Connect with us

Articles

ഭയത്തിന്റെ കാലത്തും ചാട്ടുളി പോലൊരാള്‍

Published

|

Last Updated

ബ്രിട്ടീഷുകാര്‍ വാഴുന്ന കാലം. വിധേയത്വമായിരുന്നു വ്യവസ്ഥ. അക്കാലം ഭയന്നിട്ടില്ല ജംനാലാല്‍ ബജാജ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്കൊപ്പം നിന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി. ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. അക്കാലം വ്യവസായിയായിക്കഴിഞ്ഞിരുന്നു ജംനാലാല്‍ ബജാജ്. വ്യവസായ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഭരണകൂടവുമായി സന്ധി ചെയ്യണമെന്ന് തോന്നിയതേയില്ല അദ്ദേഹത്തിന്. വൈദേശികാധിപത്യത്തിന് മുന്നില്‍ തല കുനിയരുതെന്ന നിര്‍ബന്ധമായിരുന്നു ജംനാലാല്‍ ബജാജിനെ നയിച്ചത്. ഗാന്ധിജിയോടുള്ള ആദരവിന് അളവില്ലായിരുന്നു. വാര്‍ധയില്‍ 20 ഏക്കര്‍ സ്ഥലം ഗാന്ധിജിക്ക് സൗജന്യമായി നല്‍കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജമേകാന്‍ തന്റെ നാടുമുണ്ടാകണമെന്ന തോന്നലായിരുന്നു ജംനാലാലിന്.

കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ബൂര്‍ഷ്വയാണ് ജംനാലാല്‍ ബജാജ്. സ്വന്തം വ്യവസായ സാമ്രാജ്യം സ്ഥാപിച്ച് അതിന്റെ നിലനില്‍പ്പിന് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്ന ബൂര്‍ഷ്വ. അതായിരിക്കെ തന്നെ, സ്വാതന്ത്ര്യത്തെക്കുറിച്ച്, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശത്തെക്കുറിച്ച് ഒക്കെ ചിന്തിച്ചിട്ടുണ്ടാകണം ജംനാലാല്‍ ബജാജ്.

അതുകൊണ്ടാകണം, വൈദേശികാധിപത്യത്തില്‍ നിന്ന് രാജ്യം സ്വതന്ത്രമാകണമെന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടാകുക. അക്കാലം മാര്‍വാഡികള്‍ വ്യവസായത്തില്‍ സജീവമായിരുന്നു. ഏതാണ്ടെല്ലാവരും ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള കൂറ് പ്രഖ്യാപിച്ച് സ്വന്തം വ്യവസായത്തിന്റെ ഉന്നതി ഉറപ്പാക്കിയിരുന്നു. അപ്പോഴാണ് ജംനാലാല്‍ ബജാജ്, ഗാന്ധിജിയുമായി ബന്ധം സ്ഥാപിക്കുന്നതും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോകുന്നതും. പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളിനെ അലങ്കരിക്കുന്നുണ്ട് വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചിത്രം. സ്വാതന്ത്ര്യ സമരത്തിലെ “ജ്വലിക്കുന്ന” സ്മരണയായാണ് സവര്‍ക്കറെ ഹിന്ദുത്വ രാഷ്ട്രീയം അടയാളപ്പെടുത്തുന്നത്. അറസ്റ്റിലായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ തടവറയിലേക്ക് അയക്കപ്പെട്ടതിന് ശേഷം, ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പപേക്ഷിച്ചും അവരുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ശിഷ്ടകാലം പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് ഉറപ്പ് നല്‍കിയും സവര്‍ക്കര്‍ എഴുതിയ കത്തുകള്‍ നിരവധിയാണ്. രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തിന്റെ പേരില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പ് ചോദിക്കണമെന്നോ അതുവഴി സ്വന്തം വ്യവസായത്തിന്റെ മേല്‍ഗതി ഉറപ്പാക്കണമെന്നോ ഒരിക്കലും തോന്നിയിട്ടില്ല ജംനാലാല്‍ ബജാജിന്.

ജംനാലാല്‍ ബജാജിന്റെ മകനാണ് രാഹുല്‍ ബജാജ്. പിതാവ് തുടങ്ങിവെച്ച വ്യവസായ സംരംഭത്തെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിച്ച മകന്‍. ഇന്ത്യയിലെ ശത കോടീശ്വരന്‍മാരുടെ കണക്കെടുത്താല്‍ ഒട്ടും പിറകിലല്ലാതെയുണ്ടാകും രാഹുല്‍ ബജാജ്. വ്യവസായ സംരംഭങ്ങളുടെ സാരഥി എന്ന നിലയില്‍ ഭരണകൂടത്തിന്റെ പിന്തുണ അനിവാര്യമായി വേണ്ട ഒരാള്‍. ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്ര ഭരണകൂടത്തിന്റെ പിന്തുണ ഏറ്റവും അനിവാര്യമായ ഒരാള്‍. ആ വ്യക്തിയാണ് പരമോന്നത അധികാരത്തെ നിയന്ത്രിക്കുന്ന, ആഭ്യന്തര മന്ത്രി അമിത് ഷായെ വേദിയിലിരുത്തി, രാജ്യം ഭയത്തിന്റെ പിടിയിലാണെന്ന് പരസ്യമായി പറഞ്ഞത്. പലരും പറയാന്‍ മടിക്കുന്ന സത്യം ഉറക്കെ പറയാന്‍ രാഹുല്‍ ബജാജിന് കരുത്തായത്, ബ്രിട്ടീഷ് ആധിപത്യത്തെ ഭയക്കാതിരുന്ന പിതാവിന്റെ ഓര്‍മകളായിരുന്നിരിക്കണം. വൈദേശികാധിപത്യത്തോട് ഭയമില്ലാതെ പോരാടിയ പാരമ്പര്യമുള്ള ഒരു ജനതക്ക്, തങ്ങള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന ആഭ്യന്തര ഫാസിസത്തെ ഭയക്കേണ്ടതില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു രാഹുല്‍ ബജാജ്.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, രാജ്യത്തെ സമ്പദ് വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയത് ഏതാണ്ടെല്ലാ മേഖലകളെയും തകര്‍ത്തു. വേണ്ട മുന്നൊരുക്കമില്ലാതെ ചരക്ക് സേവന നികുതി നടപ്പാക്കിയത് പ്രതിസന്ധി രൂക്ഷമാക്കി. സാമ്പത്തിക വളര്‍ച്ച തിരികെപ്പിടിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ ഉഴലുന്ന ഭരണകൂടത്തെയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ ആറാം പാദത്തിലും വളര്‍ച്ചാ നിരക്ക് താഴേക്ക് വന്നു. ഏഴ് വര്‍ഷത്തിന് ശേഷം വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്കുവന്നു. വിപണിയിലെ മാന്ദ്യം കണക്കിലെടുക്കുമ്പോള്‍ പ്രതിസന്ധി തുടരുമെന്ന് തന്നെ കണക്കാക്കണം. വ്യവസായ സമൂഹത്തെ സംബന്ധിച്ച് വലിയ ആശങ്ക സമ്മാനിക്കുന്നതാണ് ഈ സാഹചര്യം. സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യമെത്തുകയും അത് മറികടക്കാന്‍ പാകത്തിലുള്ള നടപടികളിലേക്ക് ഭരണകൂടം കടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ വ്യവസായ സമൂഹം നേരത്തേ തന്നെ ചോദ്യം ചെയ്തിട്ടുണ്ട്.

അതിനപ്പുറത്തേക്ക് ഭരണകൂടത്തെ വിമര്‍ശിക്കാനോ, രാജ്യത്ത് സമാധാനമുണ്ടായാലേ നിക്ഷേപമുണ്ടാകൂ എന്ന് ഓര്‍മിപ്പിക്കാനോ ആരും തയ്യാറായിരുന്നില്ല. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുകയും ശിക്ഷ തീരുമാനിച്ച് നടപ്പാക്കുകയും ചെയ്യുന്ന അവസ്ഥ രാജ്യത്തെ തന്നെയാണ് തകര്‍ക്കുക എന്ന് ഓര്‍മിപ്പിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ആ ധൈര്യം കാണിക്കാന്‍ രാഹുല്‍ ബജാജിനെപ്പോലൊരു വ്യവസായി തയ്യാറാകുന്നുവെന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള പ്രതീക്ഷക്ക് ഊര്‍ജമേകുന്നുണ്ട്.

വിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്നത്, ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും രീതിയാണ്. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത പുലര്‍ത്തുക എന്നതല്ല, മറിച്ച് വിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. ആ അജന്‍ഡ ഏതാണ്ട് ഭംഗിയായി നടപ്പാക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാറും. വിരുദ്ധാഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ പാകത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. രാജ്യസ്‌നേഹത്തിന്റെ കാര്യത്തില്‍ ഭരണകൂടം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് കുറ്റകരമായി മാറുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

സ്വതന്ത്രമായി ചിന്തിക്കുന്ന ഏത് പൗരനും രാജ്യദ്രോഹിയായി മാറാമെന്നതാണ് സാഹചര്യം. ഇത് മനസ്സിലാക്കി മൗനത്തിന്റെ തടവറയില്‍ സ്വയം അടക്കാന്‍ തയ്യാറാകുകയാണ് പലരും. രാഹുല്‍ ബജാജ് സൂചിപ്പിച്ചതും അതു തന്നെയാണ്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്ത്, ഭരണകൂടത്തിന്റെ ചെയ്തികളിലെ നീതികേടിനെക്കുറിച്ച്, അവരുടെ അഴിമതികളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാന്‍ ആര്‍ക്കും പ്രയാസമുണ്ടായിരുന്നില്ല. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും അനുവദിച്ചതിലെ നഷ്ടത്തെക്കുറിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ മുന്നോട്ടുവെച്ച അഭ്യൂഹക്കണക്കിനെ ആധാരമാക്കി സര്‍ക്കാറിനെ, വകുപ്പ് ഭരിച്ച മന്ത്രിയെ, ആ മന്ത്രിക്ക് അവസരമൊരുക്കിയ പ്രധാനമന്ത്രിയെ ഒക്കെ തടസ്സങ്ങളേതുമില്ലാതെ വിമര്‍ശിച്ചിരുന്നു നമ്മള്‍.

മാധ്യമങ്ങളിലാകെ അതേക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നിറഞ്ഞിരുന്നു. ഇക്കാലത്ത് അത്തരത്തിലൊരു വിമര്‍ശനം സാധ്യമാകുമോ എന്നാണ് രാഹുല്‍ ബജാജ് ചോദിക്കുന്നത്. ഭരണകൂടത്തെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം അര്‍ഥവത്താണോ എന്ന് കൂടിയാണ് ചോദ്യം.
മാതൃക ഗുജറാത്താണ്. അതങ്ങനെയാണ് എന്ന് നരേന്ദ്ര മോദിയും അമിത് ഷായും പലകുറി പറഞ്ഞിട്ടുമുണ്ട്. വംശഹത്യാ ശ്രമത്തിലൂടെ, വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലൂടെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി അധികാരത്തുടര്‍ച്ച സാധ്യമാക്കിയ ഗുജറാത്ത് മാതൃക. അത് അതേപടി രാജ്യത്ത് ആവര്‍ത്തിക്കുന്നില്ല എന്നേയുള്ളൂ. നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ, ആള്‍ക്കൂട്ട ആക്രമണങ്ങളെ സാധൂകരിക്കും വിധത്തില്‍ ഭരണകൂടം തുടരുന്ന മൗനത്തിലൂടെ, ജനതയിലൊരു വിഭാഗത്തെ രാജ്യത്തു നിന്ന് പുറന്തള്ളാന്‍ സ്വീകരിക്കുന്ന നടപടികളിലൂടെ, ഏതാണ്ടെല്ലാ സംവിധാനങ്ങളെയും സംഘ്പരിവാര്‍ അജന്‍ഡകള്‍ നടപ്പാക്കാനുള്ള ഉപാധികളായി മാറ്റാനുള്ള ശ്രമങ്ങളാണ്.

ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ അധികാരം ഉപയോഗപ്പെടുത്തുന്നതിലൂടെയും സംഘ്പരിവാരം വ്യാഖ്യാനിക്കുന്നതാണ് ഭൂരിപക്ഷ മതത്തിന്റെ ഇംഗിതമെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിലൂടെയും വളര്‍ത്തപ്പെടുന്ന ഭയത്തെക്കുറിച്ചാണ് ബജാജ് ഗ്രൂപ്പിന്റെ മേധാവി സൂചിപ്പിക്കുന്നത്. മഹാത്മാ ഗാന്ധി അയിത്തോച്ചാടനം അജന്‍ഡയായി സ്വീകരിക്കുന്നതിന് മുമ്പ്, കുടുംബത്തിന്റെ അധീനതയിലുള്ള ക്ഷേത്രത്തില്‍ ദളിതുകള്‍ക്ക് പ്രവേശനം അനുവദിച്ച ചരിത്രമുണ്ട് ജംനാലാല്‍ ബജാജിന്. ആ ചരിത്രത്തിന്റെ ബലത്തിലാണ് രാഹുല്‍ ബജാജ് സംസാരിക്കുന്നത്. അതിനൊരു കരുത്തുണ്ട്, ഏകാധിപത്യത്തിലേക്ക് ചായുന്ന ഭരണകൂടത്തെ ഉലയ്ക്കാന്‍ പാകത്തിലുള്ള കരുത്ത്. ഏകാധിപത്യത്തെ ചെറുക്കാന്‍ തങ്ങള്‍ക്ക് ത്രാണിയുണ്ടോ എന്ന് സംശയിക്കുന്ന പ്രതിപക്ഷത്തിന് ഊര്‍ജം പ്രദാനം ചെയ്യുന്ന കരുത്ത്.
താന്‍ ആരംഭിച്ച വ്യവസായത്തിന്റെ ഭാവി കരുതിയല്ല ജംനാലാല്‍ ബജാജ് സംസാരിച്ചതും പ്രവര്‍ത്തിച്ചതും. അതിന്റെ ആവര്‍ത്തനമാണ് രാഹുല്‍ ബജാജിലൂടെ സംഭവിക്കുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചാണ് വേവലാതി. ഭീതിയില്‍ അമരുന്ന രാജ്യത്തെക്കുറിച്ചാണ് വേവലാതി. അവിടെ ഭയമില്ലെന്ന് കൂടിയാണ് രാഹുല്‍ ബജാജ് പറഞ്ഞുവെക്കുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest