Connect with us

International

മിസൈല്‍ ആക്രമണം; 80 യു എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

Published

|

Last Updated

ബഗ്ദാദ് | യുഎസ് സേനയുടെ ഇറാഖിലെ അല്‍ അസദ് , ഇര്‍ബില്‍ വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈല്‍
ആക്രമണ പരമ്പര.ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ . ഇറാന്‍ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ 30 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുവെന്നും ഇവയിലൊന്നുപോലും പ്രതിരോധിക്കാന്‍ അമേരിക്കക്ക് ആയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.200 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അതേ സമയം ഇക്കാര്യത്തില്‍ അമേരിക്ക പ്രതികരിച്ചിട്ടില്ല

.

കഴിഞ്ഞ വെള്ളിയാഴ്ച ബഗ്ദാദില്‍ യുഎസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം. സുലൈമാനിയുടെ കൊലപാതകത്തിലുള്ള പ്രതികരണമാണ് ആക്രമണമെന്ന് ഇറാന്‍ റെവല്യൂഷനറി സേന വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണം പെന്റഗണ്‍ സ്ഥിരീകരിച്ചു. അല്‍ അസദിന് പുറമെ ഇര്‍ബിലിലെ വ്യോമതാവളത്തിലും ആക്രമണം നടന്നതായി പെന്റഗണ്‍ പറഞ്ഞു. വൈറ്റ് ഹൗസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് റോയിട്ടര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാഖില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ നാറ്റോ തീരുമാനിച്ചിരുന്നു. പിന്‍വലിക്കല്‍ താല്‍ക്കാലികമാണെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും നാറ്റോ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. 500 ഇന്‍സ്ട്രക്ടര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഇറാഖിലെ പരിശീലന ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും നാറ്റോ അറിയിച്ചിരുന്നു.

ക്രിസ്മസ്സിന് ശേഷം സൈനികരെ സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018 ഡിസംബറില്‍ താവളം സന്ദര്‍ശിച്ചിരുന്നു. ഉപരാഷ്ട്രപതി മൈക്ക് പെന്‍സും 2019 നവംബറില്‍ താവളം സന്ദര്‍ശിച്ചു.

---- facebook comment plugin here -----

Latest