Connect with us

National

ഡല്‍ഹിക്ക് ആശ്വാസം; ശനിയാഴ്ച രേഖപ്പെടുത്തിയത് ഒരാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ വായു മലിനീകരണത്തോത്

Published

|

Last Updated

ന്യൂഡല്‍ഹി: വായു മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുന്ന ഡല്‍ഹി നഗരം ശനിയാഴ്ച ഉണര്‍ന്നത് സ്വസ്ഥമായ അന്തരീക്ഷത്തിലേക്ക്. ശക്തമായ കാറ്റും സൂര്യപ്രകാശവുമാണ് അന്തരീക്ഷത്തിലെ മാലിന്യത്തെ കുറച്ചെങ്കിലും തുടച്ചുനീക്കാന്‍ സഹായിച്ചത്. അയല്‍ സംസ്ഥാനങ്ങളിലെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതില്‍ ശമനമുണ്ടായതും വായു മലിനീകരണം ഒഴിവാകാന്‍ സഹായിച്ചു.
357 ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ വായുവിന്റെ ഗുണനിലവാര സൂചിക (എ ക്യു ഐ). മോശം നിലവാരം മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വെള്ളിയാഴ്ചത്തെ 458 ല്‍ നിന്ന് ഏറെ മാറ്റമുണ്ടായി എന്നതാണ് ആശ്വാസകരം.

ഒരാഴ്ചക്കു ശേഷം ഇതാദ്യമായാണ് നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഇത്രയും ഉയര്‍ന്നത്. നവംബര്‍ 10നാണ് ഇതിനു മുമ്പ് എ ക്യു ഐ മെച്ചപ്പെട്ട രീതിയില്‍ രേഖപ്പെടുത്തിയത് (321). അയല്‍ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദില്‍ 358 ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ എ ക്യു ഐ. ഗാസിയാബാദ് (347), ഗ്രേറ്റര്‍ നോയിഡ (309), ഗുര്‍ഗാവോന്‍ (360), നോയിഡ (338) എന്നിങ്ങനെയാണ് മറ്റ് ദേശീയ തലസ്ഥാന മേഖലകളിലെ കണക്ക്. ഇതും ഒരാഴ്ചക്കിടയിലെ ഏറ്റവും കുറവ് എ ക്യു ഐ ആണ്.