ഒരു നേപ്പാൾ ഡയറി

യാത്ര
Posted on: November 25, 2019 7:42 pm | Last updated: November 25, 2019 at 7:44 pm

അയൽ രാജ്യമാണെങ്കിലും ചാടിക്കേറി പോയിവരാവുന്ന രാജ്യമാണ് നേപ്പാൾ. ഇന്ത്യക്കാർ വന്നാൽ നിങ്ങൾ കേറിക്കോളി എന്ന് പറയുന്ന വിസയുടെ ആവശ്യമില്ലാത്ത രാജ്യം!. ബെംഗളൂരുവിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം.
ഡൽഹി വഴി കാഠ്മണ്ഡുവിലേക്കായിരുന്നു വിമാനയാത്ര. ലാൻഡിംഗ് സമയത്ത് നിരവധി അപകടങ്ങൾ സംഭവിക്കുകയും നിരവധി ആളുകളുടെ ജീവനെടുക്കുകയും ചെയ്ത ചരിത്രമുള്ള എയർപോർട്ടാണ് കഠ്മണ്ഡുവിലെ ട്രിബുവാൻ അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ മോശം വിമാനത്താവളങ്ങളുടെ പട്ടികയിലും ഈ എയർപോർട്ട് ഇടം പിടിച്ചിട്ടുണ്ട്.

നേപ്പാളുകാരുടെ ഒരേയൊരു അന്താരാഷ്ട്ര വിമാനത്താവളവും ഇതാണ്. ബെംഗളൂരിൽ നിന്നും വിമാനം കയറുമ്പോൾ തന്നെ നേപ്പാളിലെ വിമാനയാത്രകളെ കുറിച്ച് ചെറിയൊരു ധാരണയുണ്ടായിരുന്നു.

കാഠ്മണ്ഡുവിൽ വലിയ പ്രയാസങ്ങളില്ലാതെ തന്നെ ഇറങ്ങി. ഇന്ത്യക്കാർക്ക് ഇന്ത്യൻ പാസ്‌പോർട്ട് കാണിച്ചാൽ മതി എന്നതുകൊണ്ട് വലിയ ഫോർ്മാലിറ്റി പ്രശ്‌നങ്ങൾ ഒന്നുമില്ലാതെ ലഗേജെടുത്ത് പുറത്തിറങ്ങി. എന്നെയും കാത്ത് എന്റെ പേരും വെച്ച് ഒരാൾ കാത്തിരിപ്പുണ്ടായിരുന്നു. ഹോട്ടലിൽ നിന്നും വന്ന കാറുകാരനാണ്. അദ്ദേഹത്തോടൊപ്പം ഹോട്ടലിലേക്ക് യാത്രയായി.
റോഡുകളുടെ അവസ്ഥയൊക്കെ മോശമാണെന്ന് തന്നെ പറയണം. പൊടിയുടെ കളിയാണ്. ഈ അടുത്തുനടന്ന ഏതോ റോഡുപണിയാണ് പൊടിശല്യം ഇത്രയും കൂടിയതെന്ന് കാർ ഡ്രൈവറിൽ നിന്നും മനസ്സിലായി. യാത്രയിൽ പലയിടത്തും അമ്പലങ്ങൾ കാണാമായിരുന്നു.

കഠ്മണ്ഡു അമ്പലങ്ങളുടെ നാടാണ്. ചരിത്രം ഒരുപാട് പറയാനുള്ള നാട്. റോഡിനോട് ചേർന്നായിരുന്നു ഹോട്ടൽ. ഹോട്ടലിൽ എത്തിയശേഷം യാത്ര ക്ഷീണം മാറ്റാൻ നന്നായൊന്നു ഉറങ്ങി. ഇന്ത്യൻ ഭക്ഷണങ്ങളും ഹോട്ടലിൽ ലഭ്യമായിരുന്നു.

പ്രകൃതി സുന്ദരമായ പൊക്രയിലേക്ക്

രാവിലെ തന്നെ പൊക്ര എന്ന സ്ഥലത്തേക്ക് വിമാനം ബുക്ക് ചെയ്തിരുന്നു. നേപ്പാളിലെ മനോഹരമായൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് പൊക്ര. നല്ല കാലാവസ്ഥയും പ്രകൃതി രമണീയതയും മലകളും തടാകങ്ങളുമുള്ള സുന്ദരമായൊരു സ്ഥലം. വലിയ ശബ്ദ കോലാഹലങ്ങളോ മലിനീകരണ പ്രശ്‌നങ്ങളോ പ്രയാസപ്പെടുത്താത്ത നഗരം. നിരവധി വിനോദ സഞ്ചാരികളുടെ ഇഷ്ടയിടം കൂടിയാണ് പൊക്ര. നമ്മുടെ നാട്ടിലെ ലൈൻ ബസ് പോലെയുള്ള ബസിലാണ് വിമാനത്തിന് അടുത്തേക്കുള്ള യാത്ര. സംഭവം രസകരമാണ്. കുറച്ച് ആളുകൾക്ക് കയറാവുന്ന ചെറിയ വിമാനങ്ങളിലേക്കാണ് നമ്മൾ എത്തിച്ചേരുക. ആഭ്യന്തര സർവീസ് നടത്തുന്നത് ചെറിയ വിമാനങ്ങളാണ്. 15ൽ താഴെ മാത്രം ആളുകൾ കയറാൻ പറ്റുന്ന വിമാനമായിരുന്നു എന്റേത്.

പൊക്രയിലേക്ക് അരമണിക്കൂറിൽ താഴെ മാത്രമാണ് വിമാനയാത്ര. ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്തു. ഹിമാലയൻ മലനിരകളിലൂടെയാണ് യാത്ര. ഒരുപാട് വിമാനയാത്രകൾ നടത്തിയിട്ടുട്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യയായിരുന്നു. ഹിമാലയൻ മലനിരകൾ ഇങ്ങനെ കാണാമായിരുന്നു. ഈ ഹിമാലയം- ഹിമാലയം എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അടുത്തുനിന്നും കാണുന്നത് ആദ്യമാണ്. ആ ത്രില്ല് വല്ലാതെ ഉണ്ടായിരുന്നു. വലിയ പ്രശ്‌നങ്ങൾ കൂടാതെ പൈലറ്റ് വിമാനം താഴെയിക്കി. അങ്ങനെ പൊക്രയിൽ കാലുകുത്തി.

lakeside എന്നറിയപ്പെടുന്ന ഒരുഭാഗത്തേക്കാണ് പോയത്. ആ തെരുവ് മനോഹരമാണ്. പൊക്രയിലെ ടൂറിസ്റ്റ് ഏരിയ അതാണ്. പാശ്ചാത്യ സന്ദർശകരെ ആകർശിക്കും വിധമാണ് തെരുവിലെ കച്ചവടങ്ങളും സൗകര്യങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. അവിടെത്തന്നെ സൗകര്യപ്രദമായ ഒരു റൂമെടുത്തു. നേപ്പാളിലെ currency നേപ്പാളീസ് റുപ്പീസ് ആണ്. നമ്മുടെ ഇന്ത്യൻ രൂപയെക്കാൾ താഴെയാണ് അതിന്റെ മൂല്യം. ഒരു ഇന്ത്യൻ രൂപക്ക് 1.6 നേപ്പാളീസ് റുപ്പീസ് ലഭിക്കും. പൊക്രയിൽ പലയിടത്തും ഇന്ത്യ റുപ്പീസ് എടുക്കും. പക്ഷേ എല്ലായിടത്തും എടുത്തുകൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ആവശ്യമായ കാശ് നേപ്പാളീസ് റുപ്പീസാക്കി കൈയിൽ കരുതുന്നതാണ് നല്ലതാണ്. lakeside ലെ രാത്രി ജീവിതം പ്രത്യേക രസമുള്ളതാണ്. കൺകുളിർമയേകുന്ന കാഴ്ചകൾ. ആ തെരുവിലൂടെ രാത്രി വെറുതെ ഇങ്ങനെ നടക്കാനും നല്ല വല്ലാത്തൊരു ആനന്ദമാണ്. ഒരു പഞ്ചാബി റെസ്റ്റോറന്റ് കണ്ടത്തിയ ഞാൻ ഭക്ഷണം കഴിക്കാനായി കയറി. ഉള്ളത് പറയണമല്ലോ അത്യാവശ്യം നല്ല കഴുത്തറുപ്പൻ വിലയായിരുന്നു.

lakesideന് ആ പേര് ലഭിക്കാനുള്ള കാരണം അത് പ്രസിദ്ധമായ ഫേവ ലൈക്കിനോട് (phewa lake) ചേർന്നുകിടക്കുന്നതുകൊണ്ടാണ് എന്നതാണ്. അതിന്റെ ഒരു കാറ്റും സുഖവും ആ തെരുവിലൂടെയുള്ള നടത്തത്തിൽ ലഭിക്കും. ഉറങ്ങാൻ സമയമായപ്പോൾ ഹോട്ടലിലേക്കു മടങ്ങി. പുലർച്ചെയിറങ്ങണം ഫേവ ലേക്ക് കാഴ്ചകൾ കാണാൻ..

ഫെവ തടാകം

നല്ല തണുപ്പും കൂടെ മഴയും കൂടി കൂട്ടിനെത്തിയപ്പോൾ അനുഭവിച്ചറിഞ്ഞത് പ്രകൃതിയുടെ വശ്യമനോഹാരിതയാണ് “ഫെവ ലേക് ‘(Phewa lake). നേപ്പാളിലെ മനോഹരമായ തടാകങ്ങളിൽ ഒന്നാണിത്.

ചുറ്റുഭാഗത്തും ഉയർന്നിരിക്കുന്ന മലനിരകളും വിവിധ വർണങ്ങളിലുള്ള ബോട്ടുകളും ഈ തടാകത്തെ മനോഹരമാക്കുന്നു. ഏറ്റവും കൂടുതൽ സന്നർശകർ തേടിയെത്തുന്ന തടാകങ്ങളിൽ ഒന്നുകൂടിയാണ് ഫെവ. നേപ്പാളുകാർ ”ബാറാഹി മന്ദിർ” എന്നുവിളിക്കുന്ന മനോഹരമായ അമ്പലം ഈ തടാകത്തിന്റെ നടുക്കാണ്. ഹിമാലയൻ മലനിരയുടെ ഭാഗങ്ങളും ഉയർന്നുപൊങ്ങിയ പച്ചപ്പുള്ള മനോഹരമായ വനങ്ങളും ഒത്തമുകളിലായി ബുദ്ധ ആചാരക്കാരുടെ സ്തൂപവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. തടാകത്തിന്റെ തീരങ്ങളിൽ നീണ്ടുകിടക്കുന്ന നടപ്പാതയും ഭക്ഷണശാലകളും സന്ദർശകരെ ആകർശിക്കുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു എന്നുവേണം പറയാൻ.

ഇളം തണുപ്പിൽ രാത്രി ഇതിലൂടെയുള്ള നടത്തവും പ്രത്യേകതയുള്ള അനുഭവമാണ്. തടാകത്തിൽ പരന്നുകിടക്കുന്ന വിവിധ നിറങ്ങളിലുള്ള ബോട്ടുകൾ പ്രത്യേക രസമാണ്. അത്തരമൊരു ബോട്ടിൽ കയറി ഞാനും നേരത്തെ സൂചിപ്പിച്ച ബാറാഹി മന്ദിർ ലക്ഷ്യമാക്കി നീങ്ങി. തടാകത്തിലൂടെയുള്ള യാത്ര മനോഹരമാണ്. നല്ല ചാറ്റൽ മഴകൂടി വന്നപ്പോൾ നല്ല കിടിലൻ ഫീൽ. ബാറാഹി മന്ദിർ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യസ്ഥലമാണ്. അത്തരം ധാരാളം ആളുകൾ വരുന്നുണ്ട്. പിന്നീടുള്ള യാത്ര പാരാഗ്ലൈഡിങ്ങിനു വേണ്ടിയായിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതുകൊണ്ട് ആ പരിപാടി നടന്നില്ല. വല്ലാതെ ആഗ്രഹിച്ചതുകൊണ്ട് ഇത്തിരി വിഷമം തോന്നി. ട്രക്കിംഗ് സാധ്യതകൾ ധാരാളമുള്ള പൊക്ര ഇത്തരം പ്രകടനങ്ങൾക്ക് നല്ല സ്ഥലമാണ്. പൊക്രയിൽ നിന്നും മടങ്ങാൻ സമയമായി. കാഠ്മണ്ഡുവിലേക് വിമാനത്തിലായിരുന്നു യാത്ര. വന്നതിനേക്കാൾ ചെറിയ വിമാനം. എഴുന്നേറ്റുനിന്നാൽ നീളമുള്ള ആളുകളുടെ തല മുട്ടുന്ന അത്രമാത്രമേ ഉയരമുള്ളൂ. വളരെ ചെറിയ വിമാനമായത് കൊണ്ടുതന്നെ വന്നതിനേക്കാളും ഇത്തിരി പേടിപ്പെടുത്തുന്ന യാത്രയായിരുന്നു. പക്ഷേ സംഗതി അടിപൊളിയായിരുന്നു.

കാഠ്മണ്ഡുവിലെ കാഴ്ചകൾ

കാഠ്മണ്ഡുവിലെത്തി അവിടെയുള്ള അതാവശ്യം കാഴ്ചകൾ കാണാനായി ഇറങ്ങി. ബൗദ്ധനാഥ് സ്തൂപം കാഠ്മണ്ഡുവിലെ പ്രസിദ്ധമായ വിനോദസഞ്ചാര ഇടമാണ്. 14ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഇത് നേപ്പാളിലെ ഏറ്റവും വലിയ ബുദ്ധ സ്തൂപവും ബുദ്ധമതക്കാരുടെ പുണ്യ സ്ഥലവുമാണ്. ദർബാർ സ്‌ക്വയർ ആണ് മറ്റൊരു ശ്രദ്ധേയമായ ആകർശണം. 19ാം നൂറ്റാണ്ടുവരെ രാജാക്കന്മാർ നേപ്പാൾ ഭരിച്ചിരുന്നത് ഇവിടെ നിന്നായിരുന്നത്രെ..

അതുകൊണ്ടുതന്നെ പരമ്പരാഗത നേപ്പാൾ ശിൽപ്പകലയും മനോഹാരിതയും ഇതിന്റെ നിർമിതിയിൽ പ്രകടമാണ്. യാത്ര അവസാനിപ്പിച്ച് തിരിച്ചുവരാനുള്ള സമയമായി. അത്യാവശ്യം ചില ഷോപ്പിംഗൊക്കെ നടത്തി മടക്ക യാത്രക്കുള്ള ഒരുക്കങ്ങളായി. കാഠ്മണ്ഡുവിൽ നിന്നും ഡൽഹി വഴി ബെംഗളൂരുവിൽ കാലുകുത്തി.