Connect with us

Travelogue

ആഫ്രിക്കൻ നാടുകളെ അടുത്തറിഞ്ഞ്...

Published

|

Last Updated

പുലർച്ചെ മൂന്ന് മണിക്ക് ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാൻ ഫ്‌ളൈറ്റിൽ നിന്നും ഞെട്ടിയുണർന്നു. ഫ്‌ളൈറ്റിലെ സ്ത്രീകളെല്ലാവരും കൂടെ ആഫ്രിക്കൻ ഭാഷയിൽ പാട്ടുപാടുന്ന ശബ്ദമായിരുന്നു കേട്ടത്, ജനലിൽകൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഫ്‌ളൈറ്റ് എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബ ലാൻഡ് ചെയ്യാനായെന്ന് മനസ്സിലായി, ചുറ്റും നോക്കിയപ്പോൾ മകൾ പാത്തുവും കുട്ടിപ്പട്ടാളവുമൊക്കെ നല്ല ഉറക്കമായിരുന്നു.
ബഹ്‌റൈനിൽ നിന്നും കണക്്ഷൻ ഫ്‌ളൈറ്റ് കയറുമ്പോൾ തന്നെ ശ്രദ്ധിച്ച ഒരു കാര്യമായിരുന്നു, ഞാൻ ഉൾപ്പെടെ ആകെ നാല് പുരുഷന്മാർ മാത്രം, ബാക്കിയെല്ലാം എത്യോപ്യൻ സ്ത്രീകളായിരുന്നു യാത്രക്കാർ. അതിൽ ഭൂരിപക്ഷവും സാധാരണ വീട്ടുജോലിക്ക് നിൽക്കുന്നവരും മറ്റു ജോലികളും ചെയ്യുന്നവരുമാണെന്ന് അവരോടു സംസാരിച്ചപ്പോൾ അറിയാനായി.

ഫ്‌ളൈറ്റ് ലാൻഡ് ചെയ്തു. വിസയൊക്കെ അടിച്ച ബാഗേജെടുക്കാൻ പോയപ്പോൾ തന്നെ ആദ്യത്തെ പണി കിട്ടി. ബാഗുകളെല്ലാം മിസ്സിംഗായിരിക്കുന്നു, ഗൾഫ് എയറിന്റെ മാനേജരോട് സംസാരിച്ചപ്പോൾ ഇനി അടുത്ത ദിവസം മാത്രമേ നമ്മുടെ ബാഗുകൾ എത്തുകയുള്ളൂ എന്ന് മനസിലായി.

ഞങ്ങൾക്കിനി അഞ്ഞൂറ് കിലോമീറ്റർ അപ്പുറമുള്ള കോൺസോ എന്ന സ്ഥലത്തേക്കാണ് പോകേണ്ടതെന്ന് പറഞ്ഞപ്പോൾ അവിടെ അടുത്തുള്ള എയർപോർട്ടിലേക്ക് ബാഗേജുകൾ എത്തിച്ചു തരാമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. പുറത്തേക്കിറങ്ങിയപ്പോൾ ഞങ്ങളെയും കാത്ത് കാറിന്റെ ഡ്രൈവർ നിലനിൽപ്പുണ്ടായിരുന്നു, അയാളോട് പ്രശ്‌നം പറഞ്ഞപ്പോൾ ഷോപ്പൊക്കെ തുറക്കാൻ എട്ടു മണിയാകുമെന്നും അത് വരെ അവരുടെ ഓഫീസിൽ പോയി ഇരിക്കാമെന്ന് പറഞ്ഞു.
പുലർച്ചെ എട്ട് മണിയായപ്പോൾ തൊട്ടടുത്തുള്ള ഒരു മാർക്കറ്റിൽ പോയി അത്യാവശ്യം വേണ്ട ഡ്രസ്സൊക്കെ വാങ്ങി നേരെ പുറപ്പെട്ടു അർബാ മിൻച് എന്ന സ്ഥലത്തേക്ക്.

അർബാ മിൻചിലെ വരവേൽപ്പ്

ചെറിയ ഗ്രാമങ്ങളിലൂടെയാണ് പോയിക്കൊണ്ടിരുന്നത്, വഴിയരികിലൊക്ക സ്ത്രീകളും കുട്ടികളും വലിയ ജാറിൽ വെള്ളവുമായി പോകുന്നത് കാണാമായിരുന്നു, കുറച്ച് ദൂരമെത്തിയപ്പോൾ ഒരു ചെറിയ മാർക്കറ്റ് കണ്ടു. കാർ നിർത്തി, അവിടെ ഇറങ്ങിയപ്പോഴുണ്ടായ കാര്യം നമ്മളെ ശെരിക്കും ഞെട്ടിച്ചു, അവരെ നിറ പുഞ്ചിരിയോടെ അടുത്തേക്ക് വന്നു. കൈപ്പിടിച്ച് ഡാൻസ് ചെയ്ത് മുന്നോട്ട്.
ഇത്രയും വലിയ ഒരു വരവേൽപ്പ് ഞങ്ങൾക്ക് ജീവിതത്തിൽ കിട്ടിയിട്ടില്ല. രാത്രിയായപ്പോഴേക്കും ഡോർസെ എന്ന ഗ്രാമത്തിലെത്തി, കാടിന്റെ നടുക്കായിരുന്നു ഈ ലോഡ്ജ്. രാവിലെ എഴുന്നേറ്റ് തൊട്ടടുത്തുള്ള ഡോർസെ വില്ലേജിൽ പോയി, അവരൊക്കെ ഇപ്പോഴും ഒരു പതിനാറാം നൂറ്റാണ്ടിനെ അനുസ്മരിപ്പിക്കും വിധമാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്, ആടും പശുവും മനുഷ്യരും എല്ലാം ഒരു ചെറിയ കുടിൽ പോലത്തെ വീട്ടിലായിരുന്നു താമസിച്ചത്.


ആദിമ കാലത്തിന്റെ അനുസ്മരണം

ഭക്ഷണം കഴിച്ച് നേരെ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ വരുന്ന കോൺസോ എന്ന ഗ്രാമം കാണാൻ പോയി. ലോക്കൽ ഗൈഡിന്റെ സഹായമില്ലാതെ ആ കാടിന്റെ നടുക്കുള്ള ഗ്രാമത്തിൽ പോകുക എന്നുള്ളത് നടക്കാത്ത കാര്യമായിരുന്നു.
കോൺസോയിലെത്താനായപ്പോഴാണ് ആ മനോഹരമായ കാഴ്ച കണ്ടത്, ഒരു പുഴയിൽ ആണും പെണ്ണുമൊക്കെ പരിപൂർണ നഗ്‌നരായി കുളിക്കുന്നു, കൂടെ കുറെ ആടും പശുവും കുതിരകളും. കാർ ഒതുക്കി നിർത്തി പുറത്തേക്കിറങ്ങി. പുഴ കരയിൽ പോയി, ഞങ്ങളെ കണ്ടപ്പോഴേക്ക് അവരൊക്കെ കൈ വീശി കാണിച്ചു. ആദിമ കാലം പോലെ മനുഷ്യരും മൃഗങ്ങളും ഒരു നൂൽബന്ധം ഇല്ലാതെ പുഴയിൽ കുളിക്കുന്നു. എന്തൊരു ജീവിതം. വല്ലാത്ത സങ്കടം തോന്നി.

ഒരു ഗൈഡിന്റെ സഹായത്തോടെ കോൺസോ വില്ലേജിൽ പോയപ്പോഴാണ് ഇപ്പോഴും ഈ ദുനിയാവിൽ ഇങ്ങനെയൊക്കെ ആളുകൾ ജീവിക്കുന്നുണ്ടെന്ന് മനസ്സിലായത്. വളരെ പരിതാപകരമായിരുന്നു അവിടത്തെ അവസ്ഥ. അവർ ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ കണ്ടാൽ തന്നെ അറിയാം അതൊന്നും കഴുകാനുള്ള സാഹചര്യം അവർക്കില്ലെന്ന്. പുല്ല് കൊണ്ടുള്ള വീടായിരുന്നു എല്ലാം. വെള്ളം കിട്ടണമെങ്കിൽ ഒത്തിരി ദൂരം സഞ്ചരിച്ചുകൊണ്ട് വരണം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കണം. എന്നാലേ നമ്മുടെയൊക്കെ ജീവിതം എത്രയോ പതിന്മടങ്ങ് നിറമുള്ളതാണെന്ന് മനസ്സിലാകൂ.

ആ ഗ്രാമത്തിലെ ആകെയുള്ള ഒരു കൊച്ചു പീടികയിൽ നിന്നും പാത്തു അവിടെയുള്ള ബിസ്‌ക്കറ്റ് മുഴുവൻ വാങ്ങിച്ചു. ഞങ്ങളെ നോക്കി നിന്നിരുന്ന കുട്ടികളുടെ നേർക്ക് ആ ബിസ്‌ക്കറ്റുകളെല്ലാം നീട്ടി. നിറഞ്ഞ ചിരിയോടെ ആ കുഞ്ഞുമക്കൾ അതെല്ലാം വാങ്ങിക്കഴിച്ചു. ആ സമയത്ത് ആ മക്കളുടെ സന്തോഷമൊന്ന് കാണേണ്ടത് തന്നെയായിരുന്നു. അതൊക്കെക്കണ്ട് പാത്തു ഒരു വശത്തു മാറി നിക്കുന്നത് കണ്ടപ്പോൾ ഞാൻ അടുത്ത് പോയി ചോദിച്ചു.
“എന്ത് പറ്റി…?”

കണ്ണൊക്കെ നിറഞ്ഞു പാത്തു മറുപടി പറഞ്ഞു
“ജീവിതത്തിൽ വലിയ നിലകളിൽ എത്തേണ്ട ഒരുപാട് കഴിവുള്ള കുട്ടികൾ ഈ കൂട്ടത്തിൽ ഉണ്ടാകും, എന്നിട്ടും ജീവിത സാഹചര്യം കൊണ്ടല്ലേ പാവം ഇങ്ങനെ എവിടെയും എത്താതെയായപ്പോയത്”.
ആ ഗ്രാമം കറങ്ങി പുറത്തേക്കിറങ്ങാനായപ്പോൾ ഉച്ചത്തിൽ കുട്ടികളുടെ പാട്ട് കേട്ടു, ഗ്രാമ കവാടത്തിൽ എത്തിയപ്പോൾ മനസിലായി, അവിടത്തെ കുട്ടികൾ ഒന്നടങ്കം തുള്ളിച്ചാടി പാട്ട് പാടുകയാണെന്ന്.

പാത്തു അപ്പോൾ തന്നെ കണ്ണൊക്കെ തുടച്ചു അവരുടെ കൂടെ ഡാൻസ് ചെയ്തു, കുറച്ചു കഴിഞ്ഞു ഞാനും അവരുടെ കൂടെ കൂടി, അവിടുന്ന് അവരോടൊക്കെ യാത്ര പറഞ്ഞ് ഇറങ്ങി ഹോട്ടൽ റൂമിലേക്ക് പോകുമ്പോൾ മോള് ചോദിച്ചു,
“അതെന്താ ഉപ്പ പടച്ചോൻ ഇവരെ സഹായിക്കാത്തത്. ബാക്കി എല്ലാ സ്ഥലത്തും എല്ലാരും നല്ലത് ആണെല്ലോ..?” വിതുമ്പിക്കൊണ്ടുള്ള മോളുടെ ചോദ്യത്തിന് മുന്നിൽ എനിക്ക് ഉത്തരമില്ലായിരുന്നു.

കുറേസമയത്തിന് ശേഷം തല ചൊറിഞ്ഞു കൊണ്ട് മറുപടി പറഞ്ഞു. “അതിനുള്ള ഉത്തരം നിങ്ങൾ വലുതായാൽ നിങ്ങൾ തന്നെ കണ്ടെത്തും, നിങ്ങൾ ചെയ്യേണ്ടത്, പഠിച്ച് വലിയ ആളായി ഇത് പോലെയുള്ള ആൾക്കാരെ സഹായിക്കണം, അതും പടച്ചോന് ഇഷ്ടമുള്ള കാര്യമാണ്”. കണ്ണ് കൂർപ്പിച്ച് പാത്തു പറഞ്ഞതെല്ലാം കേട്ടു.

ഹാമർ വർഗം

അതിരാവിലെ ഭക്ഷണം കഴിച്ച് അർബാ മിൻചിലെ വന്യ മൃഗങ്ങളെ കാണാനിറങ്ങി. നാല് മണിക്കൂർകൊണ്ട് ഹാമറിത്തി, തിങ്കളാഴ്ച ആയതുകൊണ്ടു ആ ചന്ത നിറയെ ഹാമർ വർഗക്കാരെ കൊണ്ട് നിറഞ്ഞിരുന്നു, പകുതി ആളുകൾക്കും വിചിത്രമായ വസ്ത്രധാരണ രീതിയായിരുന്നു. അവിടത്തെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് കുറേയേറെ കാര്യങ്ങൾ ഗൈഡ് പറഞ്ഞു തന്നു. വളരെ ദയനീയമാണ് ഇവരുടെയൊക്കെ ജീവിതം.

ഉപയോഗിച്ച വസ്ത്രങ്ങളുടെ മാർക്കറ്റ്

പിറ്റേന്ന് രാത്രിയായിരുന്നു ഫ്‌ളൈറ്റ്, പോകുന്ന വഴി അർബാ മിൻചിലെ എയർപോർട്ടിൽ കയറി മിസ്സായ ബാഗുകളെടുത്തു, പക്ഷെ അപ്പോഴേക്കും ട്രിപ്പ് ഏകദേശം തീർന്നിരുന്നു, പോകുന്ന വഴിയിലൊക്കെ ഒരുപാട് വസ്ത്ര മാർക്കറ്റുകൾ കണ്ടു, അവിടെ പോയപ്പോഴാണ് മനസിലായത്, അതൊക്കെ ഉപയോഗിച്ച് കഴിഞ്ഞ വസ്ത്രങ്ങളാണ് വിൽക്കുന്നതെന്ന്.

നമ്മളിൽ പലരും സഹായമായി നൽകുന്ന എല്ലാ വസ്ത്രങ്ങളും പോകുന്നത് ഇതുപോലെയുള്ള രാജ്യങ്ങളിലെക്കാണ്. അതും ഒരു വലിയ ബിസിനസാണെന്ന് അവിടെ അതൊക്കെ കണ്ടപ്പോൾ മനസിലായി.
എയർപോർട്ടിലേക്ക് യാത്ര തിരിക്കുന്ന വഴിയിൽ ആഡിസ് അബാബ വരുന്ന വഴി കാറിന്റെ ഉടമസ്ഥനുമായി ചെറിയൊരു തർക്കമുണ്ടായി. അത് നേരെ ഞങ്ങളെ എത്തിച്ചത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു, ഒരു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടമായിരുന്നു അവിടത്തെ പോലീസ് സ്റ്റേഷൻ, അവർക്ക് ഭാഷ അറിയാത്തതുകൊണ്ട് പുറത്തു നിന്നുള്ള ഒരാളെ വിളിച്ചുകൊണ്ട് വന്നാണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത്, പോലീസ് അവിടെ എപ്പോഴും ടൂറിസ്റ്റിനാണ് സപ്പോർട്ട് ചെയ്യുന്നതെന്നതുകൊണ്ട് ഞങ്ങൾക്ക് രക്ഷയായെന്ന് പറയാം.

banisadar@gmail.com