Connect with us

National

കേന്ദ്രത്തിനെ വിമര്‍ശിച്ചും വ്യക്തമായ നിലപാട് പറയാതേയും രാജ്യസഭയില്‍ ശിവസേന

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന. എന്നാല്‍ ബില്ലിന്റെ കാര്യത്തില്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിഷയത്തില്‍ പാര്‍ട്ടിയുടെ വ്യക്തമായ നിലപാട് സഭയില്‍ പറഞ്ഞില്ല. നേരത്തെ ലോക്‌സഭയില്‍ ബില്ലിന്് അനുകൂലമായി വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പിനിടെ വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ബില്ലിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും പിന്തുണയ്ക്കുന്നവര്‍ രാജ്യസ്നേഹികളാണെന്നും ഇന്നലെ മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ്. ഒരു പൗരന്റെ ദേശീയത തീരുമാനിക്കപ്പെടേണ്ടത് അയാള്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കിയല്ല. ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കരുത്. നിങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്ററാണു ഞങ്ങള്‍.”- റാവത്ത് പറഞ്ഞു.

ഇത് പാക്കിസ്ഥാന്റെ സഭയല്ല. എല്ലാവര്‍ക്കും വോട്ട് ചെയ്തിരിക്കുന്നതു നമ്മുടെ ജനങ്ങളാണ്. പാക്കിസ്ഥാന്റെ ഭാഷ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പാക്കിസ്ഥാനെ അവസാനിപ്പിക്കണം. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സീറ്റുകളില്‍ അത്രയും ശക്തരായ ആളുകളാണുള്ളത്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെന്നാണു നിങ്ങള്‍ പറയുന്നതെങ്കില്‍, പാക്കിസ്ഥാന്‍ തകര്‍ക്കപ്പെടേണ്ടതാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

പുതിയ നിയമപ്രകാരം പൗരത്വം ലഭിക്കുന്ന അഭയാര്‍ഥികള്‍ ഇന്ത്യയില്‍ വോട്ടര്‍മാരാകുമോയെന്നും അദ്ദേഹം ചോദിച്ചു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് അഭയം കൊടുക്കുന്നതില്‍ മനുഷ്യത്വത്തിനപ്പുറത്തേക്ക് രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്തെന്ന് മാത്രം അദ്ദേഹം പറഞ്ഞില്ലെന്നത് ശ്രദ്ധേയമായി.