Connect with us

National

ഡല്‍ഹി അതിശൈത്യത്തിന്റെ പിടിയില്‍; മൂടല്‍മഞ്ഞ് വിതച്ച വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ അതിശൈത്യം കടുത്ത ദുരിതം വിതക്കുന്നു. നഗരത്തില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായിരിക്കുകയാണ്. ഗ്രേറ്റര്‍ നോയിഡയില്‍ മുന്നിലെ വഴി തെളിഞ്ഞു കാണാത്തതിനെ തുടര്‍ന്ന് കാര്‍ റോഡില്‍ നിന്ന് തെന്നിമാറി കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി 11.45ഓടെയാണ് അപകടമുണ്ടായത്. യു പിയിലെ സംഭാല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

ഡല്‍ഹിയില്‍ കുറഞ്ഞ താപനില ഇന്നലത്തെ 2.8 ഡിഗ്രിയില്‍ നിന്ന് 2.2 ഡിഗ്രിയിലേക്ക് താഴ്ന്നിട്ടുണ്ട്. മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവച്ചു. ഡല്‍ഹി വിമാനത്താവളത്തിലേക്ക് പുലര്‍ച്ചെ എത്തേണ്ടിയിരുന്ന മൂന്ന് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. റെയില്‍ ഗതാഗതത്തെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചു. മുപ്പത് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.