Connect with us

Articles

അവകാശങ്ങളില്‍ അള്ള് വെക്കുന്നതാര്?

Published

|

Last Updated

രാജ്യത്തെ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ യഥാര്‍ഥത്തില്‍ ഭരണഘടനാപരമായ അവകാശങ്ങളില്‍ നിന്ന് ഉടലെടുത്തിട്ടുള്ളത് തന്നെയാണ്. ഭരണഘടനയിലെ അധ്യായം മൂന്നിലെ മൗലിക അവകാശങ്ങളാണ് തൊഴില്‍ നിയമങ്ങളുടെ അടിത്തറ. തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ രാഷ്ട്രത്തോട് പ്രതിബദ്ധതയുള്ള ഒരു ഭരണാധികാരിക്കും കഴിയുകയില്ല.
ത്യാഗപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് രാജ്യത്തെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഓരോന്നായി മോദി സര്‍ക്കാര്‍ കവര്‍ന്നെടുത്തു കൊണ്ടിരിക്കുകയാണ്. നിലവിലുള്ള 44 തൊഴില്‍ നിയമങ്ങളിലും തൊഴിലാളി വിരുദ്ധമായ ഭേദഗതികള്‍ വരുത്തി നാല് കോഡുകളാക്കി മാറ്റുന്നതിനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

വേജ്‌കോഡ്, വ്യവസായബന്ധ നിയമം, സാമൂഹിക സുരക്ഷയും ക്ഷേമവും സംബന്ധിച്ച കോഡ്, തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സാഹചര്യവും സംബന്ധിച്ച നിയമം എന്നിവയാണ് ഈ നാല് കോഡുകള്‍. ഈ കോഡുകളില്‍ വേതനവും സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട കോഡുകള്‍ നേരത്തേ തന്നെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയിരുന്നു. വ്യവസായബന്ധ കോഡാണ് തൊഴില്‍ മന്ത്രി ഒടുവില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ബില്‍ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഒരു വ്യവസ്ഥയും ഈ ബില്ലിലില്ലെന്ന് ബില്ലവതരിപ്പിച്ചുകൊണ്ട് തൊഴില്‍ മന്ത്രി പറഞ്ഞിരുന്നു. തൊഴിലാളികള്‍ക്ക് നിശ്ചിത തൊഴില്‍ ദിനങ്ങള്‍ മാത്രം ശിപാര്‍ശ ചെയ്യുന്ന ഈ കോഡ് സ്ഥിരം ജോലി എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാക്കുന്നതാണ്. തൊഴില്‍- സാമൂഹിക സുരക്ഷാകോഡ് നിലവില്‍ പാര്‍ലിമെന്ററി സമിതിയുടെ പരിഗണനയിലാണ്.

രാജ്യത്തെ തൊഴിലാളികളുടെ നാനാവിധമായ ക്ഷേമം ലാക്കാക്കിയാണ് രാജ്യത്ത് തൊഴില്‍ നിയമങ്ങള്‍ പാസ്സാക്കിയിട്ടുള്ളത്.

എന്നാല്‍ ഈ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ എല്ലാം തന്നെ പുതിയ ഭേദഗതികളോടു കൂടി ഇല്ലാതായിരിക്കുകയാണ്. ഇതിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തെ ജനകോടികളുടെ ജനാധിപത്യ അവകാശങ്ങളും ജീവിത മാര്‍ഗങ്ങളും നശിപ്പിക്കുകയും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തിരിക്കുകയാണ്.
വേജ് കോഡ് ബില്‍ പാസ്സാക്കിയതിലും ഹെല്‍ത്ത്, സുരക്ഷ, തൊഴില്‍ വ്യവസ്ഥാ ബില്‍ അവതരിപ്പിച്ചതിലും വിവരാവകാശ നിയമത്തില്‍ ഏര്‍പ്പെടുത്തിയ ഭേദഗതികളിലും യു എ പി എ നിയമ ഭേദഗതി, ഭരണഘടനയുടെ 370ാം വകുപ്പും 35(എ) വകുപ്പും റദ്ദ് ചെയ്തതിലും പുതിയ ദേശീയ പൗരത്വ നിയമം പാസ്സാക്കിയെടുത്തതിലും എല്ലാം ഹീനമായ ലക്ഷ്യങ്ങളാണ് മോദി സര്‍ക്കാറിനുള്ളത്. ഭീതിജനകമാം വിധം ഉയരുന്ന തൊഴിലില്ലായ്മയും എല്ലാ മേഖലകളിലെയും തൊഴില്‍ നഷ്ടവും ജി ഡി പി നിരക്കിലെ ഇടിവും ധനികര്‍ക്കും ദരിദ്രര്‍ക്കും ഇടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അസമത്വവുമെല്ലാം ദേശീയ സമ്പദ് ഘടന ചെന്നുപെട്ടിരിക്കുന്ന ഏറ്റവും ഗുരുതരമായ മാന്ദ്യത്തിന്റെ ലക്ഷണം തന്നെയാണ്.

ഏതായാലും, തൊഴിലാളി വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നുള്ളതിനോടൊപ്പം തന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കുക, റയില്‍വേ സ്വകാര്യവത്കരണ നീക്കം അവസാനിപ്പിക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക, പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാതിരിക്കുക, തൊഴിലെടുക്കുന്നവര്‍ക്കെല്ലാം മിനിമം പെന്‍ഷന്‍ നല്‍കുക, വിലക്കയറ്റം തടയുക, തൊഴിലവസരം വര്‍ധിപ്പിക്കുക, ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി ബില്‍ പിന്‍വലിക്കുക തുടങ്ങിയ ജീവല്‍പ്രധാനങ്ങളായ ജനകീയ ആവശ്യങ്ങള്‍ നാം ഉയര്‍ത്തിപ്പിടിച്ചേ മതിയാകൂ.

(ലേഖകന്റെ ഫോണ്‍ : 9847132428)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest