‘മീശ’ക്കെതിരായ ആക്രമണങ്ങളെ തുറന്നെതിര്‍ത്ത് ആദിത്യന്റെ ഏകാഭിനയം

Posted on: November 30, 2019 12:20 am | Last updated: October 18, 2020 at 12:18 am

കാഞ്ഞങ്ങാട് | ഏറെ വിവാദങ്ങള്‍ക്ക് വഴിതുറന്ന മീശ നോവലിന്റെ പ്രസക്തമായൊരു ഭാഗം അവതരിപ്പിച്ച് കെ ആദിത്യന്‍ സ്വന്തമാക്കിയത് നിറഞ്ഞ കൈയടിയും എ ഗ്രേഡും. മീശയെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ മോശമായി ചിത്രീകരിക്കുകയും വര്‍ഗീയ നിറം ചാര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ നോവലിനെ പോസറ്റീവായി സമൂഹത്തിനു മുന്നില്‍ തുറന്നിടുകയാണ് ആദിത്യന്‍ ചെയ്തത്.
ഇതിനു പുറമെ ഒരു ആവിഷ്‌കാരത്തെ അനാവശ്യമായി വിവാദമാക്കിയതിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. അഭിനയ പാടവത്താലും ഭാഷാ ശുദ്ധിയാലും ആശയത്തെ സുതാര്യമായി അനുവാചകനിലേക്ക് പകരുന്നതില്‍ ആദിത്യന്‍ വിജയിച്ചു.

മടിക്കൈ ജി എച്ച് എസ് എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ പ്രതിഭ. ചട്ടഞ്ചാല്‍ സ്‌കൂളിലെ അധ്യാപകനായ ശശി നീലേശ്വരമാണ് ആദിത്യന് മോണോ ആക്ട് പരിശീലനം നല്‍കുന്നത്. മടിക്കൈ നൂന്നിയിലെ രവീന്ദ്രന്‍-ശാരിക ദമ്പതികളുടെ മകനാണ്.