Connect with us

Business

സ്‌പെക്ട്രം കുടിശ്ശിക: കേന്ദ്രം ഇളവ് നല്‍കിയില്ലെങ്കില്‍ വോഡഫോണ്‍ ഐഡിയ പൂട്ടുമെന്ന് ബിര്‍ള

Published

|

Last Updated

ന്യൂഡല്‍ഹി | സ്‌പെക്ട്രം കുടിശ്ശിക അടച്ചുതീര്‍ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയില്ലെങ്കില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടുമെന്ന് കമ്പനി ചെയര്‍മാന്‍ കുമാര മംഗലം ബിര്‍ള. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റിലാണ് ബിര്‍ള ഭീഷണി മുഴക്കിയത്. തങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെങ്കില്‍ അത് വോഡഫോണ്‍ ഐഡിയയുടെ കഥയുടെ അവസാനമാകുമെന്നാണ് താന്‍ കരുതുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ബിര്‍ള മറുപടി നല്‍കി. 53,038 കോടി രൂപയാണ് കമ്പനി സ്‌പെക്ട്രം കുടിശ്ശികയായി അടക്കുവാനുള്ളത്.

ബിര്‍ളയുടെ നേതൃത്വത്തിലുള്ള ഐഡിയ സെല്ലുലാറും ബ്രിട്ടീഷ് ടെലികോം ഭീമന്‍ വോഡഫോണിന്റെ ഇന്ത്യ യൂണിറ്റും കഴിഞ്ഞ വര്‍ഷമാണ് ലയിച്ചത്. സൗജന്യ ഡാറ്റയും വോയിസ് കോളും നല്‍കി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വന്നതോടെയാണ് മറ്റു മൊബൈല്‍ കമ്പനികള്‍ പ്രതിസന്ധിയിലായത്. ജിയോക്ക് അനുസൃതമായി പ്ലാനുകള്‍ കുറയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായതോടെ കമ്പനികള്‍ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയായിരന്നു.

ഈ പ്രക്രിയയില്‍ വോഡഫോണ്‍ ഐഡിയ 1.17 ലക്ഷം കോടി രൂപയുടെ കടം ശേഖരിച്ചു. ക്രമീകരിച്ച മൊത്ത വരുമാന (എജിആര്‍) വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി ശരിവെച്ചതിനെത്തുടര്‍ന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് പണം നല്‍കുന്നതിന് വ്യവസ്ഥ ചെയ്തതിന് ശേഷം കോര്‍പ്പറേറ്റ് ഇന്ത്യയുടെ ഏറ്റവും വലിയ ത്രൈമാസ നഷ്ടം.

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, മറ്റ് ടെലികോം കമ്പനികള്‍ എന്നിവര്‍ ടെലികോം ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗ ചാര്‍ജുകളും അടക്കം 1.47 ലക്ഷം കോടി രൂപയും കഴിഞ്ഞ 14 വര്‍ഷത്തെ പലിശയും പിഴയുമാണ് സര്‍ക്കാറിലേക്ക് അടയ്ക്കുവാനുള്ളത്. പലിശയും പിഴയും എഴുതിത്തള്ളുന്നതിനായി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് അനുവദിച്ചാല്‍ കുടിശ്ശിക പകുതിയായി കുറയും.

Latest