Connect with us

Editorial

സ്ത്രീകളുടേതു കൂടിയായോ ഇപ്പോള്‍ പൊതു ഇടങ്ങള്‍?

Published

|

Last Updated

പൊതു ഇടം രാത്രികളില്‍ തങ്ങളുടേതു കൂടിയാണെന്നു ഉറക്കെ പ്രഖ്യാപിച്ച് നിര്‍ഭയ ദിനമായ ഡിസംബര്‍ 29ന് സംസ്ഥാനത്തുടനീളം വനിതകള്‍ രാത്രിനടത്തം സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാത്രി 11നും ഒരു മണിക്കുമിടയിലായി നടത്തിയ പരിപാടിയില്‍ മികച്ച വനിതാ പങ്കാളിത്തം ലഭിച്ചതായും സംസ്ഥാനത്ത് 250ഓളം പ്രദേശങ്ങളിലായി എണ്ണായിരത്തോളം വനിതകള്‍ പങ്കെടുത്തതായും സംഘാടകര്‍ അറിയിച്ചു. മെഴുകുതിരി കത്തിച്ചു സധൈര്യം മുന്നോട്ട് എന്ന പ്രതിജ്ഞ ചൊല്ലിയാണത്രെ നടത്തം കഴിഞ്ഞു സ്ത്രീകള്‍ പിരിഞ്ഞത്.
ഈ പരിപാടി വഴി രാത്രി സുരക്ഷിതവും നിര്‍ഭയവുമായി നടക്കാന്‍ കഴിഞ്ഞതായി അതില്‍ ഭാഗവാക്കായ ചില സ്ത്രീകള്‍ അവകാശപ്പെടുന്നു. അന്നേരത്ത് അവര്‍ക്ക് ഭയക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. പോലീസിന്റെയും ഷാഡോ പോലീസിന്റെയും മറ്റു വകുപ്പുകളുടെയും സഹായത്തോടെയാണ് ഇത് സംഘടിപ്പിച്ചത്. ഒറ്റക്കല്ല കൂട്ടമായാണ് നടത്തം. ഉറക്കെ വിളിച്ചാല്‍ ഓടിയെത്താകുന്ന ദൂരത്തില്‍ മുന്നിലും പിന്നിലുമായി ധാരാളം സ്ത്രീകളുണ്ട്. മിനുട്ടുകളുടെ വ്യത്യാസത്തില്‍ റോന്തുചുറ്റുന്ന പോലീസുകാരും സജ്ജം. അപായ സൂചന കിട്ടിയാല്‍ നീട്ടിവിളിക്കാന്‍ സ്ത്രീകളുടെ കൈയില്‍ വിസിലും കൊടുത്തിരുന്നു സംഘാടകര്‍. ഇത്രയൊക്കെ സുരക്ഷിത സംവിധാനങ്ങള്‍ ഒരുക്കിയിട്ടും കോട്ടയം, കൊച്ചി, പാലക്കാട് തുടങ്ങി വിവിധ ഭാഗങ്ങളില്‍ സാമൂഹിക ദ്രോഹികളുടെ ശല്യവും മോശം പെരുമാറ്റവും അവര്‍ക്ക് നേരിടേണ്ടി വന്നു.

പാലക്കാട് മുനിസിപ്പല്‍ പരിസരത്ത് നടക്കാനിറങ്ങിയവരോട് വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും മോശമായി പെരുമാറിയതായും കോട്ടയത്ത് കൂടെ വരുന്നോ എന്നു ചോദിച്ച് ആളുകള്‍ വട്ടമിട്ടു നടന്നതായും പരിപാടിയില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തി. കൊച്ചിയില്‍ സാമൂഹികദ്രോഹികള്‍ സ്ത്രീകള്‍ക്ക് നേരെ സിഗരറ്റ് വലിച്ചു ഊതിയത് ചോദ്യം ചെയ്തപ്പോള്‍ സ്ത്രീകളോട് ഇവര്‍ കയര്‍ത്തു സംസാരിച്ചു. ഒന്നോ രണ്ടോ സ്ത്രീകള്‍ നില്‍ക്കുമ്പോഴായിരുന്നില്ല ഇതെന്നോര്‍ക്കണം. സമീപത്തായി കൂട്ടം ചേര്‍ന്നു വേറെയും സ്ത്രീകളും ക്യാമറകളുമായി നിരവധി മാധ്യമപ്രവര്‍ത്തകരും നില്‍ക്കുമ്പോഴായിരുന്നു ഇത്.
നിര്‍ഭയ ദിനത്തില്‍ ആവേശത്തോടെ നടന്ന സ്ത്രീകളാരെങ്കിലും മറ്റൊരു ദിനത്തില്‍ അന്നൊരുക്കിയ സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ ഒറ്റക്കു നടന്നാല്‍ എന്താകും അവസ്ഥ? അവള്‍ക്ക് സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്താന്‍ സാധിക്കുമോ? എത്ര പേര്‍ അതിനു “സധൈര്യം മുന്നോട്ടു” വരും? തൊഴിലിടങ്ങളിലും കലാലയങ്ങളിലും പൊതു ഇടങ്ങളിലും പട്ടാപ്പകല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന കാലമാണിത്. ഐ എ എസ്, സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍, ആശുപത്രികള്‍, കലാലയങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങി തൊഴിലുമായി ബന്ധപ്പെട്ട സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകുന്നതായി എക്‌സൈസ്, ലേബര്‍ ആന്‍ഡ് സ്‌കില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. ആഷ തോമസ് ചൂണ്ടിക്കാട്ടിയതാണ്. സിനിമയില്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ പുരുഷന്മാരുമൊത്ത് കിടപ്പറ പങ്കിടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ഈ രംഗത്ത് സ്ത്രീകള്‍ പലവിധ വിവേചനങ്ങള്‍ നേരിടുന്നതായും ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രണ്ട് ദിവസം മുമ്പാണ്.
സ്ത്രീ ശാക്തീകരണ പദ്ധതി ഒന്നൊന്നായി നടപ്പാക്കുകയും പല രംഗത്തും സ്ത്രീ മുന്നേറ്റം സാധ്യമാകുകയും ചെയ്ത ഇന്നത്തെ അവസ്ഥയിലും പൊതു സ്ഥലങ്ങളില്‍ ആണ്‍കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയം തോന്നാത്ത സ്ത്രീകളാരുണ്ട്? വല്ലപ്പോഴും ഒരു സ്ത്രീ പാര്‍ക്കിലോ കടല്‍ തീരത്തോ പാതയോരത്തോ അൽപ്പ സമയം ഒറ്റക്ക് നിന്നാല്‍ കോര്‍ത്തു വലിക്കുന്ന ആണ്‍നോട്ടങ്ങള്‍ എത്രയാണ് അവള്‍ക്ക് നേരെ നീളുന്നത്. പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന എത്ര സ്ത്രീകളാണ് പുരുഷ യാത്രക്കാരുടെ രതിവൈകൃതങ്ങള്‍ക്ക് ഇരകളാകേണ്ടി വന്നത്. അസമയത്തെ യാത്രകളും അപരിചിത സ്ഥലങ്ങളിലെ താമസവും പലപ്പോഴും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും സ്ത്രീയായി ജനിക്കേണ്ടിയിരുന്നില്ല എന്നു തോന്നിയ അനേകം അവസരങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നുമാണ് ഇതിനിടെ ഒരു പൊതു പ്രവര്‍ത്തക എഴുതിയത്. ഇത്തരമൊരു സാമൂഹിക ചുറ്റുപാടില്‍ ഒരു ദിവസം സര്‍വവിധ സുരക്ഷാ സന്നാഹങ്ങളോടെ സ്ത്രീകള്‍ പാതിരാവില്‍ കൂട്ടത്തോടെ നടന്നതു കൊണ്ട് കൈവരിക്കാകുന്നതാണോ അവരുടെ സുരക്ഷ. പൊതു ഇടം രാത്രികളില്‍ തങ്ങളുടേതു കൂടിയായിക്കഴിഞ്ഞുവെന്ന് ഇനി അവര്‍ക്കു സധൈര്യം പറയാനാകുമോ?

സമൂഹത്തിന്റെ സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ അടിമുടി മാറ്റം വരാതെയും സാമൂഹികാന്തരീക്ഷം ശുദ്ധീകരിക്കപ്പെടാതെയും രാജ്യത്ത് സ്ത്രീരക്ഷ ഉറപ്പാക്കാനാകില്ല. ഉപഭോഗ സംസ്‌കാരത്തിന്റെ ഈ കാലഘട്ടത്തില്‍ സമൂഹം പൊതുവേ ഒരു ഉപഭോഗ വസ്തുവായാണ് സ്ത്രീയെ കാണുന്നത്. പുരുഷന്റെ ലൈംഗികാവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു ഉപകരണം മാത്രമാണ് അവളിന്ന്. അതിലപ്പുറം സ്ത്രീയുടെ മാന്യതയും മറ്റും പലപ്പോഴും എഴുത്തുകളിലും ചര്‍ച്ചകളിലും ഒതുങ്ങുകയാണ്. ഈ കാഴ്ചപ്പാട് തിരുത്തപ്പെടുകയും സമൂഹത്തിന്റെ പാതി ഭാഗമായ സ്ത്രീകളെ മനുഷ്യത്വത്തോടെയും ആദരവോടെയും കാണാനുള്ള മനഃസ്ഥിതി വളര്‍ന്നു വരികയും ചെയ്യേണ്ടതുണ്ട്. ഇതിന് സ്ത്രീകൂടി മനസ്സു വെക്കേണ്ടതുണ്ട്. അവളുടെ പെരുമാറ്റത്തിലും പൊതുരംഗത്തെ ഇടപെടലുകളിലും വസ്ത്രധാരണത്തിലുമെല്ലാം മാന്യതയും അവളുടെ ശാരീരിക പ്രത്യേകതകള്‍ക്കനുസൃതമായ സമീപനം സ്വീകരിക്കുകയും വേണം. പുരുഷനെ പ്രകോപിപ്പിക്കുന്ന വസ്ത്രധാരണകളും ചേഷ്ടകളുമായി രംഗത്തു വന്ന ശേഷം തങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന് മുറവിളി കൂട്ടിയതു കൊണ്ടായില്ല. മനുഷ്യന്റെ സ്വബോധം നഷ്ടപ്പെടുത്തുന്ന മയക്കു മരുന്നുകളുടെ ലഭ്യത സമൂഹത്തില്‍ ഇല്ലാതാക്കുകയും സ്ത്രീ പീഡനത്തിനു പ്രചോദനമാകുന്ന സിനിമകളും സീരിയലുകളും നിയന്ത്രിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ചില പ്രകടനപരതകള്‍ക്കപ്പുറം ഇത്തരം പ്രായോഗിക മാര്‍ഗങ്ങളിലേക്കാണ് വനിതാ ശിശു വികസന വകുപ്പിന്റെയും സ്ത്രീ സമൂഹത്തിന്റെയും ശ്രദ്ധ പതിയേണ്ടത്.