Connect with us

National

ആദ്യ ഏകദിനം ഇന്ന്; വിജയം തുടരാൻ ഇന്ത്യ

Published

|

Last Updated

രോഹിത് ശർമ പരിശീലനത്തിൽ

ചെന്നൈ| ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ചെന്നൈയിലാണ് നടക്കുന്നത്. പകലും രാത്രിയുമായുള്ള മത്സരം ഉച്ചക്ക് 1.30ന് തുടങ്ങും. ഇന്ത്യയെ വിരാട് കോലിയും വിൻഡീസിനെ കീറോൺ പൊള്ളാർഡുമാണ് നയിക്കുക.

അതേസമയം വീണ്ടും പരുക്കേറ്റ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കി. ഭുവനേശ്വറിന് പകരം മുംബൈ പേസർ ഷാർദുൽ താക്കൂറിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച നടന്ന വെസ്റ്റൻഡീസിനെതിരായ മൂന്നാം ടി20ക്ക് ശേഷം അരക്കെട്ടിന് വേദനയുള്ളതായി ഭുവനേശ്വർ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഭുവനേശ്വറിന് പകുക്കേറ്റതായി കണ്ടെത്തി. താരത്തിന്റെ പരിക്ക് വിദഗ്ധർ പരിശോധിച്ചുവരികയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ച് ഭരത് അരുൺ പ്രതികരിച്ചു.

സെപ്റ്റംബറിൽ ഏഷ്യ കപ്പിലാണ് താക്കൂർ അവസാനം ഇന്ത്യക്കായി ഏകദിനത്തിൽ കളിച്ചത്. മുഷ്താഖ് അലി ട്രോഫി ടി20യിൽ മുംബൈക്കായി എട്ട് കളിയിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിരുന്നു. മുഹമ്മദ് ഷമി, ദീപക് ചാഹർ എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. ടി20 പരമ്പര 21ന് ജയിച്ചാണ് ടീം ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുക. 18ന് വിശാഖപ്പട്ടണത്തും 22ന് കട്ടക്കിലുമാണ് മറ്റ് രണ്ട് ഏകദിനങ്ങൾ.

ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡേ, ഋഷഭ് പന്ത്, ശിവം ഡൂബേ, കേദർ ജാദവ്, രവീന്ദ്ര ജഡേജ, ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, താക്കൂർ.