Connect with us

Articles

ഈ നാടകം ട്രാജഡിയോ കോമഡിയോ?

Published

|

Last Updated

ജനാധിപത്യത്തിന്റെ ഏ റ്റവും മോശപ്പെട്ട മുഖം വെളിപ്പെട്ട മഹാരാഷ്ട്രയിലെ രാഷ്ട്രീയ മഹാ നാട കത്തിന്റെ അന്ത്യം (അവസാനമായോ എന്ന് പറയാന്‍ കഴിയില്ലെങ്കിലും) മ റ്റെല്ലാ ആകാംക്ഷകളും ആശങ്കകളും മാറ്റി വെച്ചാല്‍ ശുഭമായി എന്ന് പറയാം. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എക്കു ഒരു സംസ്ഥാനത്തില്‍ കൂടി ഭരണമില്ലാതായി എന്നത് മാത്രമല്ല അതിനു കാരണം. മോദി പ്രഭാവം നിലനില്‍ക്കുമ്പോഴും പല സംസ്ഥാനങ്ങളിലും അവര്‍ക്കു ഭരണം നഷ്ടമായിട്ടുണ്ട്, പ്രത്യേകിച്ചും അവര്‍ ഒറ്റക്ക് മത്സരിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ ഇടങ്ങളില്‍. അവര്‍ക്കു നേട്ടങ്ങള്‍ പ്രധാനമായും ഉണ്ടായത് ശക്തരായ സഖ്യകക്ഷികള്‍ ഉള്ളിടങ്ങളിലാണ്. ആശയപരമായി ബി ജെ പിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സഖ്യകക്ഷിയായ ശിവസേന തന്നെ അവരെ വിട്ടു പോകുന്നതോടെ മറ്റിടങ്ങളിലെ സഖ്യകക്ഷികള്‍ക്കും ഇതിന് ധൈര്യം കിട്ടും എന്നത് ഒരു നല്ല കാര്യമാണ്. അതിനുമപ്പുറം സഭയിലെ അംഗസംഖ്യ എത്ര കുറവാണെങ്കിലും അധികാരത്തിന്റെയും പണത്തിന്റെയും പിന്‍ബലത്തില്‍ കുതന്ത്രങ്ങള്‍ കൊണ്ട് ഭരണം പിടിക്കാമെന്ന അവരുടെ ആത്മവിശ്വാസത്തിനുള്ള കനത്ത തിരിച്ചടിയായി ഇതിനെ കാണാം. ജനാധിപത്യത്തിന്റെ തൂണുകള്‍ക്കെല്ലാം മീതെ റിസോര്‍ട്ട് ജനാധിപത്യം വന്നിരിക്കുന്നു തുടങ്ങിയ തമാശകള്‍ പുതിയതല്ല. കര്‍ണാടകയിലും മറ്റും അവര്‍ നേടിയ വിജയം ഇവിടെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇതൊക്കെ സന്തോഷമുണ്ടാകുന്ന കാര്യങ്ങളാണ്.

ഇതില്‍ ആശങ്ക ഉണര്‍ത്തുന്ന ചില വിഷയങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍, അഥവാ അഴിമതിയില്‍ പിടിക്കപ്പെടാതിരിക്കാന്‍ വേണ്ട ഒന്നായി ഇത്തരം കാലുമാറ്റങ്ങളെ ഉപയോഗിക്കുന്നു എന്നത് ഒട്ടും തന്നെ ആശാവഹമല്ല. അജിത് പവാറിനും മറ്റു കുടുംബാംഗങ്ങള്‍ക്കും എതിരെയുള്ള കേസുകളാണ് കൂറുമാറ്റത്തിനുള്ള ആയുധമായി പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ബി ജെ പിക്ക് അഴിമതിയോടുള്ള സമീപനം ഇതില്‍ നിന്ന് വ്യക്തമാണ്. അഴിമതിക്കെതിരെ വലിയ വായില്‍ പ്രസംഗിച്ച് അധികാരത്തില്‍ വന്നവര്‍ക്ക് കഴിഞ്ഞ അഞ്ചര വര്‍ഷങ്ങള്‍ക്കിടയില്‍ ഒരൊറ്റ അഴിമതിക്കേസില്‍ പോലും ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഓര്‍ക്കണം.
ശിവസേന എന്ന കക്ഷിക്ക് ചരിത്രത്തിലുള്ള സ്ഥാനം നമ്മെ തീര്‍ച്ചയായും ആകുലരാക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കടുത്ത മുസ്‌ലിം, ദളിത് വിരുദ്ധത ഉയര്‍ത്തുന്നവരാണ് ശിവസേന. ഒപ്പം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും അവര്‍ നിര്‍ദയം യുദ്ധപ്രഖ്യാപനം നടത്തുന്നു. ഹിംസയുടെ പാതയാണ് അവര്‍ മിക്കപ്പോഴും പിന്തുടര്‍ന്നിട്ടുള്ളത്. ബാബരി പള്ളി തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ സംഘ്പരിവാറിനേക്കാള്‍ വാശിയോടെ രംഗത്തിറങ്ങിയവരാണ് ശിവസേന. മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാര്‍ക്ക് മുംബൈയില്‍ ഏറ്റവുമധികം ഭീഷണി ഉയര്‍ത്തിയത് ശിവസേനയാണ്. വന്‍കിട തുണി മില്ലു മുതലാളിമാര്‍ക്കു വേണ്ടി യൂനിയനുകളെ തകര്‍ക്കാനും നേതാക്കളെ വകവരുത്താനും വരെ ഇവര്‍ തയ്യാറായിട്ടുണ്ട്. മതേതര കക്ഷികള്‍ അവര്‍ക്കു പിന്തുണ നല്‍കുക വഴി സമൂഹത്തില്‍ വിപരീത ദിശയിലുള്ള ചലനങ്ങള്‍ ഉണ്ടാക്കുമെന്ന ഭയം അസ്ഥാനത്തല്ല. യാതൊരു വിധ മാറ്റങ്ങളും അവര്‍ പ്രത്യയശാസ്ത്ര നിലപാടുകളില്‍ വരുത്തിയിട്ടില്ല. ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം എന്ന ഒറ്റ അജന്‍ഡയേ അവര്‍ക്കുള്ളൂ. നാളെ ബി ജെ പി തന്നെ ഇദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ തയ്യാറായാല്‍ തിരിച്ച് പോയിക്കൂടെന്നുമില്ല.

എങ്കിലും ചില പ്രതീക്ഷകള്‍ മതേതര കക്ഷികള്‍ക്കുണ്ട്. ഒപ്പം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കും. കോണ്‍ഗ്രസ് ഈ സഖ്യത്തിന്റെ വരും വരായ്കകള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണ്. ഇവരോട് ചേര്‍ന്നാല്‍ നാളിതുവരെ എടുത്ത നിലപാടുകളുടെ നിഷേധമായിപ്പോകുമെന്ന ആശങ്ക അസ്ഥാനത്തല്ല. എങ്കിലും സംഘ്പരിവാറിന്റെ ആസ്ഥാനമായ മഹാരാഷ്ട്രയില്‍ അവരെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് ചെറിയ കാര്യമല്ല. തന്നെയുമല്ല ശിവസേന എന്നത് കേവലം ഒരു പ്രാദേശിക കക്ഷി മാത്രം. കശ്മീരിലെ പി ഡി പിയെ ബി ജെ പി കൂടെ നിര്‍ത്തിയതു പോലെ ഒരു സാഹസത്തിനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തയ്യാറായിട്ടുള്ളത്. എന്‍ സി പിക്ക് അത്തരം ഒരു ആശങ്കയും ഇല്ല. മുമ്പും ഇങ്ങനെ രണ്ടും മൂന്നും വള്ളങ്ങളില്‍ ചവിട്ടി നിന്നവരാണവര്‍. ബി ജെ പിക്കും കോണ്‍ഗ്രസിനും ഇടതു പക്ഷത്തിനുമൊപ്പം ഒരേ സമയത്ത് അവര്‍ നിന്നിട്ടുണ്ട്.

ഇതിന്റെ ഭാവി എന്ത് എന്നതാണ് എല്ലാവരുടെയും ആശങ്ക. ശിവസേന തങ്ങളുടെ സങ്കുചിത മത, ജാതി, വര്‍ഗ താത്പര്യങ്ങള്‍ മുഴുവന്‍ ബലികഴിച്ച് ഇതില്‍ തുടരുമെന്ന് ആരും കരുതുന്നില്ല. മറ്റുള്ളവരെപ്പോലെ അവര്‍ക്കിത് ഒരു താത്കാലിക താവളം മാത്രം. ഭരണത്തില്‍ പങ്കാളികള്‍ ആയിരിക്കുമ്പോള്‍ പോലും ബി ജെ പിയുടെ പല സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ പ്രതിപക്ഷത്തോടൊപ്പം നിന്നവരാണ് ശിവസേന എന്നത് മറന്നു പോകരുത്. പ്രത്യേകിച്ചും നോട്ടു നിരോധനം, ജി എസ് ടി തുടങ്ങിയ ഗൗരവതരമായ വിഷയങ്ങളില്‍ അവരുടെ സ്വരം വളരെ കടുത്തതായിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങളില്‍ അവര്‍ പ്രതിപക്ഷത്തോടൊപ്പമായിരുന്നു. ഏതു വര്‍ഗീയ മുദ്രാവാക്യങ്ങളെക്കാളും ജനങ്ങള്‍ക്കാവശ്യം ഇത്തരം നിലപാടുകള്‍ ആണല്ലോ. കടുത്ത വിഭാഗീയ, വര്‍ഗീയ വിഷം പുറത്തെടുക്കാന്‍ അവര്‍ക്കു സാധിക്കാതെ വരും എന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരും ഉണ്ട്. ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഹിതകരമായ ഭരണം നടത്തിയാല്‍ ജനങ്ങള്‍ ഒരിക്കലും വര്‍ഗീയ അജന്‍ഡക്ക് കീഴ്‌പ്പെടില്ലെന്നു വിശ്വസിക്കാനാണ് മതേതര വാദികള്‍ക്ക് താത്പര്യം.
വാല്‍ക്കഷ്ണം: മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് ഒരു രസകരമായ നിരീക്ഷണമുണ്ട്.
രണ്ടാമത്തെ തവണയും മുഖ്യമന്ത്രിയാകുമെന്ന വീരവാദം ഫട്‌നാവിസ് മൂന്ന് ദിവസത്തേക്കെങ്കിലും സാധ്യമാക്കി. അയാള്‍ സന്തുഷ്ടനാണ്. ബി ജെ പിക്ക് താത്കാലിക പിന്തുണ നല്‍കി തന്റെ പേരിലുള്ള 70,000 കോടിയുടെ അഴിമതിക്കേസില്‍ നിന്ന് ഒഴിവായിക്കിട്ടി. അജിത് പവാറും സന്തുഷ്ടന്‍. മുഖ്യമന്ത്രിസ്ഥാനം സ്വപ്‌നം കണ്ട ശിവസേനക്ക് അത് കിട്ടി. സന്തോഷമായി. ഒന്നും ചെയ്യാതിരുന്ന കോണ്‍ഗ്രസിന് ഭരണത്തില്‍ പങ്കു കിട്ടിയതില്‍ സന്തോഷം. ഒരു ഭരണതന്ത്രജ്ഞന്‍ എന്ന നിലയില്‍ പുതിയ സര്‍ക്കാറില്‍ താക്കോല്‍ സ്ഥാനം കിട്ടിയതിനാല്‍ ശരദ് പവാറിന് സന്തോഷം. ഭൂരിപക്ഷമില്ലെങ്കിലും ആദ്യം ബി ജെ പിയെ വിളിച്ച് മോദി ഭക്തി കാട്ടാന്‍ കഴിഞ്ഞതിനാല്‍ ഗവര്‍ണര്‍ക്കും സന്തോഷം. ഇത്ര വലിയ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ വാര്‍ത്താപരമ്പര കിട്ടിയ മാധ്യമങ്ങള്‍ക്കും ആഹ്ലാദം. പിന്നെ പാവപ്പെട്ട വോട്ടര്‍മാരായ ജനം. ആര്‍ക്കു വോട്ടു ചെയ്താലും കക്ഷികള്‍ക്കും നേതാക്കള്‍ക്കും വിലപേശാന്‍ കഴിയും വിധമുള്ള പ്രതിനിധികളെയാകും തങ്ങള്‍ തിരഞ്ഞെടുക്കുക എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകുന്നു, അഥവാ കൂടുതല്‍ ഉറപ്പിക്കാന്‍ കഴിയുന്നു. അതിനും പുറമെ ഏതു ഹോളിവുഡ് സിനിമയെയും വെല്ലുന്ന ഒരു നാടകം കാണാന്‍ കഴിഞ്ഞതില്‍ അവരും സന്തോഷിക്കുന്നു.

സി ആര്‍ നീലകണ്ഠന്‍