ആ സൈറൻ നിലക്കുമ്പോൾ…

142 വർഷങ്ങൾക്ക് മുൻപ്, 1878ൽ ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച കേരളത്തിലെ ആദ്യ ഓട്ടുകമ്പനിക്കും താഴ് വീഴുകയാണ്. ഇതോടെ മാഞ്ഞുപോകുന്നത് വ്യവസായ ചരിത്രത്തിന്റെ ഒരു യുഗമാണ്. കേരളത്തിലെ ഓട്ടുകമ്പനികളുടെ ചരിത്രത്തിലെ ആദ്യ ഏടിനാണ് കഴിഞ്ഞ ആഴ്ച വിരാമമിട്ടത്.
Posted on: January 7, 2020 4:02 pm | Last updated: January 7, 2020 at 4:02 pm


ഓടുകൾ കയറ്റി ബേപ്പൂർ തുറമുഖത്തേക്ക് പോകുന്ന വള്ളങ്ങളുടെ നിരനിരയായുള്ള ചാലിയാറിലെ കാഴ്ച അതിമനോഹരമായിരുന്നു. ഉരുവിലും ബാർജുകളിലുമായി വിദേശ രാജ്യങ്ങളിലേക്കായിരുന്നു ആ ഓടുകൾ എത്തിയിരുന്നത്. അന്നത്തെ ഗതകാല സ്മരണകൾ ചാലിയാറും തീരവും ഇന്നും അയവിറക്കുകയാണ്.
ഓടു വ്യവസായത്തിന്റെ ഈറ്റില്ലമെന്നാണ് ഫറോക്ക് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് തകരുന്ന വ്യവസായത്തിന്റെ കഥയാണ് തൊഴിലാളികൾക്ക് പറയാനുള്ളത്. ഒപ്പം പ്രതാപകാലത്തെ കുറിച്ചുള്ള മധുരമുള്ള ഓർമകളും. ഓട് വ്യവസായം തകരുന്നതോടെ ഒരു സംസ്‌കാരം തന്നെയാണ് അസ്തമയത്തി ലേക്ക് മറയുന്നത്.
ഇതാ ഇപ്പോൾ കേരളത്തിലെ ആദ്യ ഓട്ടുകമ്പനിക്കും താഴ് വീഴുകയാണ്. ഇതോടെ മാഞ്ഞുപോകുന്നത് വ്യവസായ ചരിത്രത്തിന്റെ ഒരു യുഗമാണ്. കേരളത്തിലെ ഓട്ടുകമ്പനികളുടെ ചരിത്രത്തിലെ ആദ്യ ഏടിനാണ് കഴിഞ്ഞ ആഴ്ച ( 2019 ഡിസംബർ 24) പൂട്ടുവീണത്. 142 വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 1878ൽ ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ചതാണ് കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് ടൈൽ കമ്പനി. ഏറെക്കാലമായി മേഖലയിൽ ഫറോക്ക് മേഖലയിലെ പന്ത്രണ്ട് സ്വകാര്യ കമ്പനികളും അടച്ചുപൂട്ടി. അതിൽ ഏറ്റവും അവസാനം പൂട്ടിയത് 1878 കേരളത്തിലെ ആദ്യത്തെ ഓട്ടുകമ്പനിയായ കാലിക്കറ്റ് ഒട്ടു കമ്പനിയാണ്. 1982 ൽ ഇരുന്നൂറ്റി അമ്പത് തൊഴിലാളികളും ഇരുപത്തിയത്തഞ്ച് ഓഫീസ് സ്റ്റാഫുകളും ഈ കമ്പനിയിൽ ഉണ്ടായിരുന്നു. കമ്പനി അടച്ചു പൂട്ടുന്നതിന്റെ മുന്നോടിയായി തൊഴിലാളികൾക്കായി നൽകിയ നോട്ടീസിൽ അസംസ്‌കൃത വസ്തുവായ കളിമണ്ണ് ലഭ്യമാകുന്ന മുറക്ക് കമ്പനി തുറക്കുമെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യം വിദൂരതയിൽ തന്നെയാണ്.
കളിമണ്ണിന്റെ ലഭ്യതക്കുറവ് മാത്രമല്ല, വിദേശ ഓടുകളുടെ വരവും പരമ്പരാഗത ഓട് വ്യവസായത്തിന് മരണമണി മുഴക്കി. വർഷത്തിൽ അറുപത് ലക്ഷത്തോളം ഓടുകളാണ് ആദ്യകാലങ്ങളിൽ ഉത്പാദിപ്പിച്ചിരുന്നതെങ്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതിന്റെ പത്തിലൊന്ന് പോലുമില്ല.


പെരുവഴിയിലായി
നിരവധി കുടുംബങ്ങൾ

കഴിഞ്ഞ ഡിസംബർ 24ന് പതിവുപോലെ കാലിക്കറ്റ് ടൈൽ കമ്പനിയിലെത്തിയ തൊഴിലാളികളുടെ ശ്രദ്ധയിലേക്കായി ഗേറ്റിൽ തന്നെ വലിയൊരു നോട്ടീസ് പതിപ്പിച്ചിരുന്നു. കമ്പനി ലോക്കൗട്ട് ഉത്പാദനം തത്കാലം നിർത്തിവെക്കുന്നുവെന്ന്. 141 വർഷം പഴക്കമുള്ള കമ്പനി ഇനിമുതൽ തുറന്നുപ്രവർത്തിക്കില്ലെന്ന് കാട്ടി കാലിക്കറ്റ് ഓട്ടുകമ്പനി മാനേജ്‌മെന്റ് തൊഴിലാളി യൂനിയനുകൾക്ക് നോട്ടീസ് നൽകിയതോടെ ഈ കമ്പനിയെ മാത്രം ആശ്രയിച്ചുകഴിയുന്ന 185 കുടുംബങ്ങളാണ് പട്ടിണിയിലേക്ക് നീങ്ങുന്നത്. രണ്ട് മാസത്തോളമായി വേതനം പോലും കിട്ടാതെ പണിയെടുത്ത തൊഴിലാളികൾക്ക് മുൻപിൽ ഇരുട്ടടിയായിരുന്നു കമ്പനിയുടെ പെട്ടെന്നുള്ള ഈ അറിയിപ്പ്.

ആവശ്യത്തിന് കളിമണ്ണ് ലഭ്യമല്ലാത്തതിനാൽ കമ്പനി അടച്ചുപൂട്ടുന്നുവെന്ന് കാട്ടി മാനേജ്‌മെന്റ് പതിപ്പിച്ച നോട്ടീസ് കണ്ട് നെടുവീർപ്പിടാനേ തൊഴിലാളികൾക്കാകുന്നുള്ളൂ. മുപ്പത് വർഷത്തിലേറെ അനുഭവ പരിചയമുള്ളവർ ഇവിടെ ജോലി ചെയ്യുന്നു. ഇവരടക്കമുള്ളവർക്ക് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം കിട്ടിയിട്ടില്ല. കമ്പനി പൂട്ടുമെന്ന അറിയിപ്പ് വന്നതോടെ കടം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടാകുകയും അസംസ്‌കൃത വസ്തുക്കൾ ലഭിക്കുകയും ചെയ്താൽ കമ്പനി വീണ്ടും തുറക്കാമെന്ന് മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും തൊഴിലാളികൾ ആശങ്കയിലാണ്.
കരകയറാനാകാതെ ഓട് വ്യവസായം
ഫറോക്ക് മേഖലയിലെ മാത്രമല്ല പലയിടങ്ങളിലെയും ഓട്ടുകമ്പനികൾ നിലനിൽപ്പിനായി പൊരുതുകയാണ്. പലതിലും താഴ് വീണുകൊണ്ടിരിക്കുന്നു. സർക്കാർ ഇടപെടലിൽ ഖനനത്തിനുള്ള ചട്ടങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് കളിമണ്ണ് കിട്ടിത്തുടങ്ങിയതോടെ ഓട്ടുകമ്പനികൾ ഉണരുമെന്ന പ്രതീക്ഷയിലായിരുന്നു ഈ മേഖല. അഞ്ച് വർഷത്തിനുശേഷം ആദ്യമായി കളിമണ്ണ് നിയമാനുസരണം ലഭിച്ചുതുടങ്ങിയതോടെയാണ് ഓട് വ്യവസായ മേഖല മെല്ലെയുണർന്നത്. ഒരോ കമ്പനിയും ഇപ്പോൾ തകർച്ചയിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. കിട്ടിയ മണ്ണ് ഉപയോഗപ്പെടുത്തി ഉത്പാദനം മുന്നോട്ടുകൊണ്ടുപോകാനാണ് നിലവിൽ മേഖലയിൽ ഭാഗികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിരലിലെണ്ണാവുന്ന കമ്പനികളുടെ തീരുമാനം. കളിമണ്ണില്ലാതെ കഴിഞ്ഞ അഞ്ച് വർഷത്തോളമായി സംസ്ഥാനത്തെ ഓട്, ഇഷ്ടിക കമ്പനികളിലേറെയും അടച്ചുപൂട്ടിയിരുന്നു. ആയിരക്കണക്കിന് കമ്പനി തൊഴിലാളികളും അനുബന്ധ ജോലിക്കാരും അതോടെ തൊഴിൽരഹിതരായി. ഈ മേഖലയിൽ അവശേഷിച്ച ചുരുക്കം കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി.

ഓട് വ്യവസായത്തിന്റെ സിരാകേന്ദ്രമായി അറിയപ്പെട്ട ഫറോക്ക് ചെറുവണ്ണൂർ മേഖലയിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ പന്ത്രണ്ടോളം പ്രധാന ഓട്ടുകമ്പനികൾക്ക് പൂട്ടുവീണു. അടച്ചുപൂട്ടലിന് എല്ലാ കമ്പനികളും കാരണം പറഞ്ഞത് മുഖ്യ അസംസ്‌കൃത വസ്തുവായ കളിമണ്ണില്ലെന്നാണ്. മണ്ണ് കിട്ടിയപ്പോൾ തുറന്നത് ഒരേയൊരു കമ്പനിയും. ഈ വ്യവസായ മേഖലയുടെ സർവനാശം ഒഴിവാക്കുന്നതിനാണ് സർക്കാർ കളിമണ്ണ് ഖനനാനുമതിക്കായുള്ള നിയമം ലഘൂകരിച്ചത്. ഇത് ഓട് വ്യവസായ മേഖലയിൽ പുതിയ പ്രതീക്ഷയുണർത്തിയിട്ടുണ്ട്. അതേസമയം, കളിമണ്ണ് ലഭിക്കാൻ അവസരമുണ്ടായിട്ടും അടച്ചു പൂട്ടിയ ചില കമ്പനികൾ ഇനി തുറക്കേണ്ടതില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച മട്ടാണ്.

കിതപ്പിന്റെ തുടക്കം

1995 മുതലാണ് ഓട് വ്യവസായം കിതപ്പിന്റെ പാതയിലേക്ക് നീങ്ങുന്നത്. പ്രത്യേകിച്ചും ഫറോക്കിലേത്. ഇക്കാലത്താണ് കളിമണ്ണിന്റെ ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്. ഓടുമേഞ്ഞ വിട്ടുകൾ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് വഴിമാറി. അതിനിടയിലേക്ക് ചൈനീസ് ഓടിന്റെ ഇറക്കുമതിയോടെ വിപണിയിൽ ചൈനീസ് കടന്നുകയറ്റം തന്നെയായി. ഇതോടെ മേഖലയിലെ സ്വകാര്യ കമ്പനികൾ കൺപൂട്ടാൻ തുടങ്ങി. കേരളത്തിൽ ഏറ്റവും കൂടുതൽ ചൈനീസ് ഓടുകൾ ഇറക്കുമതി ചെയ്യുന്ന ഖ്യാതിയും കൊച്ചി തുറമുഖത്തിനായി മാറി. ഇതോടെ കയറ്റുമതിയും നിലച്ചു.
2005 മുതൽ വീണ്ടും ഓട് മേഖല മെല്ലെ പച്ചപ്പണിഞ്ഞു. ചെരിഞ്ഞ വാർപ്പ് വീടുകൾ വന്നതോടെ വിടിനു മുകളിൽ ഓട് പാകുന്ന രീതി വന്നു. ഇതോടെ വീണ്ടും വിപണി സജീവമായി. എന്നാൽ, അതിനിടെ കുറെ കമ്പനികൾ മിഴി പൂട്ടിയിരുന്നു. കളിമണ്ണ് ഖനനത്തിനു കടുത്ത നിയന്ത്രണവും നോട്ട് നിരോധനവും കൂടി വന്നതോടെ അവശേഷിച്ച കമ്പനികളും അടച്ചു പൂട്ടി. ജി എസ് ടി അഞ്ച് ശതമാനമാണെങ്കിലും ചൈനീസ് ഇറക്കുമതി ഓടും ഇതേ ഗണത്തിൽ പെട്ടതും തിരിച്ചടിയായി. ഇറക്കുമതി ഓടിന്റെ വിലയിലെ കുറവും നിലനിൽപ്പുതന്നെ കൂടുതൽ പ്രശ്‌നത്തിലായി.

ഉടമകൾക്കും പറയാനേറെ

കളിമണ്ണിനെ ആശ്രയിച്ച് നിൽക്കുന്ന ഒരു വ്യവസായമാണ് ഓട് വ്യവസായം. പൊതുവേ കളിമണ്ണ് കിട്ടാത്തതിന്റെ പ്രതിസന്ധി നേരിടുന്ന ഓട് വ്യവസായത്തിന് വൻ തിരിച്ചടിയാണ് ചൈനീസ് ഓടിന്റെ കടന്നുകയറ്റമെന്നാണ് കാലിക്കറ്റ് ഓട് കമ്പനി അധികൃതർ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം നൂറ് കോടിയുടെ ചൈനീസ് ഓടുകളാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഇതിൽ എൺപത് ശതമാനവും കൊച്ചി തുറമുഖം വഴിയാണ് എത്തുന്നത്. ചൈനീസ് സറാമിക് ഓടുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടൽ കൂടിയേ തീരൂ. അല്ലെങ്കിൽ അവശേഷിക്കുന്ന ഓട്ടുകമ്പനികൾ കൂടി പൂട്ടേണ്ടി വരുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ഇടപെടൽ കാത്ത്

ഓടുവ്യവസായത്തിന്റെ നല്ല കാലത്തിനായി സർക്കാറിന്റെ കരുതലുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് തൊഴിലാളികൾ ഇന്നുമുള്ളത്. ഈ വ്യവസായ മേഖലയെ ഇനി പിടിച്ച് എഴുന്നേൽപ്പിക്കാൻ സർക്കാറിനു മാത്രമേ കഴിയൂ എന്ന് ഈ മേഖലയിലെ ഏക സ്വരം. അസംസ്‌കൃത വസ്തുവായ കളിമണ്ണ് ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടൽ സർക്കാർ തലത്തിൽ നിന്നു തന്നെ വേണം. ഇറക്കുമതി ഓടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി പരമ്പരാഗത ഓട് വ്യവസായത്തെ സംരക്ഷിക്കണമെന്നും സർക്കാർ അനുബന്ധ സ്ഥാപനങ്ങളിൽ ഓടിലധിഷ്ഠിതമായ ഉത്പന്നങ്ങൾ ഉപയോഗപ്പെടുത്തിയാൽ ഒരു പരിധി വരെ വ്യവസായത്തെ പിടിച്ചുനിർത്താനാകുമെന്ന പ്രതീക്ഷയാണ് അവർ പങ്ക് വെക്കുന്നത്.

നേരത്തേ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ഓട്ടുകമ്പനികൾക്ക് കളിമണ്ണ് ഖനനത്തിന് പ്രത്യേക അനുമതി നൽകിയിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകാത്ത വിധം മണ്ണെടുക്കണമെന്നും അതിനു ശേഷം മണ്ണെടുത്ത ആളുകൾ തന്നെ റീഫില്ലിംഗ് ചെയ്യണമെന്നും വ്യവസ്ഥയുണ്ടാക്കിയിരുന്നു. സർക്കാറിന്റെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി കളിമണ്ണ് ലഭിച്ചതിന്റെ ഏറ്റവും വലിയ നേട്ടമുണ്ടായത് ഫറോക്ക് ചെറുവണ്ണൂർ കാലിക്കറ്റ് ടൈൽ ഫാക്ടറിക്കും ഇവിടുത്തെ 185 ലേറെ തൊഴിലാളികൾക്കുമാണ്. കളിമണ്ണ് ഖനനം സാധിക്കാതെ നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ കുരുക്കിലകപ്പെട്ട് ഓട്ടുകമ്പനികളേറെയും അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റഗുലേഷൻ) ആക്ടിൽ 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങളിലെ നാലാം ചട്ടത്തിലെ രണ്ടാം ഉപവകുപ്പ് നീക്കി ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഖനനത്തിനാവശ്യമായ ഇളവ് നൽകി.

സാങ്കേതികതയുടെ പേരിൽ സംസ്ഥാനതലത്തിലുണ്ടായ കാലതാമസം കാരണം മണ്ണ് കിട്ടാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവന്നിരുന്നു. എങ്കിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനികൾക്ക് ഏറെക്കുറെ പ്രതിസന്ധി പരിഹരിക്കാമെന്ന ആശ്വാസത്തിലായപ്പോഴേക്കും പ്രതിരോധമായി ജി എസ് ടി യും എത്തുകയായിരുന്നു. എന്നാൽ, ഇവ സംഘടിപ്പിക്കാനുള്ള കാലതാമസവും ഉത്പാദനച്ചെലവ് കൂടിയത് റീഫില്ലിംഗ് പോലുള്ളവ കമ്പനികൾക്ക് അധിക ഭാരമായെന്നും സംരംഭകർ പറയുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുകളും നടപടികളും വേണമെന്നാണ് കാലിക്കറ്റ് ടൈൽ ജനറൽ മാനേജർ ഉൾപ്പെടെയുള്ളവർ പറയുന്നത്. പരമ്പരാഗത തൊഴിൽ മേഖലകൾ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾക്ക് സർക്കാർ മുൻകൈ യെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പി കൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലാണ് ഫറോക്കിലെ ഓട്ടുകമ്പനികളിൽ ആദ്യത്തെ തൊഴിലാളി യൂനിയൻ സ്ഥാപിതമാകുന്നത്. സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി, ബി എം എസ് തുടങ്ങിയ ട്രേഡ് യൂനിയനുകളാണ് ഓട്ടുകമ്പനി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി നിലവിൽ പ്രവർത്തിച്ചു വരുന്നത്. പാർട്ടിയുടെ വളർച്ചക്കും സംഘടന എന്ന നിലയിലുള്ള ദൃഢതക്കും മഹത്തായ സംഭാവനയാണ് ഈ തൊഴിലാളിവർഗം ഇന്നോളം ചെയ്തത്. ആ നിലക്ക് ഓട്ടുകമ്പനികൾ മലബാറിന്റെ ചരിത്രത്തിലും രേഖപ്പെടുത്തപ്പെട്ടവയാണ്. പരിസ്ഥിതി നാശവും മലിനീകരണവും കുറഞ്ഞ പരമ്പരാഗത മാർഗങ്ങളെന്ന നിലയിലും ഇത്തരം തൊഴിൽ മേഖലകളെ നിലനിർത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. ഇത്രയും പഴക്കംചെന്ന ഈ ഓട്ടുകന്പനിയും അടച്ചുപൂട്ടൂന്പോൾ വിസ്മൃതിയിലാണ്ടുപോകുന്നത് ഒരു ചരിത്രം കൂടിയാണ്.