Connect with us

Sports

പിങ്കണിഞ്ഞ് ഈഡൻ; ക്രിക്കറ്റ് പ്രേമികൾ ആവേശത്തിൽ

Published

|

Last Updated

ഇന്ത്യൻ ടീം അംഗങ്ങൾ പരിശീലനത്തിൽ

കൊൽക്കത്ത |ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് ഈഡൻ ഗാർഡൻസിൽ തുടക്കമാകും. ആദ്യമായി പിങ്ക് പന്ത് ഉപയോഗിച്ച് കളിക്കാനിറങ്ങുന്ന ഇന്ത്യൻ താരങ്ങളെല്ലാം തന്നെ കഠിന പരിശീനത്തിലായിരുന്നു. ഇന്ന് മുതൽ 26 വരെയാണ് പിങ്ക് ബോൾ ടെസ്റ്റ് നടക്കുക. പിങ്ക് പന്തിൽ 2016 മുതൽ മൂന്ന് സീസണിൽ ദുലീപ് ട്രോഫി ഡേനൈറ്റ് മത്സരങ്ങൾ നടന്നിട്ടുണ്ട്. ചേതേശ്വർ പുജാരയും ഹനുമ വിഹാരിയും മായങ്ക് അഗർവാളുമൊക്കെ വിവിധ സീസണിൽ പിങ്ക് പന്തിൽ കളിച്ചവരാണ്. എന്നാൽ ടീമിലെ മിക്ക താരങ്ങളും ആദ്യമായാണ് പിങ്ക് പന്തിൽ കളിക്കാൻ പോകുന്നത്.

മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച് രാത്രി എട്ട് മണിക്ക് അവസാനിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാകും ആദ്യ ഇടവേള. രണ്ടാമത്തെ സെഷൻ 3.40 ന് പുനരാരംഭിക്കും. രണ്ടാമത്തെ ഇടവേള വൈകുന്നേരം 5.40നും അവസാന സെഷൻ ആറിനും ആരംഭിക്കും.
ടോസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ആർമിയുടെ പാരാട്രൂപ്പർമാർ ഈഡൻ ഗാർഡനിലേക്ക് പറന്നിറങ്ങി ക്യാപ്റ്റൻമാരായ വിരാട് കോലി, മോമിനുൽ ഹഖ് എന്നിവർക്ക് പിങ്ക് പന്തുകൾ കൈമാറും. നിലവിൽ സ്‌റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഭീമൻ പിങ്ക് ബലൂൺ മത്സരം അവസാനിക്കുന്നതുവരെ അഴിച്ച് മാറ്റില്ല.

“പിങ്കു”വിനെയും “ടിങ്കു”വിനെയുമാണ് ഈ പ്രത്യേക മത്സരത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. മത്സരത്തിലെ 40 മിനുട്ട് ദൈർഘ്യമുള്ള സപ്പർ ബ്രേക്കിനിടെ, സൗരവ് ഗാംഗുലി, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, വി വി എസ് ലക്ഷ്മൺ എന്നീ ഇതിഹാസങ്ങളടങ്ങിയ “ഫാബുലസ് ഫൈവ്” അവതരിപ്പിക്കുന്ന ഒരു ടോക്ക് ഷോയും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്നുണ്ട്. സച്ചിൻ ടെൻഡുക്കർ, ഒളിമ്പിക് ചാമ്പ്യൻ അഭിനവ് ബിന്ദ്ര, ടെന്നീസ് താരം സാനിയ മിർസ, ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധു, ആറ് തവണ ബോക്‌സിംഗ് ലോക ചാമ്പ്യനായ മേരി കോം എന്നിവരുൾപ്പെടെ ഒരു കൂട്ടം ഇന്ത്യൻ കായിക താരങ്ങളെ നിശ്ചിത ഇടവേളയിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അനുമോദിക്കും.

വിശിഷ്ടാതിഥികൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത മെമന്റോകൾ നൽകുമെന്നും ഗോൾഫ് വണ്ടികളിൽ അവർ സ്‌റ്റേഡിയം വലയം വെക്കുമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അവിഷെക് ദാൽമിയ പറഞ്ഞു.

സംഭവം കളറാകും

കൊൽക്കത്ത| പിങ്ക് ബോൾ ടെസ്റ്റിന്റെ ആവേശത്തിലാണ് കൊൽക്കത്തയും ഈഡൻ ഗാർഡൻസും. ഇന്ത്യയുടെ ചരിത്ര ഡേ- നൈറ്റ് ടെസ്റ്റ് വൻ സംഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇതിനായി വലിയ തയ്യാറെടുപ്പുകളാണ് ബി സി സി ഐ നടത്തിയിട്ടുള്ളത്. ടെസ്റ്റിനെ വരവേൽക്കുന്നതിനായി കൊൽക്കത്ത പിങ്കിൽ മുങ്ങിക്കഴിഞ്ഞു. പ്രധാനയിടങ്ങളെല്ലാം പിങ്ക് മയമാണ്. മുൻ ഇതിഹാസ താരങ്ങളെല്ലാം പിങ്ക് ടെസ്റ്റിന്റെ ഗ്ലാമർ കൂട്ടുന്നതിനായി ഈഡൻ ഗാർഡൻസിലെത്തുന്നുണ്ട്. കൂടാതെ സംഗീത വിരുന്നും കാണികൾക്കായി സ്‌റ്റേഡിയത്തിൽ ഒരുക്കിക്കഴിഞ്ഞു.

എക്കാലവും ഓർമിക്കപ്പെടുന്ന മത്സരമായി ഈ ടെസ്റ്റ് മാറുമെന്ന് മുൻ നായകനും ബി സി സി ഐ പ്രസിഡന്റുമായ ഗാംഗുലി പറഞ്ഞു.

Latest