Connect with us

Articles

സമാധാനത്തിന്റെ സന്ദേശവാഹകന്‍

Published

|

Last Updated

അറബ് ലോകത്തെ സമാധാനത്തിന്റെ സന്ദേശവാഹകനായ സുൽത്താന്റെ മരണം രാജ്യത്തിന് മാത്രമല്ല പശ്ച്യമേഷ്യയിലാകെ തീർക്കുന്നത് വലിയ വിടവാണ്. ഗൾഫ്, അറബ് തലത്തിൽ മാത്രമല്ല, ആഗോള മണ്ഡലത്തിൽ വരെ ഒമാനിന് തന്റേതായ സ്ഥാനം ഉറപ്പിച്ചതിന് പിന്നിൽ സുൽത്താൻ ഖാബൂസ് ബിൻ സഈദ് രൂപപ്പെടുത്തിയ മഹത്തായ നവോത്ഥാനത്തിന് വലിയ പങ്കുണ്ട്. സമാധാനവും സഹിഷ്ണുതയും പ്രക്ഷേപണം ചെയ്ത് അന്താരാഷ്ട്ര ശക്തികൾക്കും കക്ഷികൾക്കും ഏറെ താത്പര്യമുള്ള ലോകത്തെ ഈ അതിപ്രധാന മേഖലയിൽ ഉറച്ച സ്തംഭമായി ഒമാൻ മാറിയത് അഞ്ച് പതിറ്റാണ്ടു നീണ്ട സുൽത്താന്റെ ഭരണകാലത്തായിരുന്നു.

സുൽത്താനേറ്റിലഖിലം വിവിധ പ്രദേശങ്ങളിൽ ഈ അനുഗ്രഹീത യാത്രയുടെ പ്രതിഫലനങ്ങൾ ദർശിക്കാം. വടക്ക് മുസന്ദം ഗവർണറേറ്റ് മുതൽ തെക്ക് ദോഫാർ വരെ പൗരന്മാരും പ്രവാസികളും സഞ്ചാരികളും അടക്കമുള്ള ജനസഞ്ചയം സുസ്ഥിര വികസനം ആസ്വദിക്കുന്നത് ഇതിന് തെളിവാണ്. ആധുനിക നവോത്ഥാനത്തിന്റെ ശിൽപ്പികൾ പാകിയ മൂല്യങ്ങളുടെയും മൗലിക ദർശനങ്ങളുടെയും പ്രതിഫലനമാണിത്. അനുഗ്രഹീത യാത്ര തന്നെയാണ് ദേശ നിർമാണത്തിന്റെ ചാലക ശക്തിയും.
ഒമാനി പൗരന്മാരുടെ ഉയർച്ചക്കും പുരോഗതിക്കും ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഊദ് വലിയ പ്രാധാന്യമാണ് നൽകിയത്. വിദ്യാഭ്യാസപരവും ആരോഗ്യപരവും സാമൂഹികപരവുമായ എല്ലാ മേഖലകളിലും വികസനവും പുരോഗതിയും കൊണ്ടുവരാൻ അശ്രാന്തപരിശ്രമം നടത്തി. വികസനത്തിലും മാർഗ നിർദേശത്തിലും പദ്ധതികളും ആസൂത്രണങ്ങളും ത്വരിതപ്പെടുത്താനും സുസജ്ജമായ സംഘത്തെ തന്നെ വളർത്തിക്കൊണ്ടുവന്നു. ആഗോള ഇന്ധന വിലയിലെ ചാഞ്ചല്യത്തെ തുടർന്നുള്ള പ്രത്യേക സാമ്പത്തിക പശ്ചാത്തലത്തിലും ഒമാനിലെ പൗരന്മാർക്ക് ഉന്നത വിദ്യാഭ്യാസമടക്കമുള്ള എല്ലാ പഠന, പരിശീലന അവസരങ്ങളും സാധ്യമാക്കി. വിവിധ മേഖലകളിൽ വികസനം ത്വരിതപ്പെടുത്താനുള്ള ശക്തികളാക്കി രൂപാന്തരപ്പെടുത്തി. സമത്വം, പൗരത്വം, നീതി, ക്രമസമാധാനം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയുള്ള തത്വങ്ങളുടെയും മൂല്യങ്ങളുടെയും ചുറ്റുപാടിൽ നിന്നാണ് ഇതെല്ലാം സാധ്യമാക്കിയത്.


21-ാം നൂറ്റാണ്ടിലേക്ക് ഒമാനെ പാകപ്പെടുത്തിയ രാജശിൽപ്പിയായാണ് ലോകം ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിനെ അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ചിന്തയും കർമവും സമർപ്പിച്ച അദ്ദേഹം, ചടുലമായ മാറ്റങ്ങൾ അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ നൂറ്റാണ്ടിലേക്ക് അഞ്ച് പതിറ്റാണ്ട് കൊണ്ട് രാജ്യത്തെ പാകപ്പെടുത്തി. നിരവധി പഞ്ചവത്സര പദ്ധതികളിലൂടെ ദേശീയ ലക്ഷ്യങ്ങൾ വെച്ച് ഏറെ മെയ് വഴക്കത്തോടെ അത് സാധ്യമാക്കുകയായിരുന്നു പ്രിയ സുൽത്താൻ. ആധുനിക യുഗത്തിലേക്ക് സമഗ്ര പദ്ധതികളിലൂടെ രാജ്യത്തെ ആനയിക്കുമ്പോഴും പാരമ്പര്യത്തിലും പൈതൃകത്തിലും ഒമാന്റെ ചരിത്രാസ്തിത്വത്തിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.
1970ൽ രാജ്യസിംഹാസനത്തിലെത്തിയ സുൽത്താൻ, തന്റെ നേതൃ പാടവത്തിലൂടെ ജനങ്ങളുമായി ഗാഢബന്ധം പുലർത്തി. രാഷ്ട്ര നേതാവിനും പൗരന്മാർക്കുമിടയിലെ ആ ബന്ധം സവിശേഷതകൾ നിറഞ്ഞതായിരുന്നു. രാജ്യത്തിന്റെ ദീർഘകാല വികസന കർമപദ്ധതികളിലെല്ലാം ഒമാനി പൗരന്മാർക്ക് മുൻഗണന നൽകി. എണ്ണയും വാതകവും അടങ്ങുന്ന പ്രകൃതി വിഭവങ്ങൾ മാത്രമല്ല രാജ്യത്തിന് ഐശ്വര്യം നൽകുക മറിച്ച്, സുസ്ഥിര വികസനം നേടാനുള്ള അമൂല്യ വിഭവം രാജ്യത്തെ ജനങ്ങളാണെന്ന സുൽത്താന്റെ വീക്ഷണമായിരുന്നു ഇതിന് കാരണം. തന്റെ രാജ്യത്തെ ജനങ്ങളിൽ നൂറ് ശതമാനം ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ആത്മാഭിമാനത്തോടെ ഉത്തരവാദിത്വങ്ങളും ചുമതലകളും ഉൾക്കൊണ്ട് ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ദേശീയ വികസനത്തിന്റെ വിജയകരമായ ഓരോ ഘട്ടത്തിന്റെയും ആവശ്യകതകളോട് പ്രതികരിക്കുന്ന തരത്തിലാണ് നയങ്ങളെ രൂപ്പെടുത്തിയത്. ഭാവിയെ സംബന്ധിച്ച സുവ്യക്തമായ ദർശനവും നടപ്പാക്കുന്നതിന് ആവശ്യമായ ചുവടുവെപ്പുകളും ഇതിന്റെ ഭാഗമാണ്. ഒമാനി സമൂഹത്തിന്റെ അഭിലാഷങ്ങൾക്ക് വലിയ ഇടം നൽകി ദേശീയ നയരൂപവത്കരണത്തിനായി മജ്‌ലിസ് ശൂറ പാർലിമെന്റ് സംവിധാനത്തിന് രൂപം നൽകി. ഇതിലെ അംഗങ്ങളെയെല്ലാം തീർത്തും ജനാധിപത്യ രീതിയിൽ തന്നെ തിരഞ്ഞെടുത്തു.


കൗൺസിൽ ഓഫ് ഒമാന്റെ (മജ്‌ലിസ് ഒമാൻ) രണ്ട് സമിതികൾക്കും സ്റ്റേറ്റ് കൗൺസിൽ (മജ്‌ലിസ് അൽ ദൗല), കൂടിയാലോചനാ സമിതി (മജ്‌ലിസ് അൽ ശൂറ) വിശാലമായ നിയന്ത്രണ, നിയമ നിർമാണ അധികാരം നൽകി. മനുഷ്യവിഭവശേഷി വികസനത്തിന് പ്രഥമ മുൻഗണന നൽകുന്ന രീതി തുടരുകയാണ് തന്റെ ഉദ്ദേശ്യമെന്ന് സുൽത്താൻ അടിവരയിട്ട് പറഞ്ഞിരുന്നു. ജനങ്ങളുടെ സന്തോഷം, അന്തസ്സാർന്ന ജീവിത നിലവാരം, സുരക്ഷ തുടങ്ങിയവ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്യുന്ന ഏത് വികസന പ്രക്രിയയുടെയും അടിക്കല്ല് ജനങ്ങൾ ആണ്. ഇനിയുള്ള വികസന ഘട്ടത്തിൽ യുവാക്കൾക്ക് അവരുടെ അറിവ് വികസിപ്പിക്കുന്നതിനുള്ള വലിയ അവസരങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സുൽത്താൻ അന്ന് പറഞ്ഞിരുന്നു. വികസനത്തിന്റെയും പുരോഗതിയുടെയും ഉരക്കല്ല് വിദ്യാഭ്യാസമാണ്. ഉന്നത വിജ്ഞാനം കരഗതമാക്കാനുള്ള ആഗ്രഹങ്ങളും ശേഷിയും വൈദഗ്ധ്യവുമുള്ള ഉത്തരവാദിത്വവും ബോധോദയവുമുള്ള തലമുറയെ കെട്ടിപ്പടുക്കാൻ വിദ്യാഭ്യാസം അനിവാര്യമാണ്. ഈ ആഗ്രഹങ്ങൾ പുലരാനും സർക്കാർ സ്വകാര്യ മേഖലകളിൽ ലഭ്യമായ തൊഴിലവസരങ്ങളുടെ പ്രയോജനം ലഭിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാനും രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ സമഗ്ര വിശകലനം അനിവാര്യമാണെന്നും സുൽത്താൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഒമാനി വനിതകളടക്കമുള്ള ദേശീയ ഊർജത്തെ വിജയകരമായി ചലിപ്പിക്കാനും സുൽത്താന്റെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് സാധിച്ചു. അതിനാൽ തന്നെ സുൽത്താൻ അധികാരമേറ്റ 1970 ജൂലൈ 23 എന്ന ദിനം വലിയ പങ്കും പ്രത്യേകതയുമാണ് ഓരോ പൗരന്റെയും ജീവിതത്തിന് നൽകുന്നത്. സമൂഹത്തിനും രാജ്യത്തിനും ഒമാന്റെ ആധുനിക ചരിത്രത്തിനും വലിയ പ്രത്യേകതകൾക്കാണ് തുടർന്നുള്ള കാലങ്ങള്‍ സാക്ഷിയായത്. നിലവിലെ രാജ്യത്തിന്റെ സ്ഥാനം കഴിഞ്ഞ 49 വർഷമായുള്ള സുൽത്താന്റെ നിരന്തര അധ്വാനത്തിന്റെ ഫലമാണ്. അതിനാൽ തന്നെ സുൽത്താന്റെ പാദമുദ്രകൾ പിന്തുടർന്ന് ദേശ നിർമാണത്തിന്റെ വഴികളിൽ സത്യസന്ധമായും വിധേയത്വത്തോടെയും സമർപ്പിതമായും പങ്കെടുക്കാൻ ഓരോ പൗരനും തയ്യാറാകുന്നു.പൗര, സൈനിക, സാങ്കേതിക, വികസന മേഖലകളിലെല്ലാം അഭൂതപൂർവ നേട്ടങ്ങളാണുണ്ടായത്. കഴിഞ്ഞ ജനുവരി അഞ്ചിന് മന്ത്രിസഭാ യോഗത്തിന് അധ്യക്ഷത വഹിക്കുമ്പോൾ സുൽത്താൻ ഇക്കാര്യത്തിൽ സന്തുഷ്ടിയും തൃപ്തിയും സന്തോഷവും പ്രകടിപ്പിച്ചിരുന്നു. പൗരന്മാർക്കുള്ള അടിസ്ഥാന സാമൂഹിക സേവനങ്ങളുടെ തോത് വളർത്തിയും പരിപാലിച്ചും സമഗ്ര വികസനത്തിന് എല്ലാ ദേശീയ സ്ഥാപനങ്ങളും ശ്രമിക്കും. വരുമാന സ്രോതസ്സ് വൈവിധ്യവത്കരിച്ചും മൊത്തം വരുമാനത്തിൽ എണ്ണയിതര വിഭാഗത്തിന്റെ സംഭാവന വർധിപ്പിച്ചുമാണ് ഇതെല്ലാം നേടുക. അതിനും കൂട്ടായ ശ്രമം ആവശ്യമാണ്.

അടുത്ത വർഷം അവസാനിക്കുന്ന ഒമാൻ 2020 ദർശനം വിശകലനം ചെയ്ത് അതിലെ പാഠങ്ങളും ഫലങ്ങളും ഉൾക്കൊണ്ട് ഒമാൻ 2040 ഭാവി ദർശനം തയ്യാറാക്കണം. 2021ലാണ് ഒമാൻ 2040 ആരംഭിക്കുക. മാത്രമല്ല പത്താം പഞ്ചവത്സര വികസന പദ്ധതി (2021-25)യും ഇക്കാലയളവിലാണ്. കഴിഞ്ഞ ജനുവരി 27, 28 തീയതികളിൽ നടന്ന ഭാവി ദർശനത്തിനുള്ള ദേശീയ സമ്മേളനത്തിൽ പ്രത്യേകിച്ച് യുവജനതയടക്കമുള്ള ഒമാനി സമൂഹത്തിന്റെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. ഒമാൻ 2040 ദർശനം തയ്യാറാക്കാനുള്ള ആശയ സമാഹരണം ലക്ഷ്യമിട്ടായിരുന്നു ഇത്.


സുപ്രീം കമാൻഡറായ സുൽത്താൻ സൈനിക സുരക്ഷാ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയും സ്ഥിരതയും വികസനത്തിനും ക്ഷേമ രാഷ്ട്ര നിർമാണത്തിനും അത്യന്താപേക്ഷിതമാണ്. വിവിധ അന്താരാഷ്ട്ര സൂചികകളിൽ സമാധാനവും സുരക്ഷയും സ്ഥിരതയുമുള്ള രാജ്യങ്ങളിൽ ഒന്നാമതാണ് ഒമാൻ. ഏറെ പ്രശംസ ലഭിച്ചതാണ് സുൽത്താനേറ്റിന്റെ വിദേശ നയം. സഹോദര സുഹൃത്ത് രാജ്യങ്ങളുമായി ഇഴയടുപ്പവും ബന്ധവും കാത്തുസൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധമാണ് സുൽത്താനേറ്റ്. അതുകൊണ്ടാണ് അയൽ രാജ്യങ്ങളിലടക്കം നയതന്ത്ര അരക്ഷിതാവസ്ഥകൾ സംജാതമാകുമ്പോൾ ലോകം ഒമാന്റെ സഹായം തേടുന്നതും രമ്യമായി പരിഹരിക്കാൻ സാധിക്കുന്നതും. അമേരിക്ക- ഇറാൻ ആണവ കരാർ രൂപപ്പെടുത്തിയത്, ഫലസ്തീനിൽ പുതിയ നയതന്ത്ര കാര്യാലയം തുറന്നത്, ഇംഗ്ലണ്ടും അയർലാൻഡും സുൽത്താനേറ്റും സംയുക്ത പ്രതിരോധ കരാറിൽ ഏർപ്പെട്ടത്, ഇന്ത്യ, ചൈന തുടങ്ങിയ രാഷ്ട്രങ്ങളുമായുള്ള കരാർ തുടങ്ങിയവയൊക്കെ ശക്തമായ വിദേശ ബന്ധത്തെയും നയത്തെയുമാണ് കാണിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരേ മനസ്സോടെ രാജ്യ മുന്നേറ്റം നടത്തി ഭരണം നടത്തി വിജയിച്ച ലോകത്തിലെ ചുരുക്കം ചില ഭരണാധികാരികളിൽ ഒരാളാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ്. ഒമാൻ ജനതക്ക് അവരുടെ അത്താണിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സുൽത്താൻ ഖാബൂസ് ഇല്ലാത്ത ഒമാന് ഇനിയുമിനിയുമുയരങ്ങൾ താണ്ടാൻ കഴിയട്ടെയെന്ന് മലയാളത്തിന്റെ പ്രാർഥനകൾ.

Latest