ക്ലാസ്സ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

Posted on: November 20, 2019 10:01 pm | Last updated: November 20, 2019 at 10:01 pm

സുല്‍ത്താന്‍ ബത്തേരി | ക്ലാസ്സ് മുറിയില്‍വച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പുത്തന്‍കുന്ന് നത്തന്‍ ഹൗസ് അഡ്വ. അസീസ് – അഡ്വ. സജ്‌ന ദമ്പതികളുടെ മകള്‍ ഷഹ്‌ല ഷെറിന്‍ (10) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 3 മണിയോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാല്‍ ഭിത്തിയോട് ചേര്‍ന്ന പൊത്തില്‍പ്പെടുകയും കാലില്‍ മുറിവുപറ്റുകയുമായിരുന്നു. മുറിവില്‍ നിന്നും രക്തം എടുത്തതോടെ മറ്റു കുട്ടികള്‍ അധ്യാപകരെ വിവരം അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ കാല്‍ പരിശോധിച്ചപ്പോള്‍ പാമ്പ് കടിയേറ്റതു പോലുള്ള പാടുകള്‍ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു. പിതാവ് എത്തിയതിനു ശേഷം സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വെച്ചാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. പാമ്പ് കടിയേറ്റാണ് മരണമെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്.

അമീജ, ആഷില്‍ എന്നിവര്‍ സഹോദരങ്ങളാണ്. കോഴിക്കോട് പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി ഫസ്‌ന ഫാത്തിമയുടെ സഹോദരി പുത്രിയാണ്.