Connect with us

Editorial

ജനറല്‍ ബിപിന്‍ റാവത്ത് ഒന്നും കാണാതെയല്ല

Published

|

Last Updated

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പ്രധാന സവിശേഷത അത് രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നാണ്. പ്രക്ഷോഭകരെ വേഷം കണ്ടാലറിയാമെന്ന് ഝാര്‍ഖണ്ഡില്‍ പറഞ്ഞ മോദിക്ക് ഡല്‍ഹിയിലെത്തുമ്പോള്‍ അത് ആവര്‍ത്തിക്കാന്‍ ധൈര്യമുണ്ടായില്ല. കേന്ദ്ര മന്ത്രി സഞ്ജീവ് കുമാര്‍ ബല്യാന്‍ പറഞ്ഞത് ഒറ്റക്കെട്ടായ പ്രതിഷേധ സമരങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ്. ഭരണഘടനയും മതേതര മൂല്യങ്ങളും കുഴിച്ചു മൂടി മതരാഷ്ട്രത്തിലേക്ക് നയിക്കുന്നത് നോക്കി നില്‍ക്കാന്‍ ഇന്ത്യന്‍ യുവത തയ്യാറായില്ല. രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കാവുന്ന പ്രക്ഷോഭ ജ്വാലയാണ് പടര്‍ന്നത്. ഈ സമരത്തെയും സമര നേതാക്കളെയും “ഉപദേശിച്ച് കൊണ്ട്” കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിവിട്ട വിമര്‍ശന കൊടുങ്കാറ്റ് ഇന്നും ശമിച്ചിട്ടില്ല. പല തലങ്ങളില്‍ അപലപനീയമാണ് കരസേനാ മേധാവിയുടെ പരാമര്‍ശങ്ങള്‍. ഒന്നാമതായി അത്തരമൊരു സ്ഥാനത്തിരുന്നു കൊണ്ട് രാഷ്ട്രീയം പറയരുത്. രണ്ട്, ഈ സമരങ്ങളുടെ ഉള്ളടക്കത്തെ ഒറ്റപ്പെട്ട സംഘര്‍ഷങ്ങളെ മുന്‍നിര്‍ത്തി ഇങ്ങനെ അധിക്ഷേപിക്കരുത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ നയിക്കുന്നവര്‍ യഥാര്‍ഥ നേതാക്കളല്ലെന്നാണ് ജനറല്‍ റാവത്തിന്റെ കണ്ടുപിടിത്തം. നിങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ എല്ലാവരും പിന്തുടരും. പക്ഷേ ആളുകളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാകണം നേതാക്കള്‍. അതത്ര എളുപ്പമല്ല. നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും കൊള്ളിവെപ്പും അക്രമവും നടത്താന്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും നയിക്കുന്ന രീതി അപലപനീയമാണ്- ഇങ്ങനെ പോകുന്നു റാവത്തിന്റെ പ്രസംഗം.

[irp]

സൈനിക മേധാവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സൈനിക മേധാവി രാഷ്ട്രീയം സംസാരിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തിന് എതിരാണ്. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സംസാരിക്കാന്‍ കരസേനാ മേധാവിയെ അനുവദിച്ചാല്‍, നാളെ സൈന്യത്തെ ഏറ്റെടുക്കാനുള്ള ശ്രമം നടത്താന്‍ അനുവാദം നല്‍കുക കൂടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പ തുറന്നടിച്ചു. മോദി ഭരണത്തിന് കീഴിലെ സ്ഥിതി എത്രത്തോളം അധഃപതിച്ചിരിക്കുന്നുവെന്ന് ഈ പ്രസ്താവനയിലൂടെ തെളിയുന്നുവെന്ന് യെച്ചൂരിയും പറഞ്ഞു. എന്നാല്‍ ജനറല്‍ റാവത്തിന്റെ പ്രസ്താവനയില്‍ രാഷ്ട്രീയമില്ലെന്നാണ് കരസേന പിന്നീട് വിശദീകരിച്ചത്.

സൈന്യത്തിനും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുമിടയില്‍ കൃത്യമായി അതിര്‍ വരമ്പ് നിര്‍ണയിച്ചിട്ടുണ്ട് ഇന്ത്യന്‍ ഭരണവ്യവസ്ഥ. സൈനിക ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ താഴ്ന്ന പ്രോട്ടോക്കോളാണ് അനുവദിക്കുന്നത് എന്നത് തൊട്ട് സൈന്യത്തിനുള്ള തീരുമാനങ്ങള്‍ നിയമനിര്‍മാണ സഭയും എക്‌സിക്യൂട്ടീവും കൈക്കൊള്ളുന്നുവെന്നത് വരെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് സൈന്യത്തെ ബാരക്കില്‍ നിര്‍ത്താന്‍ വേണ്ടി തന്നെയാണ്. മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍, പൊതു സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങള്‍, ഭരണ പ്രതിപക്ഷ കക്ഷികളുടെ നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സൈനിക മേധാവികള്‍ക്ക് അഭിപ്രായമുണ്ടായിരിക്കാം. എന്നാല്‍ അത് പരസ്യമായി പ്രകടിപ്പിക്കാന്‍ പാടില്ല.

[irp]

ജനറല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവിയായ ശേഷം പലതവണ ഈ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചതായി കാണാനാകും. പാക്കിസ്ഥാനും ചൈനയുമായുള്ള വിഷയത്തിലും പാക് സൈനിക മേധാവിക്ക് പരസ്യമായി മറുപടി പറഞ്ഞപ്പോഴും കശ്മീരിലെ പാഠപുസ്തകങ്ങളെക്കുറിച്ചുള്ള പരാമര്‍ശത്തിലുമെല്ലാം അദ്ദേഹത്തിന്റെ ഉള്ളിലെ രാഷ്ട്രീയ യുക്തികള്‍ പുറത്തു ചാടിയിരുന്നു. ജനറല്‍ റാവത്ത് ഇത്തരത്തില്‍ രാഷ്ട്രീയം പറയുന്നതിന്റെ പശ്ചാത്തലം കൂടി വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. സൈനിക നേട്ടങ്ങളെ ഇത്രമാത്രം രാഷ്ട്രീയവത്കരിച്ച കാലമുണ്ടായിട്ടില്ല.

രണ്ടാമതും മോദി അധികാരത്തില്‍ വന്നത് ബാലാകോട്ട് ആക്രമണത്തിന്റെ പേരിലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സൈന്യത്തെ നായകവത്കരിക്കുകയെന്നത് ഹിന്ദുത്വ സംഘടനകളുടെ രാഷ്ട്രീയ അജന്‍ഡയാണ്. റാഫേല്‍ അഴിമതിയെക്കുറിച്ച് ആരെങ്കിലും മിണ്ടിയാല്‍ അപ്പോള്‍ അവര്‍ പറയും സൈന്യത്തെ അപമാനിച്ചുവെന്ന്. ഇന്ത്യാ- പാക് ബന്ധം വഷളാക്കുന്ന സമീപനമെടുത്താൽ അതിനെ ചോദ്യം ചെയ്യാനാകില്ല. അതും സൈന്യത്തെ അപമാനിച്ചതിന്റെ കണക്കില്‍ പെടുത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ എന്റെ സൈന്യമെന്ന് എത്ര തവണയാണ് പ്രധാനമന്ത്രി മോദി അലറിയത്. ദേശസ്‌നേഹത്തിന്റെ അളവുകോല്‍ സൈനിക അപദാനമാണെന്ന പ്രതീതിയാണ് അദ്ദേഹവും സംഘവും സൃഷ്ടിച്ചത്. മറ്റെല്ലാ ജനകീയ പ്രശ്‌നങ്ങളെയും അപ്രസക്തമാക്കാന്‍ ദേശ സുരക്ഷയും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും ഉപയോഗിക്കുകയെന്നതാണ് ലോകത്തെല്ലായിടത്തും തീവ്രവലതുപക്ഷം പ്രയോഗിക്കുന്ന തന്ത്രം. ഈ നിലയില്‍ സൈന്യം ഒരു രാഷ്ട്രീയ ആയുധമാകുമ്പോള്‍ സൈനിക നേതൃത്വത്തിന് അവരര്‍ഹിക്കാത്ത പ്രാധാന്യം കൈവരിക സ്വാഭാവികമാണ്.

ഈ കാറ്റ് കണ്ടാണ് ജനറല്‍ റാവത്ത് തൂറ്റുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനൊക്കില്ല. ഈ മാസം 31ന് അദ്ദേഹം വിരമിക്കാനിരിക്കുകയാണ്. എന്നുവെച്ചാല്‍ വിരമിക്കുന്നതിന്റെ ഏതാനും ദിവസം മുമ്പാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

തീര്‍ച്ചയായും, വിരമിച്ച ശേഷം ലഭിക്കാനിടയുള്ള സമ്മോഹനമായ ഇരിപ്പിടങ്ങള്‍ തന്നെയാണ് ലക്ഷ്യം. ജനറല്‍ വി കെ സിംഗിനെപ്പോലെ രാഷ്ട്രീയ പ്രവേശനത്തിനും മോഹമുണ്ടാകാം. കേന്ദ്ര സര്‍ക്കാര്‍ പുതുതായി നിയമിക്കാനിരിക്കുന്ന സംയുക്ത പ്രതിരോധ മേധാവിയെന്ന പദവിയിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ് ജനറല്‍ ബിപിന്‍ റാവത്തെന്നോര്‍ക്കണം. അപ്പോള്‍ ഒന്നും കാണാതെയല്ല അദ്ദേഹം രാഷ്ട്രീയം പറഞ്ഞിരിക്കുന്നത്. സൈനിക നേതൃത്വം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയാല്‍ സൈന്യത്തിലെ പല സുപ്രധാന തസ്തികകളിലും രാഷ്ട്രീയ നിയമനം നടക്കും. അത് സൈന്യത്തിന്റെ ഗുണമേന്‍മ തന്നെ നശിപ്പിക്കും.