എംജി ഇസെഡ് എസ് ഇലക്ട്രിക് എസ് യു വി ഇന്ത്യയില്‍ പുറത്തിറക്കി

Posted on: December 5, 2019 4:01 pm | Last updated: December 5, 2019 at 4:01 pm

മുംബൈ | എംജി മോട്ടോര്‍ ഇന്ത്യ എംജി ഇസെഡ് ഇലക്ട്രിക് എസ് യു വി ഇന്ത്യയില്‍ പുറത്തിറക്കി. ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ എംജിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമാണിത്. എംജി ഹെക്ടര്‍ ആണ് ഇന്ത്യയില്‍ അവര്‍ ആദ്യമായി അവതരിപ്പിച്ചത്. ബ്രിട്ടനില്‍ പുറത്തിറക്കിയ ഇലക്ട്രിക് എസ് യു വിയുടെ അതേ സവിശേഷതകള്‍ തന്നെയാണ് ഇന്ത്യില്‍ പുറത്തിറക്കിയ പതിപ്പിനുമുള്ളത്. കാറിന്റെ വില ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹ്യുണ്ടായി കൊനയോടാകും ഇസഡിന്റെ മത്സരം.

എംജി ഇസെഡ് ഇവി ഒരു കോംപാക്റ്റ് എസ്‌യുവിയാണ്. എന്നാല്‍ കാഴ്ചയില്‍ ഇതിന് ഒരു ക്രോസ് ഓവര്‍ ലുക്കുണ്ട്. ഹ്യുണ്ടായ് ക്രെറ്റയേക്കാള്‍ നീളവും എംജി ഹെക്ടറിനേക്കാള്‍ ചെറുതുമാണ് ഈ കാര്‍. 4314 മില്ലീമീറ്റര്‍ നീളവും 1809 മില്ലീമീറ്റര്‍ വീതിയും 1620 മില്ലീമീറ്റര്‍ ഉയരവും 2579 മില്ലീമീറ്റര്‍ വീല്‍ബേസുമാണ് ഇതിന്റെ പ്രത്യേകത.

ബ്രിട്ടനില്‍ പുറത്തിറക്കിയ ഇലക്ട്രിക് എസ് യു വിയുടെ അതേ സവിശേഷതകള്‍ തന്നെയാണ് ഇന്ത്യില്‍ പുറത്തിറക്കിയ പതിപ്പിനുമുള്ളത്.

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ കൊണ്ട് ചുറ്റപ്പെട്ട വിശാലമായ ക്രോം സ്റ്റഡ് ഗ്രില്ലാണ് എക്സ്റ്റീയറിന് അഴക് പകരുന്നത്. ഒതുക്കമുള്ള ഇന്റീരിയറും കാറിന്റെ സവിശേഷതയാണ്. കറുപ്പ് നിറത്തിലുള്ളതാണ് ഡാഷ്‌ബോര്‍ഡ്. ഡാഷില്‍ സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍, ഡോര്‍ പാഡുകള്‍, വൃത്താകൃതിയിലുള്ള എയര്‍കോണ്‍ വെന്റുകള്‍ എന്നിവ രണ്ട് അറ്റത്തും ഉണ്ട്. ഇത് പ്രീമിയം അനുഭവം നല്‍കുന്നു.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സംവിധാനമാണ് എംജി ഇസഡ് ഇവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫ്‌ലാറ്റ് ബോട്ടംഡ് സ്റ്റിയറിംഗ് വീല്‍, മുന്നിലും പിന്നിലും യുഎസ്ബി മൊബൈല്‍ ചാര്‍ജിംഗ്, ബ്ലൂടൂത്ത് പ്രവര്‍ത്തനം, റിയര്‍ വ്യൂ ക്യാമറ എന്നിവയുമുണ്ട്. സണ്‍റൂഫ് ആഗ്രഹിക്കുന്നവര്‍ക്ക്, എംജി മോട്ടോര്‍ ഇന്ത്യ കാറില്‍ പനോരമിക് സണ്‍റൂഫും വാഗ്ദാനം ചെയ്യുന്നു.

44.5 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കാകും കാറില്‍ ഉണ്ടാകുക. ഇത് രൊറ്റ ചാര്‍ജില്‍ 340 കിലോമീറ്റര്‍ പരിധി വാഗ്ദാനം ചെയ്യുന്നു. 50 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ ലിഥിയം അയണ്‍ യൂണിറ്റ് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് 7.4 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് ഏഴു മണിക്കൂര്‍ കൊണ്ടും ചാര്‍ജ് ചെയ്യാവുന്നതാണ്. എല്ലാ ഇസഡ് ഇവി കാറുകളിലും കമ്പനി 7.4 കിലോവാട്ട് ചാര്‍ജറാണ് നല്‍കുന്നത്.

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സിന്‍ക്രണസ് മോട്ടോറിന് 141 ബിഎച്ച്പി, 353 എന്‍എം പീക്ക് ടോര്‍ക്ക് വികസിപ്പിക്കാന്‍ കഴിയും. വെറും 8 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് കഴിയും.