Connect with us

Gulf

ജി സി സി ഉച്ചകോടി റിയാദില്‍

Published

|

Last Updated

ദമാം   | 40ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) ഉച്ചകോടിക്ക് സഊദി തലസ്ഥാനമായ റിയാദില്‍ തുടക്കമാവും. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉച്ചകോടിയില്‍ യു എ ഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍,കുവൈത്ത്, തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളാണ് പങ്കെടുക്കുന്നത് .40ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സഊദി അറേബ്യ ഖത്തറിനെ ക്ഷണിച്ചിട്ടുണ്ട്. ക്ഷണം ലഭിച്ചതായി ഖത്തര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു .ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമോ എന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല .

ഉച്ചകോടിക്ക് മുന്നോടിയായി ജി സി സി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം തിങ്കളാഴ്ച്ച റിയാദില്‍ ചേര്‍ന്നിരുന്നു. ഒന്‍പതാമത്തെ തവണയാണ് ജിസിസി ഉച്ചകോടിക്ക് സഊദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത് .2019 മേയില്‍ മക്കയിലാണ് അടിയന്തിര ഗള്‍ഫ് ഉച്ചകോടി നടന്നത് . അന്നത്തെ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അമീറിന് പകരം ഉച്ചകോടിയില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫയാണ് ഖത്തറിനെ പ്രധിനിധീകരിച്ച് പങ്കെടുത്തത്.

യെമനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനും, താത്കാലിക സര്‍ക്കാര്‍ പുനഃ സ്ഥാപനത്തിന് വഴിയൊരുക്കിയ ശേഷമുള്ള ആദ്യ ഉച്ചകോടി കൂടിയാണിത്.റിയാദ് ഉച്ചകോടി ഒരു നല്ല വഴിത്തിരിവാകുമെന്ന് കുവൈറ്റ് പ്രധാനമന്ത്രി സബ അല്‍ ഖാലിദ് അല്‍ സബ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.അതിനിടെ, നേരത്തേയുണ്ടായിരുന്ന അവസ്ഥയില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിപറഞ്ഞു

ഖത്തറുമായി ഉപരോധം നിലനില്‍ക്കുേമ്പാഴും ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായി സഊദി , യു എ ഇ , ബഹ്‌റൈന്‍ രാജ്യങ്ങള്‍ പങ്കെടുത്തതും, ഇരുപത്തിനാലാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനല്‍ മത്സരങ്ങള്‍ കാണുന്നതിനായി ബഹ്‌റൈനില്‍ നിന്നും പന്ത്രണ്ട് വിമാനങ്ങള്‍ ഖത്തറിലെത്തിയതും മഞ്ഞുരുക്കത്തിന്റെ പുതിയ ചുവടുവെപ്പായാണ് കാണുന്നത് .1970 ല്‍ ഗള്‍ഫ് കപ്പ് തുടങ്ങിയ ശേഷം ഇതുവരെ ജയത്തോടടുക്കാന്‍ കഴിയാതിരുന്ന ബഹ്‌റൈന് ലഭിച്ച ആദ്യ വിജയം ലഭിച്ചതും സഊദിയുടെയും ബഹ്‌റൈനിന്റെയും മത്സരങ്ങള്‍ കാണുന്നതിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ എത്തിയത് ഏറെ പ്രതീക്ഷയോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നോക്കികാണുന്നത്

നാല്‍പതാമത് ഉച്ചകോടിയിലേക്ക് ബഹ്‌റൈന്‍ പ്രതിനിധി സംഘത്തെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നയിക്കുമെന്ന് റോയല്‍ കോടതി അറിയിച്ചു.

ജി സി സി രാജ്യങ്ങള്‍ക്കിടയിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെ പല സുപ്രധാനമായ വിഷയങ്ങളും 40ാമത് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്ന് ജി.സി.സി സെക്രട്ടറി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് വ്യക്തമാക്കി

രാഷ്ട്രീയ, പ്രതിരോധം, സുരക്ഷ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും സമന്വയവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന വിഷയങ്ങള്‍ സല്‍മാന്റെ അധ്യക്ഷതയില്‍ നടക്കുന്ന ജിസിസി ഉച്ചകോടി ചര്‍ച്ചചെയ്യുമെന്നും ,വിവിധ രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, സുരക്ഷ, നിയമ മേഖലകളില്‍ സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിഷയങ്ങളാണ് അജണ്ടയില്‍ നിറഞ്ഞിരിക്കുന്നതെന്നും ഗള്‍ഫ് നേതാക്കള്‍ പ്രാദേശിക, അന്തര്‍ദേശീയ കാര്യങ്ങളില്‍ പ്രധാന പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജിസിസി സെക്രട്ടറി ജനറല്‍ പറഞ്ഞു .സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തെയും അംഗരാജ്യങ്ങള്‍ക്കിടയിലെ സാഹോദര്യ ബന്ധത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Latest