Connect with us

Book Review

കടലാസ് പൂക്കൾ ചിരിക്കുന്ന നാട്ടുവഴികൾ

Published

|

Last Updated

ഓർമപ്പാടം – കെ എം ശാഫി

ഗൃഹാതുരത്വമുണർത്തുന്ന നാട്ടെഴുത്തുകളുടെ സമാഹാരമാണ് കെ എം ശാഫിയുടെ ഓർമപ്പാടം. ബാല്യത്തിന്റെ കൗതുകങ്ങളും സൗഹൃദത്തിന്റെ ഇഴയടുപ്പവുമാണീ ഓർമത്തുണ്ടുകളെ പ്രസക്തമാക്കുന്നത്. നമ്മുടെ നാട്ടിൻപുറങ്ങൾ പഴയ രീതിയിൽ ഇന്നില്ല. നഷ്ടമായ പച്ചപ്പിനൊപ്പം അവിടത്തെ നിഷ്‌കളങ്കതയും ഇല്ലാതായിരിക്കുന്നു. പുസ്തകത്തിൽ പഴയ വിശേഷങ്ങളുടെ കെട്ടഴിക്കുന്നിടത്തെല്ലാം നന്മ നിറഞ്ഞ അയൽപക്കത്തെയും നാട്ടുകാരെയും കാണാം. നേർച്ചയും ഉത്സവവും ആഴ്ചച്ചന്തകളുമെല്ലാം പറയുന്നിടത്ത് ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകളുണ്ട്. ഗ്രന്ഥകാരൻ സ്‌കൂൾ വിട്ട് വരുന്ന നേരത്ത് വഴിയോരത്ത് വെച്ച് കേട്ട വയലാറിന്റെ വരികൾ കൊണ്ടാണ് ഓർമപ്പാടം ആരംഭിക്കുന്നത്. മറന്ന് പോകാത്ത ആ വരികളിൽ നിന്ന് ബാല്യത്തിന്റെ കൗതുകങ്ങളെ കണ്ടെടുക്കുകയാണ്. അന്നേരം തികട്ടിവരുന്നത് നാടുനീങ്ങിയ കുറിക്കല്യാണത്തിന്റെ ഓർമകളാണ്. കഴിഞ്ഞ് പോയൊരു വറുതി കാലത്തെ അന്നുള്ളവർ അതിജീവിച്ചത് സാമൂഹിക ബന്ധങ്ങൾക്കിടയിൽ നിലനിന്ന ഇത്തരം പാരസ്പര്യത്തിന്റെ കൈത്താങ്ങുകൾ കൊണ്ടാണ്. കടലാസ് പൂക്കളാൽ അലങ്കരിച്ച ചായമക്കാനിയിലെ മര ബെഞ്ചിലിരുന്ന് ചൂടാറ്റിയ വെള്ളച്ചായ കുടിച്ചതും പ്രാരാബ്ധത്തിന്റെ കൈപ്പടയിലെഴുതിയ പറ്റ്ബുക്ക് കണ്ടതുമൊക്കെ ഏറെ അതൃപ്പത്തോടെയാണ് രചയിതാവ് ഓർത്തെടുക്കുന്നത്.

ഗ്രാമീണ ജീവിതത്തിന്റെ നന്മകൾ ഒന്നൊന്നായി നഷ്ടമാകുന്ന കാലത്ത് നമ്മൾ ഇങ്ങനെയൊക്കെ കഴിഞ്ഞ് പോന്നവരാണല്ലോ എന്ന ബോധമാണ് പുസ്തകത്തിന്റെ ആദ്യ പാഠം. കാലത്തിന്റെ കുത്തൊഴുക്കിൽ നാടുനീങ്ങിയ നാട്ടുനന്മകൾ പറഞ്ഞ് തീരുന്നിടത്ത് വല്ലാത്തൊരു നഷ്ടബോധത്തിന്റെ ശൂന്യതയുണ്ട്. സ്വന്തത്തിലേക്ക് ചുരുങ്ങി ചെറുതായി നമ്മൾ കണ്ട ഭാവം പോലും നടിക്കാതെ നടന്നു മറയുന്ന കാലത്ത് വായിച്ച് തുടങ്ങാൻ ഏറ്റവും യോജ്യമായ ഓർമ തന്നെയാണിത്. ബസ് യാത്രയും മീൻപിടിത്തവും പുഴയോർമകളുമെല്ലാം പറയുന്നത് ബാല്യത്തിന്റെ കൗതുകങ്ങൾക്കപ്പുറത്ത് നാട്ടിൻപുറത്തിന്റെ ഇഴയടുപ്പങ്ങളുമാണ്. നന്മ നിറഞ്ഞ അയൽപ്പക്കവും നടന്ന് പോന്ന ഇടവഴികളും തണൽ തന്ന മരച്ചുവടുകളും ആരവങ്ങളൊഴിയാത്ത കളിമുറ്റങ്ങളും എന്തിനേറെ ഒരിക്കലും വേർപിരിയാൻ കഴിയുമെന്ന് കരുതാത്ത സൗഹൃദങ്ങൾ പോലും ഇല്ലാതായിരിക്കുന്നു. അങ്ങനെ വന്നുചേർന്ന വരണ്ട ദിനചര്യകളുടെ വിരസതയിൽ ഈ വായന വല്ലാത്തൊരു ഊഷ്മളതയാണ് സമ്മാനിക്കുന്നത്.
ഗ്രന്ഥകാരന് ഓർമവെച്ച നാൾ തൊട്ടാണ് പുസ്തകം തുടങ്ങുന്നത്. നാട്ടുവഴികളിലൂടെ വളർന്ന് വലുതായി കൗമാരത്തിന്റെ പുറം കാഴ്ചകൾക്കരികിലാണ് വായന തീരുന്നത്. അന്നേരത്താണ് പുസ്തകത്തിൽ തീവണ്ടിയൊച്ചകൾ കേൾക്കുന്നതും ക്യാമ്പസ് പ്രണയം മൊട്ടിടുന്നതുമൊക്കെ.
മരുന്ന് മണക്കുന്ന ആർ സി സിയുടെ ഏതോ ഒരു ഇടനാഴിയിൽ നിന്നാണ് ഗ്രന്ഥകാരൻ വായനക്കാരെ വിട്ടുപോകുന്നത്. ഒരു കുറിക്കല്യാണ ദിവസം നാട്ടിൻ പുറത്തെ ചായമക്കാനിക്ക് മുന്നിൽ കൗതുകത്തോടെ വെള്ളമിറക്കി നിന്ന ബാല്യത്തിൽ നിന്ന് അപ്പോഴേക്കും ഒരു പാട് കാതം മുന്നോട്ട് നടന്നിരുന്നു.

കൗതുകത്തിനും കരുതലിനും ഇടയിലാണ് ഈ പുസ്തകം മറിച്ച് തീരുക. വേർതിരിച്ച് വെച്ചിട്ടില്ലെങ്കിലും കുട്ടിത്തം മാറുന്നതും സ്വന്തമായി നാടിന്റെ അതിരുകൾ മുറിച്ച് കടക്കുന്നതുമൊക്കെ വരികൾക്കിടയിൽ തെളിഞ്ഞുകാണാം. നമ്മുടെ നാട്ടിൻ പുറങ്ങൾ പകർന്ന് തന്ന സ്‌നേഹസമ്പർക്കങ്ങളാണ് പുസ്തകത്തിന്റെ നല്ല സന്ദേശങ്ങൾ. ഇതിൽ ഓർത്ത് പറയുന്ന ബന്ധങ്ങളെല്ലാം മതാതീത സഹവർത്തിത്തത്തിന്റേത് കൂടിയാണ്. അത്തരം കഥകൾ പറഞ്ഞിട്ടും പറഞ്ഞിട്ടും ഗ്രന്ഥകാരന് പൂതി തീരാത്ത പോലെ. മലപ്പുറത്തിന്റെ അകം അന്വേഷിക്കുന്നവർക്ക് ഈ നാട്ടിൻപുറത്തിന്റെ നന്മ നിറഞ്ഞ അധ്യായങ്ങൾ ഏറെ ഉപകാരപ്രദമാകും.

ബാബരി മസ്ജിദ് ധ്വംസനം ഈ ഗ്രാമത്തെ എങ്ങനെ ബാധിച്ചു എന്നതിന്റെ നേർ സാക്ഷ്യമാണ് “പലായനം” എന്ന അധ്യായം. ഈ അധ്യായത്തിലൂടെ മാത്രമാണ് പുസ്തകത്തിനകത്ത് രാഷ്ട്രീയം കലരുന്നത്. മതപരമായ വേർതിരിവുകളെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലാത്ത ഒരു ഗ്രാമത്തിലേക്ക് സംശയത്തിന്റെ കറുത്ത നിഴലുകൾ നീണ്ടുവരുന്നതും അതുകണ്ട് പൂമുഖവാതിൽ ചാരി വല്യുപ്പയുടെ കൈപിടിച്ച് ഉമ്മയും തറവാട്ടിലേക്ക് നടക്കുന്നതും വായിക്കുന്നിടത്ത് വാക്കുകൾ മുറിയുന്നതായും വരികൾ തെറ്റുന്നതായും തോന്നും. ആ ദുരന്തത്തിന്റെ വാർത്ത ശാഫി ഉമ്മയിൽ നിന്ന് കേൾക്കുന്നത് ഇങ്ങനെയാണ്. “ഇനിയെന്തൊക്കെയാണ് ഉണ്ടാകാൻ പോകുന്നതെന്ന് പടച്ചോനറിയാം.. അല്ലാഹ്.. നീ കാക്കണേ.. ഉമ്മയുടെ പ്രാർഥന കലർന്ന വാക്കുകളിൽ ഭീതിയുടെ പകർന്നാട്ടമുണ്ടായിരുന്നു. ഉമ്മയുടെ പേടി പതിയെ ഞങ്ങളിലേക്കും അരിച്ച് കയറാൻ തുടങ്ങി. ചുറ്റുപാടും ഉറഞ്ഞുകൂടിയ മൗനം എന്തൊക്കെയോ അശുഭ വാർത്തകൾക്ക് കാതോർത്തു. ഏതോ പള്ളിയിൽ നിന്ന് വിളിച്ച് പറഞ്ഞു. ബാബരി മസ്ജിദ് തകർക്കപ്പെട്ടിരിക്കുന്നു.

ഉമ്മ മെഴുകുതിരി പോലെ ഉരുകിയൊലിക്കാൻ തുടങ്ങി. കോരിയെടുക്കും തോറും വന്ന് നിറയുന്ന ഉറവകളാണ് ഓർമകൾ. ജീവിതത്തിന്റെ ഏതവസ്ഥയിലും നമ്മെ വിട്ടുപോകാത്ത ബാല്യത്തിന്റെ നിറവും നോവുമാണ് ഈ പുസ്തകത്തെ ഊഷ്മളമാക്കിയത്. എല്ലാം പച്ചയായ ജീവിതാനുഭവങ്ങളാണ്. അതിശയോക്തിയോ ആലങ്കാരികതയോ ഒട്ടുമില്ലാത്തതാണ് ഇതിലെ ഓരോ വാക്കും. ചില വരികൾക്കിടയിൽ പ്രായം കുറഞ്ഞ് കുറഞ്ഞ് നമ്മളൊരു സ്‌കൂൾ കുട്ടിയായി മാറുകയാണെന്ന് തോന്നും. അപ്പോഴേക്കും ഉപ്പുമാവായി മണം പരത്തുന്ന സ്‌കൂളുച്ചകളിൽ അലുമിനിയം പാത്രങ്ങളുമായി ലേഖകനോടൊപ്പം നമ്മളും വരി നിന്നിട്ടുണ്ടാകും.
പുസ്തകം പങ്കിടുന്ന കിളിയൻതൊടുവിലെ ഓർമകളും കടപ്പേഞ്ചാലിലെ കഥകളുമൊക്കെ രചയിതാവിന്റെ ഒരു നാടിന്റെ കൂടി ആത്മകഥയാണ്. ലേഖകന്റെ എഴുത്തുകൾക്ക് സ്വന്തം ദേശത്തിന്റെ ഓർമപ്പാടങ്ങളിലൂടെ ഏറെ വൈകാരികമായ മറ്റൊരു തലം കൂടി കൈവന്നിരിക്കുന്നു. കൈരളി ബുക്‌സാണ് പ്രസാധകർ.

satharkuttoorkv@yahoo.co.in

---- facebook comment plugin here -----

Latest