന് സ്‌പെഷ്യൽ പോലീസും എസ് ടി എഫും ചേർന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്നു. ശ്രീനഗറിലെ പരോംപോര പോലീസ് സ്റ്റേഷനിൽ വെച്ച് എന്റെ സ്വന്തമുള്ള എല്ലാം പിടിച്ചെടുത്തു. തുടർന്ന് എന്നെ മർദിച്ചു. ആരോടെങ്കിലും യാഥാർഥ്യം വെളിപ്പെടുത്തിയാൽ ഭാര്യയും കുടുംബവും ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ഇളയ സഹോദരൻ ഹിലാൽ അഹ്മദ് ഗുരുവിനെ വാറണ്ടൊന്നുമില്ലാതെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് മാസത്തോളം അവൻ കസ്റ്റഡിയിലായിരുന്നു. ഇക്കാര്യം ആദ്യമെന്നോട് പറഞ്ഞത് എ സി പി രജ്ബീർ സിംഗാണ്. പറയുന്നതിനനുസരിച്ച് പ്രവർത്തിച്ചാൽ കുടുംബത്തെ വെറുതെ വിടാമെന്നും കുറച്ചുകഴിഞ്ഞ് കേസ് ദുർബലപ്പെടുത്താൻ ആവശ്യമായത് ചെയ്യാമെന്നും അങ്ങനെ മോചിതനാകാമെന്നും സ്‌പെഷ്യൽ പോലീസ് പറഞ്ഞു.

എന്റെ കുടുംബത്തിന്റെ സുരക്ഷക്കാണ് ഞാൻ പരിഗണന നൽകിയത്. കഴിഞ്ഞ ഏഴ് വർഷം എസ് ടി എഫ് എങ്ങനെയാണ് കശ്മീരികളെ കൊന്നതെന്നും യുവാക്കളെ അപ്രത്യക്ഷമാക്കിയതെന്നും കസ്റ്റഡിയിൽ കൊന്നതെന്നും എനിക്ക് അറിയാമായിരുന്നു. നിരവധി പീഡനങ്ങൾക്കും കസ്റ്റഡി മരണങ്ങൾക്കുമുള്ള ദൃക്‌സാക്ഷിയാണ് ഞാൻ. മാത്രമല്ല, ഞാൻ തന്നെ എസ് ടി എഫ് ഭീകരതയുടെയും പീഡനത്തിന്റെയും ഇരയാണ്. ജെ കെ എൽ എഫിന്റെ കീഴടങ്ങിയ അംഗം എന്ന നിലയിൽ ഏറെ പീഡിപ്പിക്കപ്പെടുകയും ഭീഷണി നേരിടുകയും തീവ്രവേദന അനുഭവിക്കുകയും ചെയ്തു. എന്നാൽ, എസ് ടി എഫ് രൂപവത്കരിച്ചതോടെ അവർ ഓരോ വീട്ടിലും അതിക്രമിച്ചുകയറി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കശ്മീരിലെ ഓരോ വീട്ടിലും അവരെത്തി. എസ് ടി എഫ് തങ്ങളുടെ ബന്ധുവിനെ പിടികൂടിയെന്നറിഞ്ഞാൽ പിന്നെ അവന്റെ മൃതദേഹത്തിനായിരിക്കും ബന്ധുക്കളുടെ കാത്തിരിപ്പ്. എന്നാൽ പിടികൂടപ്പെട്ട ആൾ എവിടെയെന്ന് ബന്ധുക്കൾ ഒരിക്കലും അറിയില്ല. ഇങ്ങനെ 6,000 യുവാക്കൾ അപ്രത്യക്ഷരായി. ഇത്തരമൊരു സാഹചര്യത്തിൽ ഈ ഭയാനക അന്തരീക്ഷത്തിൽ എന്നപ്പോലെയുള്ള ആൾ തീർച്ചയായും എസ് ടി എഫിന്റെ കൈയിൽപ്പെട്ട് എന്ത് വൃത്തികെട്ട കളിക്കും സന്നദ്ധനാകും. അതിജീവനത്തിന് വേണ്ടി മാത്രമാണ് ഈ സന്നദ്ധത. പണം നൽകാൻ സാധിക്കുന്നവർക്ക് ഈ കളികളൊന്നും അനുഭവിക്കേണ്ടി വന്നില്ല. എന്റെ കൈയിൽ കാശില്ലാത്തതിനാൽ എല്ലാത്തിനും സന്നദ്ധമാകേണ്ടി വന്നു. പാരിംപോറയിലെ പോലീസ് സ്റ്റേഷനിലെ അക്ബർ എന്ന പോലീസുകാരൻ ഇങ്ങനെ അയ്യായിരം രൂപ തട്ടിയെടുത്തിട്ടുണ്ട്. വ്യാജ മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും വിൽക്കുന്നെന്ന കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇത്. 2000ല്‍ സോപോറിൽ മരുന്ന് വിൽപ്പന നടത്തുമ്പോഴായിരുന്നു ഇത്. ഇയാൾ ഡൽഹിയിലെത്തി എനിക്കെതിരെ സാക്ഷി പറഞ്ഞിട്ടുണ്ട്. പാർലിമെന്റ്ആക്രമണത്തിന് മുന്പ് അയാൾക്കെന്നെ അറിയാമായിരുന്നു. കോടതി മുറിയിൽ വെച്ച് കശ്മീരിയിൽ അയാൾ പറഞ്ഞത് എന്റെ കുടുംബത്തിന് പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു. യഥാർഥത്തിൽ പരോക്ഷ ഭീഷണിയാണ് കോടതി മുറിയിൽ വെച്ച് അയാൾ ഉയർത്തിയത്. വിചാരണാ വേളയിലുടനീളം ഞാനെല്ലാത്തിനും മൂകസാക്ഷിയായി നിന്നു. പോലീസും ജഡ്ജി പോലും എനിക്കെതിരെ ഒറ്റക്കെട്ടായിരുന്നു. എന്റെ കാര്യത്തിലും കുടുംബത്തിന്റെ സുരക്ഷാ വിഷയത്തിലും ഞാന്‍ ആശയക്കുഴപ്പത്തില്‍ വരെ ആയി. എന്റെ കുടുംബത്തെ രക്ഷിച്ചതിനാലാണ് ഇപ്പോൾ വധശിക്ഷ കാത്തുകിടക്കേണ്ടി വന്നത്.

(രണ്ട്) 1997- 98 കാലയളവിലാണ് മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും കമ്മീഷൻ അടിസ്ഥാനത്തിൽ വിൽക്കുന്നത് ആരംഭിച്ചത്. കീഴടങ്ങിയ തീവ്രവാദി എന്ന നിലയിൽ എനിക്കൊരിക്കലും സർക്കാർ ജോലി ലഭിക്കുമായിരുന്നില്ല. രഹസ്യവിവരം കൈമാറുന്നയാളായി പ്രവർത്തിക്കുക എന്നതാണ് ഇവർക്കുള്ള മറ്റൊരു സാധ്യത. ഇതിന് തയ്യാറാകാത്തവരെ രഹസ്യവിവരം അറിയിക്കുന്നവർ ഉപദ്രവിക്കും. മാസം അയ്യായിരം രൂപ വരെ ലഭിക്കുന്നതായിരുന്നു ബിസിനസ്. ഇതിൽ നിന്ന് 500 രൂപ രഹസ്യവിവരക്കാർക്ക് നൽകേണ്ടിയിരുന്നു. അല്ലെങ്കിൽ ഇവർ വ്യാജ വിവരം നൽകി കുടുക്കും. മുതിർന്ന ഉദ്യോഗസ്ഥർക്കും നൽകണമെന്ന് രഹസ്യ പോലീസുകാർ പലപ്പോഴും ആവശ്യപ്പെട്ടു.

കഠിനാധ്വാനം ചെയ്തതിനാൽ ബിസിനസ് അഭിവൃദ്ധിപ്പെട്ടു. ഒരു ദിവസം രാവിലെ പത്ത് മണിക്ക് പുതിയ സ്‌കൂട്ടറിൽ വരികയായിരുന്ന എന്നെ എസ് ടി എഫ് അംഗങ്ങൾ തടഞ്ഞുനിർത്തി അവരുടെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. പൽഹാലൻ ക്യാമ്പിൽ വെച്ച് ഡി എസ് പി വിനയ് ഗുപ്ത ഏറെ ദേഹോപദ്രവും ചെയ്യുകയും ഷോക്കേൽപ്പിക്കുകയും ഐസ് വെള്ളത്തിൽ കിടത്തുകയും പെട്രോൾ ചില്ലി പ്രയോഗിക്കുകയും ചെയ്തു. ആയുധം കൈവശം വെച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഈ മർദനം. വൈകുന്നേരത്തോടെ ഇൻസ്‌പെക്ടർ ഫാറൂഖ് പറഞ്ഞത് പത്ത് ലക്ഷം രൂപ ഡി എസ് പിക്ക് നൽകിയാൽ മോചിപ്പിക്കാമെന്നും അല്ലെങ്കിൽ കൊല്ലുമെന്നുമായിരുന്നു.

ALSO READ  ഓഡിറ്റ് ചെയ്യപ്പെടാതെ പോയ ഒളിയജന്‍ഡകള്‍

പിന്നീട് എന്നെ ഹുംഹമ എസ് ടി എഫ് ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെ ഡി എസ് പി ദേവീന്ദർ സിംഗും മർദിച്ചു. ശാന്തി സിംഗ് എന്നയാൾ മൂന്ന് മണിക്കൂർ നേരത്തേക്ക് നഗ്നനാക്കി ഷോക്കേൽപ്പിച്ചു. ടെലിഫോൺ ഉപകരണത്തിലൂടെയുള്ള ഷോക്കേൽപ്പിക്കുന്നതിനിടെ വെള്ളം കുടിപ്പിച്ചു. കൊടിയ മർദനത്തിനിടെ അവസാനം പത്ത് ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചു. ഭാര്യയുടെ സ്വർണം വിറ്റ് കിട്ടിയ എൺപതിനായിരം രൂപയും മൂന്ന് മാസം മുമ്പ് മാത്രം വാങ്ങിയ സ്‌കൂട്ടർ വിറ്റ് 24,000 രൂപയും സമാഹരിച്ചു. അങ്ങനെ ഒരു ലക്ഷം കൊടുത്തപ്പോൾ എന്നെ മോചിപ്പിച്ചു. അപ്പോഴേക്കും ആകെ തകർന്നിരുന്നു ഞാൻ. അന്ന് ഹുംഹമ ക്യാമ്പിൽ എന്നെ പോലെ താരിഖ് എന്നയാൾ കൂടിയുണ്ടായിരുന്നു. എപ്പോഴും എസ് ടി എഫുമായി സഹകരിക്കണമെന്നും അല്ലെങ്കിൽ സാധാരണ ജീവിതം നയിക്കാനാകാത്തവിധം പീഡിപ്പിക്കുമെന്നും താരിഖ് അന്നെന്നോട് പറഞ്ഞു. അതെന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. താരിഖ് പറഞ്ഞതുപോലെ ജീവിക്കാൻ തീരുമാനിച്ചു. 1990- 96 കാലത്ത് ഡൽഹി യൂനിവേഴ്‌സിറ്റിയിൽ പഠിച്ചതിനാൽ വിവിധ കോച്ചിംഗ് സെന്ററുകളിലും വീട്ടിലും വെച്ച് ട്യൂഷൻ നൽകിയിരുന്നു. ഇക്കാര്യം ബുദ്ഗാമിലെ എസ് എസ് പി ആശഖ് ഹുസൈൻ ഭാര്യാസഹോദരൻ അൽത്താഫ് ഹുസൈൻ വഴിയയറിഞ്ഞു. ഡി എസ് പി ദേവീന്ദർ സിംഗും എന്റെ കുടുംബവും തമ്മിൽ മധ്യസ്ഥ സംസാരം നടത്തിയത് അൽത്താഫ് ആയിരുന്നു. പന്ത്രണ്ടിലും പത്തിലും പഠിക്കുന്ന തന്റെ കുട്ടികൾക്ക് ട്യൂഷൻ നൽകണമെന്ന് അൽത്താഫ് എന്നോട് പറഞ്ഞു. അങ്ങനെ അൽത്താഫുമായി ഏറെ അടുത്തു. ഒരു ദിവസം അൽത്താഫ് എന്നെ ഡി എസ് പി ദേവീന്ദർ സിംഗിന്റെ അടുത്തേക്ക് കൊണ്ടുപോയി. തനിക്ക് വേണ്ടി ചെറിയൊരു ജോലി ചെയ്യണമെന്ന് ഡി എസ് പി ദേവീന്ദർ അന്ന് എന്നോട് പറഞ്ഞു.

ഡൽഹിയിൽ പഠിച്ചതിനാൽ അവിടത്തെ സംബന്ധിച്ച് എല്ലാം അറിയുമായിരുന്നു എനിക്ക്. ഒരാളെ ഡൽഹിക്ക് കൊണ്ടുപോകുകയും അയാൾക്ക് വാടക വീട് തരപ്പെടുത്തി ക്കൊടുക്കലുമാണ് ആ ചെറിയ ജോലിയെന്ന് ദേവീന്ദർ പറഞ്ഞു. ആ മനുഷ്യനെ എനിക്ക് അറിയുമായിരുന്നില്ല. എന്നാൽ അയാൾ കശ്മീരിയല്ലെന്ന് ഞാൻ സംശയിച്ചു. കാരണം അയാൾക്ക് കശ്മീരി സംസാരിക്കാൻ അറിയുമായിരുന്നില്ല. എന്നാൽ, ദേവീന്ദർ പറഞ്ഞത് അനുസരിക്കുകയല്ലാതെ മറ്റ് മാർഗമുണ്ടായിരുന്നില്ല. അങ്ങനെ അയാൾക്കൊപ്പം ഡൽഹിയിലേക്ക് വന്നു. കാർ വാങ്ങണമെന്ന് ഒരു ദിവസം അയാൾ പറഞ്ഞു. അങ്ങനെ അയാളോടൊപ്പം കരോൾ ബാഗിൽ പോയി. അയാൾ കാർ വാങ്ങി. പിന്നീട് ഡൽഹിയിൽ വ്യത്യസ്ത ആൾക്കാരുമായി അയാൾ നിത്യേന കൂടിക്കാഴ്ച നടത്തി. മുഹമ്മദ് എന്നായിരുന്നു അയാളുടെ പേര്. അയാൾക്കും എനിക്കും വേറെവേറെ ഫോണ്‍ കോളുകൾ ദേവീന്ദർസിംഗ് ചെയ്യും. കശ്മീരിലേക്ക് പോകണമെങ്കിൽ പോയ്‌ക്കോയെന്ന് ഒരു ദിവസം മുഹമ്മദ് എന്നോട് പറഞ്ഞു. എനിക്കയാൾ 35,000 രൂപയും നൽകി. ഇത് നിനക്കുള്ള സമ്മാനമാണെന്ന് അയാളെന്നോട് പറഞ്ഞു. അതിന് ആറോ എട്ടോ ദിവസം മുമ്പാണ് കുടുംബത്തിനൊപ്പം താമസിക്കാൻ ഇന്ദ്ര വിഹാറിൽ ഞാൻ വീട് വാടകക്കെടുത്തത്. കാരണം, കശ്മീരിൽ അങ്ങനെയൊരു ജീവിതം നയിക്കാൻ ഇഷ്ടപ്പെട്ടില്ല. ഞാൻ വാടകക്കെടുത്ത വീടിന്റെ താക്കോൽ ഉടമക്ക് നൽകി പെരുന്നാൾ ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം എത്താമെന്ന് പറഞ്ഞ് മടങ്ങി.
പാർലിമെന്റ് ആക്രമണം നടന്ന സമയമായിരുന്നു അത്. ശ്രീനഗറിൽ വെച്ച് ഞാൻ താരിഖിനെ ബന്ധപ്പെട്ടു. ഡൽഹിയിൽ നിന്ന് എപ്പോഴാണ് എത്തിയതെന്ന് ചോദിച്ചു. ഒരു മണിക്കൂർ മുമ്പാണെന്ന് മറുപടി നൽകി. അടുത്ത ദിവസം രാവിലെ ശ്രീനഗർ ബസ് സ്റ്റാൻഡിൽ നിന്ന് സൊപോറിലേക്ക് പോകുകയായിരുന്ന എന്നെ പോലീസ് പിടികൂടി പരാംപോര പോലീസ് സ്റ്റേഷനിലെത്തിച്ചു. എസ് ടി എഫിനൊപ്പം അവിടെ താരിഖുമുണ്ടായിരുന്നു. എന്റെ കീശയിൽ നിന്ന് 35,000 രൂപ പിടിച്ചെടുക്കുകയും അടിക്കുകയും എസ് ടി എഫ് ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്നു. എന്റെ കണ്ണിൽ നിറയെ ഇരുട്ടായിരുന്നു. പിന്നീട് സ്‌പെഷ്യൽ പോലീസിന്റെ മർദനമുറകളുള്ള സെല്ലിലായിരുന്നു.
)