കോട്ടയത്ത് കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങി മരിച്ച നിലയില്‍: മകളെ പീഡിപ്പിച്ച പ്രതി റിമാന്‍ഡില്‍

Posted on: January 13, 2020 9:45 am | Last updated: January 13, 2020 at 4:16 pm

കോട്ടയം |  ശാരീരിക അസ്വസ്ഥ്യമുള്ള മകള്‍ പീഡനത്തിന് ഇരയായത് അറിഞ്ഞ് മനംനൊന്ത മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. അച്ചനമ്മമാരെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെതിനെ തുടര്‍ന്ന് മകളും സമാന രീതിയില്‍ ആത്മഹത്യ ചെയ്തു. കോട്ടയത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിലാക്കി റിമാന്‍ഡ് ചെയ്തു. ഇറുമ്പയം കല്ലുവേലി ജിഷ്ണു (20) ആണ് അറസ്റ്റിലായത്.

ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. ഇതില്‍ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായതിനാല്‍ ആശുപത്രി അധികാരികള്‍ വിവരം പോലീസില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി എടുത്തശേഷം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ മകള്‍ പീഡനത്തിന് ഇരയായത് അറിഞ്ഞത് മുതല്‍ മാതാപിതാക്കള്‍ മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ മകള്‍ ഉണര്‍ന്നുവന്നപ്പോള്‍ അച്ഛനും അമ്മയും മുറിയുടെ ജനലില്‍ ഷാളില്‍ തൂങ്ങിമരിച്ചുകിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടി, ദൂരസ്ഥലത്ത് താമസിക്കുന്ന സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ അറിയിച്ചത് പ്രകാരം പോലീസും സമീപവാസികളും വീട്ടിലെത്തിയപ്പോള്‍ മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഈ കുട്ടിയുടെ കൈഞരമ്പ് മുറിച്ചിട്ടുണ്ട്. കൈഞരമ്പ് മുറിച്ച് മരിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തതിനെ തുടര്‍ന്നാകും തൂങ്ങിയതെന്നാണ് പോലീസ് പറയുന്നത്.