Connect with us

International

ഉയ്ഗൂര്‍ സാമ്പത്തിക വിദഗ്ധന് സഖരോവ് പുരസ്‌കാരം

Published

|

Last Updated

ലണ്ടന്‍ | ചൈനീസ് തടവറയില്‍ കഴിയുന്ന ഉയ്ഗൂര്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട സാമ്പത്തിക വിദഗ്ധന്‍ ഇല്‍ഹാം തോഹ്തിക്ക് സഖരോവ് പുരസ്‌കാരം സമ്മാനിച്ചു. പിതാവിന് വേണ്ടി മകള്‍ ജൗഹര്‍ ഇല്‍ഹാമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ പുരസ്‌കാരം പ്രസിഡന്റ് ഡേവിഡ് സസ്സോലിയാണ് സമ്മാനിച്ചത്. 2014 മുതല്‍ ചൈനയിലെ ജയിലില്‍ കഴിയുന്ന തോഹ്തി ഉയ്ഗൂര്‍ മുസ്ലിംകള്‍ നേരിടുന്ന ക്രൂരമായ പീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് കാരണമായത്.

അമ്പതുകാരനായ തോഹ്ത്തിക്ക് 73,000 ഡോളര്‍ വിലമതിക്കുന്ന അവാര്‍ഡാണ് സമ്മാനിച്ചത്. ഷീന്‍ജിയാംഗിലെ അര്‍തുക്സില്‍ ജനിച്ച ഇദ്ദേഹം മനുഷ്യാവകാശ ധ്വംസനത്തിനെതിരെ നിരന്തരം പോരാടിയിരുന്നു. ബീജിംഗിലെ മിന്‍സു യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി അവിടെ തന്നെ പ്രൊഫസറായി ജോലി ചെയ്ത അദ്ദേഹം ഷീന്‍ജിയാംഗിലെയും മധ്യേഷ്യയിലെയും സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളെ കുറിച്ച് നിരന്തരം പ്രതികരിച്ചിരുന്നു.