Connect with us

Articles

കോടതിവിധി ഉയർത്തുന്ന ചോദ്യങ്ങൾ

Published

|

Last Updated

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ബാബരി കേസിൽ സുപ്രീം കോടതി ചരിത്രപരമായ വിധിപ്രസ്താവം നടത്തിയിരിക്കുകയാണ്. ബാബരി ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാം. കേന്ദ്ര സർക്കാർ രൂപവത്കരിക്കുന്ന ട്രസ്റ്റിനാകും ഇതിന്റെ ചുമതല. അതേസമയം ബാബരി മസ്ജിദ് കർസേവകർ തകർത്തത് ഗുരുതരമായ നിയമലംഘനമാണെന്ന് കോടതി കണ്ടെത്തി. 1949ൽ മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ ബോധപൂർവം കൊണ്ടുവെച്ചത് നിയമവിരുദ്ധവും ഭരണ ഘടനാ ലംഘനവുമാണെന്ന് കോടതി പ്രഖ്യാപിക്കുകയും ചെയ്തു.

നാൽപ്പത് ദിവസത്തെ തുടർച്ചയായ ന്യായവാദങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് ഭരണഘടനാ ബഞ്ച് ഈ വിധി പ്രസ്താവിച്ചത്. മൂന്ന് മാസത്തിനുളളിൽ കേന്ദ്ര സർക്കാർ ക്ഷേത്ര നിർമാണത്തിനുളള ട്രസ്റ്റ് രൂപവത്കരിക്കേണ്ടതും പദ്ധതി തയ്യാറാക്കേണ്ടതുമാണ്.

ഹിന്ദുമത വിശ്വാസത്തിന് അടിസ്ഥാനമായ ലിഖിതങ്ങളും പുരാണങ്ങളും ബ്രിട്ടീഷ് ഭരണകാലത്ത് ഇറങ്ങിയ ഗസറ്റുകളും ചരിത്ര പുസ്തകങ്ങളും രാമജന്മ ഭൂമിയെ കുറിച്ച് വ്യക്തമായ സൂചന നൽകുന്നുവെന്ന് വിധിന്യായത്തിൽ പറയുന്നു. ഹിന്ദു കക്ഷികളുടെ ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് രാമജന്മ ഭൂമിയിലാണ് പള്ളി നിലനിന്നതെന്ന നിഗമനത്തിൽ പരമോന്നത കോടതി എത്തിച്ചേർന്നത്. എന്നാൽ പള്ളി പണിയുന്ന സമയത്ത് അവിടെ ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവൊന്നുമില്ലെന്നാണ് മുസ്‌ലിം കക്ഷികൾ വാദിച്ചത്. ഹിന്ദു പുരാണങ്ങളെ തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നും വാദിച്ചു. അയോധ്യ കാവ്യ സങ്കൽപ്പത്തിലുളള സ്ഥലമാണ്.
പ്രാദേശിക വിശ്വാസമാണ് അവിടത്തെ ചരിത്ര ഗ്രന്ഥങ്ങൾക്ക് ആധാരം. അത്‌കൊണ്ട് ഈ വിഷയത്തിലെ സുപ്രീം കോടതി നിരീക്ഷണങ്ങൾ പൂർണമായും വിശ്വാസയോഗ്യമാണെന്ന് കരുതാനാകില്ല. ബാബരി ഭൂമി ഹിന്ദു വിഭാഗത്തിന് മാത്രമായി കൈമാറിയ സുപ്രീം കോടതി വിധി ന്യായരഹിതമാണെന്ന് മുസ്‌ലിം വ്യക്തിനിയമ ബോർഡ് ചൂണ്ടിക്കാട്ടുന്നു. പള്ളി മറ്റൊരു വിഭാഗത്തിന് നൽകുന്നത് ശരീഅത്ത് നിയമം അനുശാസിക്കുന്നില്ലെന്ന് വ്യക്തിനിയമ ബോർഡ് സെക്രട്ടറിയും സുന്നി വഖ്ഫ് ബോർഡ് അഭിഭാഷകനുമായ സബറിയാബ് ജീലാനി വ്യക്തമാക്കിയിട്ടുണ്ട്.

മുന്നിലെത്തുന്ന വിഷയങ്ങളിൽ നീതി ഉറപ്പാക്കുന്നതിന് ഉത്തരവിറക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്നതാണ് ഭരണഘടനയുടെ 142ാം അനുച്ഛേദം. ഈ വകുപ്പ് അനുസരിച്ചാണ് സുന്നി വഖഫ് ബോർഡിന് പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി അനുവദിക്കാൻ കേന്ദ്ര സർക്കാറിനോട് കോടതി നിർദേശിച്ചത്. ഭരണഘടനക്ക് മുമ്പിൽ എല്ലാ വിശ്വാസങ്ങളും തുല്യമാണ് എന്ന് ബഞ്ച് പ്രഖ്യാപിക്കുമ്പോൾ പള്ളിക്കായി അഞ്ചേക്കർ സ്ഥലം നൽകുന്നതുകൊണ്ട് മാത്രം ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമോ എന്ന ചോദ്യമാണ് ഉച്ചത്തിൽ മുഴങ്ങുന്നത്. ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുകയും വർത്തമാനത്തെ ഊർജമാക്കി ഭാവിയിലേക്ക് ജീവിതം കരുപ്പിടിപ്പിക്കുകയുമാണ് പുരോഗമനോൻമുഖമായ സമൂഹം ചെയ്യേണ്ടത്. നിർഭാഗ്യവശാൽ വിശ്വാസത്തിന്റെ പേരിലുള്ള ഭ്രാന്തമായ വൈകാരികതയും അന്ധവിശ്വാസവും സമൂഹത്തിന്റെ കൊടിയടയാളമാകുമ്പോൾ നാടും ജനങ്ങളും പരാജയപ്പെടുന്നു. ഈ കേസിൽ ഹിന്ദു വിശ്വാസത്തെ ഊന്നിപ്പറയുന്ന സുപ്രീം കോടതി സമൂഹത്തിനോടൊപ്പം താഴ്ന്നിരിക്കുകയാണെന്ന വിമർശനവും ഇതിനകം ഉയർന്ന് വന്നിട്ടുണ്ട്.

പ്രശ്‌നം മാന്യമായും സമാധാനപരമായും പരിഹരിക്കപ്പെടുക തന്നെ വേണം. എന്നാൽ സുപ്രീം കോടതി തീരുമാനം തീർത്തും നീതിയുക്തമായ ഒന്നാണെന്ന് പറയാനാകില്ല. നമ്മുടെ രാജ്യവും ജനങ്ങളും മുന്നോട്ടാണ് കുതിക്കേണ്ടത്; പിന്നോട്ടല്ല. അതിന് എന്തെങ്കിലും കാരണം പറഞ്ഞ് പ്രതിബന്ധം സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും അതിനെയെല്ലാം ധീരമായി നേരിടാനും രാജ്യത്തെയും ജനങ്ങളേയും മുന്നോട്ട് നയിക്കാനും കഴിയേണ്ടിയിരിക്കുന്നു. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം അടിയന്തിരമായും കണ്ടേ മതിയാകൂ. അതിന് പരമോന്നത കോടതിയുടെ ഈ ഉത്തരവ് തീർച്ചയായും സഹായകരമാകേണ്ടതാണ്.

അഡ്വ. ജി സുഗുണൻ
advgsugunan@gmail.com
9847132428

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

---- facebook comment plugin here -----

Latest