ഉയരെ

തന്റെ വൈകല്യത്തെ കണ്ട് സഹതപിച്ചവർക്ക് അഭിമാനമായി മാറിയിരിക്കുന്ന 110 സെന്റീമീറ്റർ മാത്രമുള്ള 43കാരനായ ജോബി മാത്യു എന്ന സ്‌പോർട്‌സ് താരത്തിന് ഇന്ന് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വിരളം. 24 വേൾഡ് മെഡലുകളാണ് സ്വന്തം കൈക്കരുത്തിലും കഠിനാധ്വാനത്തിലും ജോബി സ്വന്തമാക്കിയത്. ആം റെസ്്ലിംഗിൽ വേൾഡ് ചാമ്പ്യനായ തന്റെ ജീവിതാനുഭവങ്ങൾകൊണ്ട് മറ്റുള്ളവർക്കും പ്രചോദനമാകുകയാണ് ഈ അത്ഭുത മനുഷ്യൻ.
Posted on: December 22, 2019 5:29 pm | Last updated: December 22, 2019 at 5:29 pm

“മോനെ നിനക്ക് കാലുകൾ മാത്രമാണ് ഇല്ലാതെയുള്ളത്. മറ്റ് ഒരു കുറവും നിനക്കില്ല. നീ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് പരിശ്രമിച്ചാൽ എന്തും നേടാൻ പറ്റും’. ജോബി മാത്യുവെന്ന 40 ശതമാനം മാത്രം ശാരീരിക ക്ഷമതയുള്ള കാലുകളില്ലാത്ത ആ ചെറിയ മനുഷ്യന് ജീവിതത്തിന്റെ മുന്നോട്ടുള്ള വഴികളിൽ തിരിഞ്ഞുനോക്കാതെ കുതിക്കാൻ അമ്മയുടെ ആ വാക്കുകൾ മാത്രം മതിയായിരുന്നു. പഞ്ചഗുസ്തിയിൽ വൈകല്യങ്ങളെ അതിജീവിച്ച് വേൾഡ് ചാമ്പ്യനായ കോട്ടയം ഈരാറ്റുപേട്ട അടുക്കം സ്വദേശി ജോബി മാത്യു ജീവിതത്തിന് മുമ്പിൽ പതറാതെ മുന്നോട്ടുപോയ പരിശ്രമത്തിന്റെ വിജയനാളുകൾ കേട്ടാൽ ഇങ്ങനെ ഒരു വൈകല്യമുള്ള വ്യക്തിക്ക് ചെയ്യാൻ ഒക്കെ സാധിക്കുമോ എന്ന് ഒരു നിമിഷം നാം ചിന്തിക്കും. തന്റെ വൈകല്യത്തെ കണ്ട് സഹതപിച്ചവർക്ക് അഭിമാനമായി മാറിയിരിക്കുന്ന 110 സെന്റീമീറ്റർ മാത്രമുള്ള 43കാരനായ ജോബി മാത്യു എന്ന സ്‌പോർട്‌സ് താരത്തിന് ഇന്ന് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വിരളം. 24 വേൾഡ് മെഡലുകളാണ് സ്വന്തം കൈക്കരുത്തിലും കഠിനാധ്വാനത്തിലും ജോബി സ്വന്തമാക്കിയത്. ആം റെസ്്ലിംഗിൽ വേൾഡ് ചാമ്പ്യനായ തന്റെ ജീവിതാനുഭവങ്ങൾകൊണ്ട് മറ്റുള്ളവർക്കും പ്രചോദനമായിത്തീരുകയാണ് ജോബി മാത്യു. പാരാ ഒളിമ്പിക്‌സിൽ മറ്റു രാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ട് ശാരീരിക വെല്ലുവിളികളെ മനഃശക്തികൊണ്ട് കീഴടക്കിയ ജോബി മാത്യു എന്ന ഈ ഇത്തിരി പൊക്കക്കാരൻ.

ജീവിതവുമായുള്ള പോരാട്ടം

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ ഈരാറ്റുപേട്ടക്കടുത്ത് അടുക്കം എന്ന ഗ്രാമത്തിൽ ഒരു സാധാരണ കർഷക കുടുംബത്തിലാണ് ജോബി മാത്യു ജനിച്ചത്. പാലാ പള്ളിയിലെ പെരുന്നാൾ ദിവസമായ ഡിസംബർ 8ന് ആ ദിവസത്തെ സന്തോഷം എല്ലാം ഇല്ലാതാക്കിയായിരുന്നു തന്റെ ജനനം എന്ന് ജോബി ചിരിച്ചുകൊണ്ട് പറഞ്ഞു. ശരീരത്തിൽ കാലുകൾക്ക് വലുപ്പക്കുറവോടെയാണ് ജോബി ഭൂമിയിലേക്ക് ജനിച്ചുവീണത്. ഇത് ബന്ധുക്കൾക്കിടയിലും മറ്റും ദുഃഖവാർത്തയായി. ഡോക്ടർമാർ ജോബിയുടെ മാതാപിതാക്കളോട് പറഞ്ഞത് ഈ കുട്ടി നടക്കുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കില്ല എന്നായിരുന്നു. പ്രോക്സിമൽ ഫീമറൽ ഫോക്കൽ ഡെഫിഷ്യൻസി എന്നാണ് ജോബിയുടെ കാലുകളുടെ വളർച്ചയെ മുരടിപ്പിച്ച അവസ്ഥക്ക് വൈദ്യശാസ്ത്രം നൽകുന്ന പേര്. പിന്നീട് പ്രതിസന്ധികളുടെ വലിയ കാലഘട്ടത്തിലൂടെയാണ് ജോബി നേരിടേണ്ടിവന്നത്. വെള്ളാനി മലയുടെ മുകളിലായിരുന്നു ജോബിയുടെ വീട്. ദിവസവും മല കയറിയിറങ്ങി വേണം സ്‌കൂളിൽ പോകാൻ. ഒന്നാം ക്ലാസ് വരെ അമ്മ എടുത്തുകൊണ്ടാക്കുകയായിരുന്നു.

പിന്നീട് മേഴ്‌സിഹോമിൽ തുടർപഠനം. അവിടെ തന്നെക്കാളും വൈകല്യമുള്ള ധാരാളം കുട്ടികളുണ്ടായിരുന്നു. അവരെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഞാൻ കുറച്ചുകൂടി ഭാഗ്യവാനാനാണെന്ന് തോന്നിയതായി ജോബി പറയുന്നു. മോഴ്‌സി ഹോമിൽ മരിയല്ല എസ് ഡി എന്ന സിസ്റ്റർ ഉണ്ടായിരുന്നു. അവർ എന്നെ ഒരുപാട് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്്. തന്റെ കൈകളിൽ കുത്തിച്ചാടി മലകൾ കയറിയിറങ്ങി ചെറിയ തോടുകളുടെ ആഴംഇല്ലാത്ത സ്ഥലങ്ങളിലൂടെ പ്രതിസന്ധികളെ ജോബി തരണം ചെയ്തു സ്‌കൂളിലേക്ക് എത്തിയിരുന്നത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ജോബിയെ പഠിപ്പിച്ച ടീച്ചർ ഓട്ടോഗ്രാഫിൽ ഇങ്ങനെ എഴുതി മോനെ നമ്മുടെ രക്ഷ നമ്മുടെ കൈകളിലാണ്. ആ നന്മയുടെ വാക്കുകൾ ജോബി മാത്യുവെന്ന വേൾഡ് ചാമ്പ്യന് തന്റെ സ്വപ്‌നങ്ങളിലേക്ക് കരുത്ത് പകരുന്നതായിരുന്നു.


പഞ്ചഗുസ്തിയുടെ പാഠങ്ങൾ സുഹൃത്തുക്കളിൽ നിന്ന്

സ്‌കൂൾ കാലഘട്ടത്തിൽ പി ടി പിരീഡ് സമയത്ത് എല്ലാ കുട്ടികളും കളിക്കാൻ പോകുമ്പോൾ തന്റെ കാലുകളുടെ വൈകല്യംകൊണ്ട് ജോബി മാത്യു എന്ന കുട്ടിക്ക് അതിന് കഴിയില്ലായിരുന്നു. എന്നാൽ തനിക്ക് കളിക്കാൻ പറ്റുന്ന ഗെയിമുകളെക്കുറിച്ച് ജോബി ചിന്തിച്ചു തുടങ്ങി. അങ്ങനെ ആറാം ക്ലാസിൽ പഠിക്കുന്നകാലത്ത് സഹപാഠി ഹാൻഡ് റെസ്്ലിംഗ് എന്ന ഗെയിമിനെക്കുറിച്ച് പറയുന്നതും പഠിപ്പിക്കുന്നതും. സ്‌കൂൾ ഡെസ്‌കിൽ പരസ്പരം പഞ്ച പിടിച്ച് പഠിപ്പിച്ചതാണ് തുടക്കം. ക്ലാസിന്റെ ഇടവേളകളിൽ സഹപാഠികളുമായി പഞ്ചപിടിച്ച് കളിക്കുന്നത് പതിവാക്കി. സഹപാഠികളുമായി സമയം ചെലവഴിക്കാൻ പഞ്ചഗുസ്തി നടത്തിയപ്പോൾ ഇത് വേൾഡ് ഗെയിമാണെന്ന് അന്ന് ജോബിക്ക് ജ്ഞാനം ഉണ്ടായിരുന്നില്ല. സഹപാഠികൾ ജോബിയുടെ കഴിവിനെ പ്രചരിപ്പിക്കാൻ തുടങ്ങി. നന്നായി പഞ്ചഗുസ്തി പിടിക്കുന്ന ആളാണ് ജോബിയെന്ന് മറ്റു ക്ലാസുകളിലെ കുട്ടികളിലേക്കും എത്തി. ഇങ്ങനെയാണ് ആംറെസലിംഗിന്റെ ബാലപാഠങ്ങൾ ജോബിയെന്ന വേൾഡ് ചാമ്പ്യനിലേക്ക് എത്തപ്പെടുന്നത്.


വേൾഡ് ചാമ്പ്യനാകണമെന്ന മോഹം

പ്രീഡിഗ്രിക്ക് ചേരുന്ന സമയത്താണ് ആം റെസ്്ലിംഗിൽ വേൾഡ് ചാമ്പ്യൻഷിപ്പ് ഉണ്ടെന്ന് ജോബി മനസ്സിലാക്കുന്നത്. എല്ലാ വർഷവും വേൾഡ് വൈഡ് ചാമ്പ്യൻഷിപ്പ് നടക്കും. ഏഷ്യൻ, നാഷനൽ ചാമ്പ്യൻഷിപ്പുകൾ, കൂടാതെ സ്റ്റേറ്റ്, ജില്ലാ ചാമ്പ്യൻഷിപ്പുകൾ വരെ ഉണ്ടെന്ന് അറിവ് ലഭിക്കുന്നത്. മറ്റുഗെയിമുകൾ എന്നെക്കൊണ്ടു ചെയ്യാൻ സാധിക്കില്ല, എന്നാൽ, ഈ ഗെയിം എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുമല്ലേ എന്ന് ജോബിക്ക് തോന്നിത്തുടങ്ങി. ഇതിൽ ഒരു വേൾഡ് ചാമ്പ്യൻ ആകുന്നതിൽ എന്താണ് അപാകത എന്ന് ജോബി ചിന്തിച്ചു. പിന്നീട് വേൾഡ് ചാമ്പ്യനാകണമെന്നും ആഗ്രഹം ജോബിയിലേക്ക് എത്തിപ്പെട്ടു. തുടർന്ന് 1992ൽ കേരള സ്‌പോർട്‌സ് കൗൺസിലിൽ ഈ ഗെയിമിന്റെ സാധ്യതകളെക്കുറിച്ചും തന്റെ താത്പര്യത്തെക്കുറിച്ചും ജോബി ബോധിപ്പിക്കാൻ തന്റെ ഗ്രാമത്തിൽനിന്നും വളരെ പ്രയാസപ്പെട്ടെത്തിയത്. പഞ്ചഗുസ്തിയിൽ വേൾഡ് ചാമ്പ്യൻ ആയാൽ കൊള്ളാമെന്നുള്ള മോഹം ജോബി ഓഫീസർക്ക് മുന്നിൽ അറിയിച്ചു. തനിക്ക് എന്തൊക്കെ സഹായങ്ങളും പിന്തുണയും സർക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കും എന്ന് ചോദിച്ചു. എന്നാൽ, അനുകൂലമായ മറുപടിയല്ല ജോബിക്ക് ലഭിച്ചത്. അവിടെയുള്ള ഒരു ഓഫീസർ പറഞ്ഞത്, കാലുള്ളവർ വരെ പോയിട്ട് ഇന്ത്യക്ക് വേൾഡ് മെഡൽ കൊണ്ടുവരാൻ പറ്റുന്നില്ല. രണ്ട് കാലും ഇല്ലാത്ത താൻ എന്തുചെയ്യാനാണ്. ഇത്തരം ഒരു ആവശ്യവുമായി ബന്ധപ്പെട്ട് കേരള സ്‌പോർട്‌സ് കൗൺസിലിൽ എത്തുന്ന ഫിസിക്കലി ചലഞ്ചഡ് ആയിട്ടുള്ള ആദ്യത്തെ വ്യക്തിയാണ് താൻ.

ഇതുവരെ തങ്ങളുടെ സർവീസിൽ ഇത്തരം വൈകല്യമുള്ള ഒരാൾ സ്‌പോർട്‌സ് ചെയ്യണമെന്നും ലോകചാമ്പ്യൻ ആകണമെന്നും ആവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചിട്ടില്ല. സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും നിങ്ങളെപ്പോലുള്ളവരെ സഹായിക്കാനുള്ള നിയമം ഇവിടെ ഇല്ലെന്ന് പറഞ്ഞ് ആ ഓഫീസർ ജോബിയെ മടക്കിയയച്ചു.
പ്രതിസന്ധികളിൽ തളരാതെ ലക്ഷ്യത്തിലേക്ക്
ഇത്തരം തടസ്സങ്ങൾ നേരിട്ടിട്ടും ലക്ഷ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ മനസ്സും ശരീരവും ജോബിയെ അനുവദിച്ചില്ല. പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ ബോഡിബിൾഡിംഗ് നടത്താമെന്ന് ആഗ്രഹത്തിൽ ജിമ്മിൽ ചെന്നു. എന്നാൽ ജിമ്മിലെ ട്രയിനർ ജോബിയോട് ജിമ്മിലേക്ക് വരണ്ടെന്നു പറഞ്ഞു. നിങ്ങൾ ഒരു വൈകല്യമുള്ള വ്യക്തിയാണ്. ഇവിടെ വന്നിട്ട് നിങ്ങൾ എന്തെങ്കിലും പരുക്ക് പറ്റിക്കഴിഞ്ഞാൽ ഞാൻ ഉത്തരവാദിത്വം പറയേണ്ടിവരും. മാത്രവുമല്ല നിങ്ങളെപ്പോലെ വൈകല്യമുള്ള ആളെ ട്രെയിനിംഗ് ചെയ്യിക്കാൻ ഞാൻ പഠിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞു. എന്നാൽ ജോബിയുടെ അതിയായ ആഗ്രഹംകൊണ്ട് അദ്ദേഹത്തോട് ചോദിച്ചു എല്ലാദിവസവും ഇവിടെ വന്നിരുന്ന് മറ്റുള്ളവർ ചെയ്യുന്നത് കാണുന്നതിൽ തെറ്റുണ്ടോ എന്ന്.

അതിന് അനുവാദം ട്രെയിനർ നൽകി, കൂടെ അവിടെ കിടന്ന ഒരു ബെഞ്ച് കാട്ടിക്കൊടുത്തിട്ട് അവിടെ ഇരുന്നോളാനും മറ്റ് ഉപകരണങ്ങളിൽ തൊടരുതെന്നുമുളള കർശന നിർദേശം നൽകി. ഫിറ്റനസിനും ബോഡിബിൽഡ് ചെയ്യുന്നതിനും മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് ജോബി കണ്ടുകൊണ്ടിരുന്നു. കുറച്ച് ദിവസം ജോബി ബെഞ്ചിലിരുന്ന് മറ്റുള്ളവർ പരിശീലനം നടത്തുന്നത് നിരീക്ഷിച്ചു. ചിലർ ഡെംബൽസ് എടുത്ത് ഇരുന്നും നിന്നും പരിശീലനം നടത്തുന്ന കാര്യം ജോബിയുടെ ശ്രദ്ധയിൽപ്പെട്ടത്. എനിക്കും അത് ചെയ്യാൻ സാധിക്കുമല്ലോ എന്നാണ് ജോബി ചിന്തിച്ചത്. എന്റെ കൈകൾക്കും ശരീരത്തിന്റെ മുകളിലേക്കും യാതൊരു കുഴപ്പങ്ങളുമില്ല. അതുകൊണ്ടുതന്നെ ഡെംബൽസ് എടുത്ത് അതുകൊണ്ട് പരിശീലനം നടത്താൻ തടസ്സങ്ങളില്ല. ജോബി അത് മാഷിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം കുറെ ആലോചിച്ചശേഷം ജോബിക്ക് രണ്ട് കിലോയുടെ രണ്ട് ഡെംബൽസ് കൊണ്ടുകൊടുത്തു. അത് െവച്ച് കുറേദിവസങ്ങൾ ജോബി പരിശീലനം തുടർന്നു.

കൈക്കരുത്തിന്റെ മെഡൽ വേട്ട

കൈകൾക്ക് ശക്തി വർധിപ്പിക്കാൻ പ്രക്ടീസ് തുടർന്നു, 1994ൽ ആം റെസ്്ലിംഗിൽ സ്റ്റേറ്റ് ചാമ്പ്യനായി. നാഷനൽ വിന്നർ ആണെങ്കിലും സ്‌പോൺസറെ ആ കാലഘട്ടത്തിൽ കിട്ടാൻ പ്രയാസമായിരുന്നു. പലരെയും സമീപിച്ചെങ്കിലും സഹകരിക്കാൻ ആരും മുന്നോട്ട് വന്നില്ല. കൂടുതൽ ആളുകളെ സമീപിച്ചെങ്കിലും സഹായിക്കാൻ ആരും തയ്യാറാകാതെവന്നു. 2004ൽ ബ്രസീലിലേക്ക് സെലക്ഷൻ കിട്ടിയെങ്കിലും സ്‌പോൺസർഷിപ്പ് ഇല്ലാത്തതുകൊണ്ട് പോകാൻ കഴിഞ്ഞില്ല. തുടർന്ന് 2005ൽ ഇന്ത്യൻ എക്‌സ്പ്രസിൽ ജോബിയെക്കുറിച്ച് വന്ന ഒരു ലേഖനം കണ്ടിട്ട് തമിഴ് നടൻ ശരത്കുമാറിന്റെ ഫോൺകോളാണ് വന്നത്. അത് ഒരു മാറ്റത്തിന്റെ മണിമുഴക്കമായിരുന്നു.

പത്രത്തിൽവന്ന ലേഖനം വളരെ പ്രചോദനകരമാണെന്നും ജോബിയെ കാണണമെന്നും സ്‌പോൺസർ ചെയ്യാൻ താത്പര്യമുണ്ടെന്നുമായിരുന്നും ആയിരുന്നു ശരത്കുമാറിന്റെ വാക്കുകൾ. സിനിമയുടെ ചിത്രീകരിണത്തിന് കൊച്ചിയിൽ വരുമ്പോൾ കാണാം എന്ന പറഞ്ഞ് ആ കോൾ കട്ടായി. തുടർന്ന് കൊച്ചിയിൽ ശരത്കുമാർ എത്തിയപ്പോൾ ജോബി അദ്ദേഹത്തെ കണ്ടു. ജപ്പാനിൽ നടക്കുന്ന അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാനുള്ള യാത്രാചെലവുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്നും ശരത്കുമാർ പറഞ്ഞതോടെ വേൾഡ് ചാമ്പ്യൻ ജനിക്കുകയായിരുന്നു. തുടർന്ന് കൈക്കരുത്തിൽ ജോബി മലർത്തിയടിച്ചത് 24 വേൾഡ് മെഡലുകളാണ്. 2005ൽ ജപ്പാനിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ മൂന്ന് വെങ്കല മെഡലുകൾ, 2008ൽ സ്‌പെയിനിൽ നിന്ന് ജനറൽ വിഭാഗത്തിൽ സ്വർണമെഡൽ, വികലാംഗ വിഭാഗത്തിൽ വെള്ളി, 2009-ൽ ഈജിപ്റ്റിൽ നിന്ന് രണ്ട് മെഡലുകൾ, 2010-ൽ ഇസ്രയേലിൽ നിന്ന് ഒരു വെള്ളി, 2012-ൽ ലോക പഞ്ചഗുസ്തി ചാമ്പ്യൻ, 2013-ൽ അമേരിക്കയിൽ നടന്ന ഹ്രസ്വകായർക്കായുള്ള (ഡ്വാർഫ്) ഒളിമ്പിക്‌സിൽ അഞ്ച് സ്വർണമെഡൽ നേടി ചാമ്പ്യൻ, 2014 ഒക്ടോബറിൽ ശാരീരിക വൈകല്യമുള്ളവർക്കായി പോളണ്ടിലെ പക്കിൽ നടന്ന പ്രഥമ ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരട്ട വെങ്കലം, 2017-ൽ കാനഡയിൽ നിന്ന് ആറ് സ്വർണ മെഡലുകൾ തുടങ്ങി നേട്ടങ്ങളുടെ നീണ്ട പട്ടികയുണ്ട് ജോബിയുടെ വിജയചരിത്രത്തിൽ. കൂടാതെ ഒമ്പത് കായിക ഇനങ്ങളിൽ നാഷനൽ ചാമ്പ്യനാണ് ജോബി. വീൽചെയറിലിരുന്നുള്ള വാൾപയറ്റ്, പാരാലിമ്പിംഗ് ബാഡ്മിന്റൺ, ഷോട്ട് പുട്ട്, ജാവലിൻ, ഡിസ്‌കസ് ത്രോ എന്നിവയിലാണ് ചാമ്പ്യൻ. കൂടാതെ കൈയും കാലും കുത്തിയോടുന്ന ക്രോളിംഗ് എന്ന മത്സരത്തിൽ 25 തവണ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നിലനിർത്തി. ഇത് കൂടാതെ നീന്തൽ മത്സരത്തിലും നാഷനൽ ചാമ്പ്യനാണ്.

ജീവിതത്തിൽ പരിമിതികളില്ല

കുട്ടിക്കാലത്ത് സഹോദരിക്കും അമ്മക്കുമൊപ്പം സമീപത്തെ തോട്ടിൽ കുളിക്കാൻ പോകുമ്പോൾ തോടിന്റെ കരയിൽ നിൽക്കാൻ മാത്രമായിരുന്നു ജോബിയുടെ വിധി. സഹോദരിയും മറ്റുള്ളവരും വെള്ളത്തിൽ ചാടി നീന്തിക്കുളിക്കുന്നത് കാണുമ്പോൾ അങ്ങിനെ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പതിയെ ജോബി വെള്ളത്തിന്റെ തന്ത്രങ്ങൾ മനസ്സിലാക്കി. ആഴംകുറഞ്ഞ സ്ഥലങ്ങളിൽ ഇറങ്ങിത്തുടങ്ങി വെള്ളത്തിലൂടെ നീന്താൻ പരിശീലിച്ചു. ഇപ്പോൾ മീനച്ചിലാർ എത്ര നിറഞ്ഞൊഴുകിയാലും അത് നീന്തിക്കടക്കും എന്ന ഉറച്ച് ആത്മവിശ്വാസത്തിൽ ജോബി പറയും. കടലിൽ അഞ്ച് കിലോമീറ്റർ നീന്തിയ റെക്കോർഡും ജോബിയുടെ കൈകളിൽ ഭദ്രം. 60 ശതമാനം ശാരീരിക വൈകല്യമുള്ള ജോബി മാത്യു കായിക നേട്ടങ്ങൾക്കൊപ്പം എം എ, എൽ എൽ ബി ബിരുദങ്ങൾ നേടി പഠനത്തിലും മികവുകാട്ടി. സമൂഹത്തിൽ പ്രയാസങ്ങൾ അനുഭവപ്പെടുന്നവർക്ക് പ്രചോദനം നൽകാൻ മോട്ടിവേഷൻ സ്പീക്കറായും ജോബി അറിയപ്പെടുന്നു.

എവറസ്റ്റ് എന്ന സ്വപ്‌നം

എവറസ്റ്റ് കീഴടക്കുകയെന്നതാണ് സ്വപ്‌നം. ഏറ്റവും വലിയ ആഗ്രഹവും അതാണ്. 110 സെന്റീമാറ്റൻ മാത്രമാണ് എന്റെ ഉയരം. ഇനി ഒരു സെന്റീ മീറ്റർ പോലും ഞാൻ വളരില്ല. പക്ഷേ എവറസ്റ്റ് വളർന്നുകൊണ്ടിരിക്കുകയാണ്. നമ്മളെ മോഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ചെറുപ്പത്തിൽ പാഠപുസ്തകത്തിൽ എവറസ്റ്റ് എന്ന് പാഠം പഠിക്കാൻ ഉണ്ടായിരുന്നു. സ്‌കൂൾ പഠിക്കുമ്പോൾ തന്നെ എവറസ്റ്റ് യാത്രയുടെ ത്രില്ല് സ്വപ്‌നമായിരുന്നു. ചെറുപ്പം മുതൽ മലകൾ കയറിറിയിറങ്ങിയതുകൊണ്ട് എവറസ്റ്റ് എന്ന സ്വപ്‌നത്തെ കീഴടക്കാം എന്ന പ്രതീക്ഷയുണ്ട്. എന്നാൽ അത് നിസാരമല്ല, അതിന് കായികക്ഷമതയും പരിശീലനവും ആവശ്യമാണ്. ലോകത്തിലെ ഏറ്റവും സാഹസികമായിട്ടുള്ള കാര്യമാണ്.

നമുക്ക് കുറവുകളുണ്ടെങ്കിലും ലോകത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. രണ്ട് ട്രെയിനിംഗ് ഇതിനകം കഴിഞ്ഞു. എന്നാൽ സാമ്പത്തികം ഇപ്പോഴും വെല്ലുവിളിയുയർത്തുന്നു, എന്നാലും ആ ആഗ്രഹവും കീഴടക്കുമെന്ന് ജോബി പറഞ്ഞു. എന്നാൽ എന്തുകീഴടക്കിയാലും ജോബിക്ക് പറയാൻ ഒരു പരിഭവവമുണ്ട്. വൈകല്യമുള്ളവർക്കുവേണ്ടി ഇതുവരെയും മാറിമാറിവരുന്ന സർക്കാറുകൾ വേണ്ട പരിഗണന നൽകുന്നില്ലെന്നതാണ് ആ പരിഭവം.