ഉറപ്പ്; കേരളത്തിൽ എല്ലാവരും സുരക്ഷിതരെന്ന് മുഖ്യമന്ത്രി | THALASSERY SPEECH

Posted on: January 13, 2020 10:13 pm | Last updated: January 14, 2020 at 10:46 am

തലശ്ശേരി | അപകടക്കെണിയായ ദേശീയ പൗരത്വ രജിസ്റ്റർ കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് ആശങ്ക വേണ്ട. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാൻ സംഘ്പരിവാറും ആർ എസ് എസും ശ്രമിച്ചുകൊണ്ടിരിക്കയാണ്. അത് ഇവിടെ വിലപോവില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ ഉണ്ടെങ്കിൽ അത് ആർ എസ് എസും സംഘ്പരിവാറുമാണ്. സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞ വാരിയംകുന്നത്ത് അഹമ്മദ് ഹാജി, കുഞ്ഞാലി മരക്കാർ, തലശ്ശേരി കടപ്പുറത്ത് വെടിയേറ്റ് മരിച്ച അബു, ചത്തുക്കുട്ടി ഇവരെയെല്ലാം മറന്നുള്ള ചരിത്രമുണ്ടോ? ചാതുർവർണ്യത്തെ കൂട്ടുപിടിച്ചാണ് ആർ എസ് എസ് കാര്യങ്ങൾ നീക്കുന്നത്. ഇത് നാം തിരിച്ചറിയണം. പൗരത്വ ബില്ലിനെതിരെ ലോകം മുഴുവൻ പ്രതിഷേധം ഉയരുകയാണ്. മോദിയുടെ അടുപ്പക്കാരായ അമേരിക്കയിൽ പോലും ഇത് വിമർശിക്കപ്പെട്ടു. ബില്ലിനെതിരെ യോജിച്ച് പോരാട്ടം നടത്താമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചെങ്കിലും പിന്നീട് അവർ പിന്മാറുകയാണ് ചെയ്തത്. ഇത് എന്ത് കാരണത്താലാണെന്ന് മനസ്സിലാകുന്നില്ല. ബില്ലിനെതിരെ സർക്കാർ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ ഇവിടെ സുരക്ഷിതരാണെന്ന് ഉറപ്പ് തരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എം വി ജയരാജൻ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഉമർ ഫൈസി മുക്കം, എം മുകുന്ദൻ, പന്ന്യൻ രവീന്ദ്രൻ, സ്വാമി സന്ദീപാനന്ദഗിരി, ഹുസൈൻ മടവൂർ, ഫാദർ ദേവസ്യ ഈരത്തറ, കാസിം വി ഇരിക്കൂർ, കെ പി മോഹനൻ, എ എൻ ഷംസീർ എം എൽ എ, കെ സി ലേഖ പ്രസംഗിച്ചു.