ഇത് ശരിയല്ല; ഒന്നും തന്റെ അറിവോടെയല്ല- ശരത് പവാര്‍

Posted on: November 23, 2019 10:30 am | Last updated: November 23, 2019 at 1:28 pm

മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യ സര്‍ക്കാര്‍ ധാരണകളെല്ലാം ലംഘിച്ച് ബി ജെ പിയുമായി അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സര്‍ക്കാര്‍ രൂപവത്ക്കരിച്ചത് അറിഞ്ഞില്ലെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. തന്റെ അറിവോടെയല്ല അജിത് ഇത്തരം ഒരു നീക്കം നടത്തിയത്. അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു സര്‍ക്കാര്‍ രൂപവത്ക്കരണം. ഇതിന് പാര്‍ട്ടിയുടെ പിന്തുണയില്ല. ഇത് അംഗീകരിക്കാനുമാകില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

സത്യ പ്രതിജ്ഞക്ക് ശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. ശരദ് പവാറിന്റെ കുടുംബത്തില്‍ നേരത്തെ തന്നെ രാഷ്ട്രീയ ഭിന്നതയഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശിവസേനയുാമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടാനായിരുന്നു എന്‍ സി പി തീരുമാനം. മകള്‍ സുപ്രിയ സുലേയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു പവാറിന്റെ ലക്ഷ്യം. എന്നാല്‍ ഈ സ്ഥാനത്തിനായി പവാറിന്റെ സഹോദരി പുത്രന്‍ അജിത് പവാറിന് താത്പര്യമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ജൂനിയറായ സുലേയെ മുഖ്യമന്ത്രിയാക്കുന്നതിനോട് അജിതിന് താത്പര്യമില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം വസ്തുതയാണെന്നും പവാറിന്റെ കുടുംബത്തില്‍ വലിയ ഭിന്നത നിലനില്‍ക്കുന്നതായും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.