മെസി തുണച്ചു; അവസാന നിമിഷം സമനില പിടിച്ച് അര്‍ജന്റീന

Posted on: November 19, 2019 10:42 am | Last updated: November 19, 2019 at 12:24 pm

ടെല്‍ അവീവ്: കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമിരിക്കെ ലഭിച്ച പെനാല്‍റ്റി മെസി വലയിലെത്തിച്ചപ്പോള്‍ ലോകമെമ്പാടുള്ള അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ലഭിച്ചത് വലിയ ആശ്വാസം. കരുത്തരായ ഉറുഗ്വേക്ക് മുമ്പില്‍ അവസാന നിമിഷം വരെ 2-1ന്നിന് പിന്നില്‍ നിന്ന അര്‍ജന്റീന ഇസ്‌റാഈലില്‍ നടന്ന സൗഹദ മത്സരത്തില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

34-ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനിയില ഉറുഗ്വേയെ മുന്നിലെത്തിച്ചു. ലുകാസ് ടൊറീറ ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ പന്ത് സുവാരസാണ് കവാനിയുടെ കാലിലേക്കെത്തിച്ചത്. ക്ലോസ് റേഞ്ചിലൂടെ കവാനി തന്റെ അമ്പതാം അന്താരാഷ്ട്ര ഗോള്‍ സ്വന്തമാക്കി.ആദ്യ പകുതിക്ക് മുമ്പ് പൗളോ ഡിബാല അര്‍ജന്റീനക്ക് സമനില നേടിക്കൊടുക്കൊടുത്തെന്ന് പ്രതീക്ഷിച്ചെങ്കിലും റഫറി ഹാന്‍ഡ് ബോളാണെന്ന് കണ്ടെത്തി.തുടര്‍ന്ന് 63-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെയാണ് അര്‍ജന്റീനക്ക് സമനില ഗോള്‍ നേടിയത്. മെസ്സിയുടെ അളന്നുമുറിച്ച ഫ്രീകിക്കിന് തലവെച്ച് അഗ്യൂറോ പന്ത് വലയിലാക്കി.എന്നാല്‍ അഞ്ച് മിനിട്ടിനുള്ളില്‍ ലൂയിസ് സുവാരസ് അത്യുഗ്രന്‍ ഫ്രീകിക്കിലൂടെ ഉറുഗ്വേയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയില്‍ മെസി ഗോള്‍ മടക്കുകയായിരുന്നു.