ബുള്‍ബുള്‍ ചുഴലിക്കാറ്റ്; ബംഗാളിലും ഒഡീഷയിലുമായി മൂന്നു മരണം, വീടുകള്‍ തകര്‍ന്നു

Posted on: November 10, 2019 3:15 pm | Last updated: November 10, 2019 at 5:29 pm

കൊല്‍ക്കത്ത: ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലുമായി മൂന്നു മരണം. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ മരം കടപുഴകി വീടിനു മുകളിലേക്കു വീണ് ഒരു സ്ത്രീ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒഡീഷയിലെ കേന്ദ്രപര ജില്ലയില്‍ നിന്ന് രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങിയും മറ്റൊരാള്‍ മതില്‍ തകര്‍ന്നു വീണുമാണ് മരിച്ചത്.

ബംഗാളില്‍ പലയിടത്തും വീടുകള്‍ തകര്‍ന്നതായും മരങ്ങള്‍ കടപുഴകി വീണതായും റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി കമ്പികള്‍ പൊട്ടിയതിനെ തുടര്‍ന്ന് ബംഗാളിലെയും ഒഡീഷയിലെയും ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
പ്രധാന മന്ത്രി നരേന്ദ്ര മോദി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സംസാരിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയുടെ (എന്‍ ഡി ആര്‍ എഫ്) ആറ് യൂനിറ്റും ഒഡീഷ സത്വര ദുരന്ത നിവാരണ ആക്ഷന്‍ ഫോഴ്‌സിന്റെ (ഒ ഡി ആര്‍ എ എഫ്) 20 യൂനിറ്റും ഫയര്‍ സര്‍വീസും എല്ലാം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

നേരത്തെ നിശ്ചയിച്ചിരുന്ന തന്റെ വടക്കന്‍ ബംഗാള്‍ സന്ദര്‍ശനം മാറ്റിവച്ച മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകൃതിക്ഷോഭം ബാധിച്ച പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തുമെന്ന് പറഞ്ഞു. പിന്നീട് ദുരന്ത ബാധിതരായവര്‍ക്ക് ദുരിതാശ്വാസം നല്‍കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് കാക്ദ്വിപിലെ അധികൃതരുമായി ചര്‍ച്ച നടത്തും. നവംബര്‍ 13ന് നോര്‍ത്ത് 24 പര്‍ഗാനയിലെ ബസിര്‍ഹട്ടും സന്ദര്‍ശിക്കുമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.