Connect with us

Gulf

അബൂദബി സുസ്ഥിരതാ വാരത്തിന് ജനുവരി 11 ന് തുടക്കമാകും

Published

|

Last Updated

അബൂദബി | അബൂദബി സുസ്ഥിര വാരാചരണത്തിന് ജനുവരി 11 ശനിയാഴ്ച തുടക്കമാവും. യു എ ഇയുടെ അടുത്ത അന്‍പത് വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തങ്ങളെക്കുറിച്ചാണ് വാരാചരണത്തില്‍ ചര്‍ച്ച നടക്കുക. ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും സൗരോര്‍ജ പാര്‍ക്കിന്റെ മൂന്നാം ഘട്ട പദ്ധതി വിലയിരുത്തും. ലോകം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഭാഗമായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുമാണ്. വരും തലമുറക്ക് സുഖകരമായി വസിക്കാനുള്ള ഇടമായി ഭൂമിയെ നിലനിര്‍ത്തുന്നതിനുള്ള സുസ്ഥിരതയിലൂന്നിയ വികസന പ്രവര്‍ത്തനങ്ങള്‍ വിവിധ സെഷനുകളില്‍ ചര്‍ച്ചയാകും.

കാലാവാസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള നൂതന ആശയങ്ങള്‍, സംരംഭങ്ങള്‍ എന്നിവയെക്കുറിച്ച് യുവ സംരംഭകര്‍ വിഷയാവതരണം നടത്തും. സുസ്ഥിര ഭാവിയിലേക്കുള്ള വലിയ ശ്രമങ്ങളാണ് ഇവിടെ നടക്കുകയെന്ന് യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി പറഞ്ഞു. അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സുസ്ഥിരതാ വാരാചരണത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള 175 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍, നയതന്ത്രജ്ഞര്‍, വ്യവയസായ പ്രമുഖര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സുസ്ഥിര വികസനത്തിനായി ഐക്യരാഷ്ട്ര സഭയേര്‍പ്പെടുത്തിയ 2030 പദ്ധതിയുടെ ഭാഗമായി 380 ലക്ഷം തൊഴിലുകളാണ് ലോകത്ത് സൃഷ്ടിക്കപ്പെടുക. 12.4 ലക്ഷം തൊഴില്‍ സാധ്യതയാണ് മിഡിലീസ്റ്റ് ആഫ്രിക്ക മേഖലയിലുണ്ടാവുക. ഇതേക്കുറിച്ചും വാരാചരണം ചര്‍ച്ച ചെയ്യും. സുസ്ഥിരതയിലൂന്നിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗമാണ് യു എ ഇ അവലംബിച്ചു വരുന്നത്. സുസ്ഥിര വാരാചരണത്തില്‍ ഓരോ വര്‍ഷവും പങ്കാളിത്തം വര്‍ധിക്കുന്നത് ലോകത്തിന്റെ മാറുന്ന ചുവടുവെപ്പാണ് വ്യക്തമാക്കുന്നത്. 178 രാജ്യങ്ങളില്‍ നിന്നുള്ള 36,000 പ്രതിനിധികളാണ് 2019 ല്‍ സുസ്ഥിരതാ വാരാചരണത്തിന്റെ ഭാഗമായത്.

പ്രധാന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് അബൂദബി സുസ്ഥിരതാ വാചാരണം നിരവധി തന്ത്രപരമായ അന്താരാഷ്ട്ര വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മസ്ദറിലെ അബൂദബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനി സി ഇ ഒ. മുഹമ്മദ് ജമീല്‍ അല്‍ റമാഹി ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. സുസ്ഥിരതാ വാരം ജനുവരി 18 ന് അവസാനിക്കും.

 

Latest