Connect with us

National

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ബംഗാളിലേക്കും; ട്രെയിനുകള്‍ക്കു നേരെ കല്ലേറ്

Published

|

Last Updated

കൊല്‍ക്കത്ത | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പശ്ചിമ ബംഗാളിലേക്കും പടരുന്നു. തലസ്ഥാനമായ കൊല്‍ക്കത്തയില്‍ പലയിടങ്ങളിലും പൊട്ടിപ്പുറപ്പെട്ട അക്രമാസക്തമായ പ്രക്ഷോഭം ഗതാഗത സ്തംഭനത്തിനിടയാക്കി. പാര്‍ക്ക് സര്‍ക്കസില്‍ നടന്ന പ്രതിഷേധത്തില്‍ പൗരത്വ നിയമത്തിന്റെ പ്രതീകാത്മക പകര്‍പ്പുകള്‍ കത്തിച്ചു. ഹൗറയിലെ യുലുബേരിയയില്‍ ട്രെയിനുകള്‍ക്കെതിരെ പ്രക്ഷോഭകര്‍ നടത്തിയ കല്ലേറില്‍ ഒരു ലോക്കോ പൈലറ്റിനും ചില യാത്രക്കാര്‍ക്കും പരുക്കേറ്റു. അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഹൗറ-ഖരഗ്പൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കോറോമോണ്ടല്‍ എക്‌സ്പ്രസ്, ജസ്വന്ത്-ഹൗറ എക്‌സ്പ്രസ് എന്നിവയുള്‍പ്പടെ നിരവധി ട്രെയിനുകള്‍ വഴിയില്‍ നിര്‍ത്തിയിട്ടു. ദക്ഷിണ 24 പര്‍ഗാന ജില്ലയിലെ സോനാര്‍പൂരില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.

സംസ്ഥാനത്ത് മുസ്ലിങ്ങള്‍ കൂടുതലായി താമസിക്കുന്ന മുര്‍ഷിദാബാദിലും അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടന്നു. ബെര്‍ഹാംപൂര്‍ അടക്കമുള്ള നഗരങ്ങളില്‍ സമരക്കാര്‍ ടയറുകള്‍ കത്തിച്ചു. ബെല്‍ദംഗയിലെ റെയില്‍വേ സ്റ്റേഷന് തീയിടാനും ശ്രമിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാബിനറ്റിലെ മുന്‍ മന്ത്രിയും നിലവില്‍ ബി ജെ പിയുടെ മുര്‍ഷിദാബാദ് സൗത്ത് ജില്ലാ പ്രസിഡന്റുമായ ഹുമയൂണ്‍ കബീര്‍ പറഞ്ഞു.

ബില്ല് പാര്‍ലിമെന്റില്‍ പാസായതിനു ശേഷം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പരിഭ്രാന്തി പരന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബി ജെ പിയില്‍ തുടരുക സാധ്യമല്ല. പാര്‍ട്ടി വിടാന്‍ എന്നെ പിന്തുണക്കുന്ന ആയിരക്കണക്കിനു പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ എന്നെ ഉപേക്ഷിച്ചു പോകും-ഹുമയൂണ്‍ വ്യക്തമാക്കി.

Latest