Connect with us

Articles

അഴിമതിക്ക് പുതിയ നിർവചനങ്ങൾ!

Published

|

Last Updated

നൂറ്റിയാറ് ദിവസത്തെ കസ്റ്റഡിയും 100 ദിവസത്തെ ജയില്‍വാസവും കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് മുന്‍ കേന്ദ്രമന്ത്രി ചിദംബരം ജാമ്യത്തിലിറങ്ങിയത്. ഐ എന്‍ എക്‌സ് മീഡിയയില്‍ നിന്ന് ഒന്പത് ലക്ഷം രൂപയുടെ കോഴവാങ്ങിയെന്നാണ് സി ബി ഐ പറയുന്ന ചാര്‍ജ് ഷീറ്റിലുള്ളത്. ചിദംബരത്തെപോലെ പരമ്പരാഗതമായി ധനികനായ ഒരാള്‍ ഒന്പത് ലക്ഷത്തിന്റെ കോഴ വാങ്ങിയെന്നൊക്കെ പറയുന്നതിന്റെ യുക്തി അവിടെ നില്‍ക്കട്ടെ; ഇതുവരെ ചിദംബരത്തിനെതിരെ ഒരു തെളിവുപോലും ഹാജരാക്കാന്‍ സി ബി ഐക്കോ എന്‍ഫോഴ്‌സ്‌മെന്റിനോ കഴിഞ്ഞില്ല. എങ്കില്‍പിന്നെ, രാജ്യത്തെ ഏറ്റവും സമർഥനായ അഭിഭാഷകന്മാരിലൊരാളായ, മുന്‍കേന്ദ്രമന്ത്രിയായ ഒരാളെ തിഹാര്‍ ജയിലിലടക്കം 100 ദിവസത്തിലധികം ജാമ്യം പോലും നിഷേധിച്ച് കസ്റ്റഡിയില്‍ വെക്കുക എന്നത് എങ്ങനെയാണ് സാധ്യമാകുന്നതും സാധൂകരിക്കപ്പെടുന്നതും?
സംഘ്പരിവാര്‍ അനുകൂല സങ്കേതങ്ങള്‍ അഭിമാനത്തോടെ ഘോഷിക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതും പ്രതിപക്ഷം ആരോപിക്കുന്നതുമായ ഒരു കാരണം ഇതിലുണ്ട്. അത് ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അമിത്ഷായെ സി ബി ഐ അറസ്റ്റ് ചെയ്ത് മൂന്ന് മാസം ജയിലിലിട്ടതാണ്. അന്ന്, അറസ്റ്റ് ഒഴിവാക്കാന്‍ അമിത് ഷായും ഇന്നത്തെ പ്രധാനമന്ത്രിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദിയും പലരൂപത്തില്‍ പ്രലോഭിപ്പിച്ചതും അപേക്ഷിച്ചതുമാണ്. അന്ന് അറസ്റ്റ് ഒഴിവാക്കിയില്ലെന്ന് മാത്രമല്ല, കേസ് കടുപ്പിക്കുകയാണ് ചിദംബരം ചെയ്തത്. അതിന്റെ പ്രതികാരമാണ് അമിത് ഷാ ഇപ്പോള്‍ ചിദംബരത്തോട് ചെയ്യുന്നതെന്നാണ് സംസാരം. ഒന്നാം എന്‍ ഡി എയുടെ അവസാനം തന്നെ സാമ്പത്തിക ഞെരുക്കം മണത്ത മോദിയും അമിത് ഷായും ചിദംബരത്തെ ബി ജെ പി പാളയത്തില്‍ എത്തിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ അതിസമർഥനായ ഈ മുതിര്‍ന്ന കോൺഗ്രസ് നേതാവിനെ ഉപയോഗിച്ച് മാന്ദ്യം മറികടക്കാമെന്ന് വ്യാമോഹിച്ചിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ തട്ടകമായ തമിഴ്‌നാട്ടില്‍ ബി ജെ പിയുടെ വേരോട്ടം ആഴത്തിലാക്കുകയുമാവാം. ഒട്ടുമിക്ക മാധ്യമങ്ങളും ബി ജെ പിയുടെ ഈ പദ്ധതിയെ ആഘോഷിക്കുകയും ചിദംബരത്തെ ബി ജെ പിയില്‍ “ചേര്‍ക്കുകയും” ചെയ്തിരുന്നു.
എന്നാല്‍, പളനിയപ്പന്‍ ചിദംബരം ഇന്ത്യന്‍ എക്‌സ്‌പ്രസിൽ തന്റെ കോളത്തിലൂടെയും പാര്‍ട്ടി പത്രസമ്മേളനങ്ങളിലൂടെയും കേന്ദ്രത്തിന്റെ സാമ്പത്തിക രാഷ്ട്രീയ നയങ്ങളെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നു. കേന്ദ്ര ക്യാബിനറ്റടക്കം അമിത് ഷായുടെ മായക്കൊട്ടാരത്തിലെ വലിയ വലിയ പ്രലോഭനങ്ങളും ഒപ്പം ഈ ഓഫറുകള്‍ നിരസിച്ചാല്‍ പോകുന്ന “ഭവിഷ്യത്തുകളും” ചിദംബരം അവഗണിച്ചു. അതോടെ ചിദംബരത്തെ പൂട്ടി. കര്‍ണാടകയിലെ കോൺഗ്രസിന്റെ ഏറ്റവും സമർഥനായ നേതാവ് ഡി കെ ശിവകുമാറിനെയും സമാനമായ രീതിയില്‍ ജയിലിലടച്ചു. ചിദംബരവും ഡി കെ ശിവകുമാറും ജയില്‍വാസമേറ്റെടുക്കുകയും പാര്‍ട്ടിയിലും പുറത്തും ജനകീയത വര്‍ധിപ്പിക്കുകയും ചെയ്തത് മിച്ചം. അതിനിടക്ക്, അമിത്ഷാ വിചാരിച്ചതുപോലെ രണ്ടുപേരെയും ജയില്‍കയറ്റി.

എന്നാല്‍, മഹാരാഷ്ട്രയില്‍ അമിത് ഷാക്ക് തീർത്തും അടിതെറ്റി. ഇല്ലാത്ത എം എല്‍ എമാരുടെ എണ്ണവും പറഞ്ഞ് തന്റെ പേരിലുണ്ടായിരുന്ന 70,000 കോടിയുടെ മഹാരാഷ്ട്രാ ജലസേചന അഴിമതിയില്‍ എന്‍ സി പി നേതാവ് അജിത് പവാര്‍ ക്ലീന്‍ ചിറ്റ് വാങ്ങി. ഭൂരിപക്ഷം ഒറ്റക്ക് തെളിയിക്കാന്‍ കഴിയാതെവന്ന, ശിവസേന കൂട്ടിനില്ലാത്ത ബി ജെ പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍ സി പിയുടെ 52 എം എല്‍ എമാരുടെ പിന്തുണ കാണിച്ച് ഫട്നാവിസിനെയും അമിത്ഷായെയും സ്വപ്‌നം കാണാന്‍ വിട്ടതാണ് അജിത് പവാര്‍. ഒന്നുകില്‍ അമിത് ഷാ നല്‍കിയ വാഗ്ദാനം, അല്ലെങ്കില്‍ അജിത് ചോദിച്ചുവാങ്ങിയ വിടുതി! നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് മുന്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അജിത് പവാറിന്റെ ഈ അഴിമതിക്കേസ് ബി ജെ പിക്ക് വലിയ വിഷയമായിരുന്നു എന്നതോര്‍ക്കണം.
പുതിയ ജനാധിപത്യ സമ്പ്രദായമാണ് ഇന്ത്യ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അധികാരം കൈപ്പിടിയിലൊതുക്കാന്‍ ഒരേസമയം പ്രലോഭനങ്ങളും ഭീഷണികളും മുന്നില്‍ വെച്ചുള്ള “തന്ത്രങ്ങള്‍.” തിരഞ്ഞെടുപ്പിലുടനീളം ഉയര്‍ത്തിക്കാണിക്കുകയും അധികാരത്തില്‍ വന്നാല്‍ നടപടിയെടുക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത അഴിമതിക്കേസുകള്‍ മണിക്കൂറുകള്‍കൊണ്ട് തേച്ചുമാച്ച് കളയുകയാണ് ബി ജെ പിയുടെ പുതിയ സ്ട്രാറ്റജി.

2014ല്‍ ബി ജെ പിയെ അധികാരത്തിലെത്തിച്ചത് യു പി എ കാലത്തുണ്ടായ അഴിമതികളായിരുന്നു. അണ്ണാഹസാരെയുടെ സമരം, വിനോദ് റായിയുടെ പുസ്തകം, കല്‍ക്കരി കുംഭകോണം, 2 ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് എന്നിങ്ങനെയുള്ള പടുകൂറ്റന്‍ അഴിമതിക്കഥകള്‍ യു പി എ സര്‍ക്കാറിന്റെ മൂന്നാം ഊഴമെന്ന സ്വപ്‌നത്തെ വലിച്ചുതാഴെയിട്ടു. എന്നാല്‍, മേല്‍പറഞ്ഞ കേസുകളിലൊന്നും തന്നെ എന്‍ ഡി എ സര്‍ക്കാറിന് യാതൊരു താത്പര്യവുമുണ്ടായില്ല. കോമണ്‍വെല്‍ത്ത് അഴിമതിയിലും 2ജി സ്‌പെക്ട്രം അഴിമതിയിലും യു പി എ സര്‍ക്കാര്‍ എടുത്ത നടപടികളേ ഉണ്ടായിട്ടുള്ളൂ. അപ്പോള്‍, അണ്ണാഹസാരെ, കെജ്‌രിവാള്‍, യോഗേന്ദ്ര യാദവ്, വിനോദ് റായി തുടങ്ങിയ ബഹളങ്ങളൊക്കെ ആരുടെ പദ്ധതിയായിരുന്നു? അധികാരത്തിലേക്ക് ബി ജെ പിയെ ആനയിച്ച കിടയറ്റ തിരക്കഥ മാത്രമായി അവയെല്ലാം അവശേഷിക്കുന്നു.

അഴിമതിയില്ലാത്തതും കള്ളപ്പണം ജനങ്ങള്‍ക്ക് നല്‍കുന്നതുമായ സര്‍ക്കാര്‍ ആയിരുന്നല്ലോ മോദിയുടെ വാഗ്ദാനം. ഒന്നാം എന്‍ ഡി എയുടെ പ്രധാന അവകാശവാദം തന്നെ അവിവാഹിതനായ പ്രധാനമന്ത്രിക്ക് അഴിമതി നടത്തിയിട്ടെന്ത് കാര്യം എന്നായിരുന്നു. എന്നാല്‍, അമിത് ഷാ അത്തരം സംഗതികളെ തകിടം മറിച്ചു. അഴിമതിക്ക് പുതിയ നിർവചനങ്ങള്‍ സൃഷ്ടിക്കുകയാണ് ഷാ ചെയ്യുന്നത്.
രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇലക്ട്രല്‍ ബോണ്ട് സംവിധാനം. ജനാധിപത്യ സംവിധാനത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് നിലവിലെ ഇലക്ടറല്‍ ബോണ്ട് സംവിധാനം പ്രവര്‍ത്തിക്കുന്നത്. 95 ശതമാനം ബോണ്ടുകളും ബി ജെ പിക്കാണ് ലഭിക്കുന്നത്. ബോണ്ട് നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കിവെക്കാനുള്ള ചട്ടങ്ങള്‍ ഈ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാമതുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിക്കുന്നതിനേക്കാള്‍ ഒന്പതിരട്ടിയാണ് ബി ജെ പിക്ക് ലഭിക്കുന്ന കോർപറേറ്റ് സംഭാവന വിഹിതം. ഇതിനുപുറമെയാണ് ഇലക്ട്രല്‍ ബോണ്ട് കുമിഞ്ഞുകൂടുന്നത്.
കര്‍ണാടകയിലെ ഓരോ കോണ്‍ഗ്രസ്, ദള്‍ എം എല്‍ എമാര്‍ക്ക് 100 കോടി വീതം വാഗ്ദാനം ചെയ്തിരുന്നു എന്ന യെദ്യൂരപ്പയുടെയും സദാനന്ദ ഗൗഡയുടെയും ഫോണ്‍ കോളുകള്‍ അടക്കമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ബി ജെ പിക്ക് ഇത്രയും അധികം പണം എവിടുന്ന്? തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വഴിവിട്ടു ചെലവഴിക്കുന്നതിനേക്കാള്‍ പണം തിരഞ്ഞെടുപ്പിന് ശേഷം ഭരണം അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നു എന്നത് ഇന്ത്യയുടെ ഭാവി എത്രമേല്‍ ദുരന്തമായിരിക്കും എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സാന്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള ചോദ്യങ്ങളെ ബി ജെ പി എങ്ങനെയാണ് നേരിടുന്നത്. പ്രതിപക്ഷത്തെ ഏതാനും നേതാക്കന്മാരല്ലാതെ ആരാണ് ഇത് ചോദിക്കുന്നത്? മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല. ഉണ്ടായിരുന്ന ദി വയറിന് മകന്‍ ഷായുടെ വക 150 കോടിയുടെ മാനനഷ്ടക്കേസിന്റെ നോട്ടീസ് അയച്ചുകിട്ടി. നോട്ടുനിരോധന കാലത്ത് അമിത് ഷാ അധ്യക്ഷനായ ബേങ്കില്‍ നിയമ വിരുദ്ധമായി നോട്ടുമാറ്റിക്കൊടുത്തുവെന്ന ആരോപണത്തിന് രാഹുല്‍ ഗാന്ധിയെയും കോടതി കയറ്റി അച്ഛന്‍ ഷാ. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതിയാരോപണങ്ങള്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെങ്കിലും ഇടപാട് സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയിരുന്നെന്നും അതില്‍ പ്രതിരോധ മന്ത്രാലയത്തിന് ആശങ്ക ഉണ്ടായിരുന്നെന്നും കരാര്‍ പൊതുമേഖലാ സ്ഥാപനത്തിന് നല്‍കാതെ ഇതുവരെ ഒരു കളിവിമാനം പോലും ഉണ്ടാക്കിയിട്ടില്ലാത്ത റിലയന്‍സിന് നല്‍കിയതിലെ ദുരൂഹതയും തുടങ്ങി റാഫേലിലെ ചോദ്യങ്ങള്‍ ഏറെയുണ്ട്. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ടെണ്ടര്‍ ലഭിച്ചത് ബി ജെ പിക്ക് സ്ഥിരമായി ഫണ്ട് നല്‍കുന്ന കമ്പനികളിലൊന്നായ വഡോദര ആസ്ഥാനമായുള്ള “ക്യൂബ് കണ്‍സ്ട്രക്്ഷന്‍ കമ്പനി”ക്കാണ്. തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ടിംഗ് നടത്തിയെന്ന് കേസുള്ള കമ്പനികളില്‍ നിന്നും ബി ജെ പി ഫണ്ട് സ്വീകരിച്ചിട്ടുണ്ട്. അത് മറ്റേതെങ്കിലും പ്രതിപക്ഷകക്ഷി ആയിരുന്നെങ്കിലോ? അതൊരു മുസ്്ലിം സംഘടനയായിരുന്നെങ്കിലോ? പ്രതിപക്ഷ രാഷ്ട്രീയത്തിനുമേല്‍ കുതിര കയറാന്‍ ഉപയോഗിക്കുന്ന അഴിമതിയെ, തീവ്രവാദത്തെ, സ്വജനപക്ഷപാതത്തെ എങ്ങനെയാണ് ബി ജെ പി ഉപയോഗിക്കുന്നത് എന്ന് കണ്ടില്ലേ? അമിത് ഷായും മോദിയും പാര്‍ട്ടിയും പുതിയ ഇന്ത്യയെ പണിയുന്നത് പുതിയ ജനാധിപത്യം പണിതുകൊണ്ടാണ്.

---- facebook comment plugin here -----

Latest