ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ വീശിയടിച്ച് ബുള്‍ബുള്‍ ചുഴലി; ആയിരങ്ങളെ ഒഴിപ്പിച്ചു

Posted on: November 10, 2019 10:45 am | Last updated: November 10, 2019 at 3:37 pm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റ് വീശി. മണിക്കൂറില്‍ 110-120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിനെ പിന്തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. കാറ്റും മഴയും പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത നാശം വിതച്ചു. ബംഗാളിലും ഒഡീഷയിലുമായി രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തീരപ്രദേശങ്ങളിലെ വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റോഡുകള്‍ തകര്‍ന്നു.

ബംഗാളിലെ തീരദേശ മേഖലയില്‍ നിന്നും താഴ്ന്നപ്രദേശങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മുന്‍കരുതലിന്റെ ഭാഗമായി കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഞായറാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ അടച്ചു. മത്സ്യ ബന്ധനം, ബോട്ട് സര്‍വീസുകള്‍, റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കുള്ള നിയന്ത്രണം ഇന്നും തുടരും. ബംഗ്ലാദേശിലും ജാഗ്രത തുടരുകയാണ്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ബംഗ്ലാദേശ് നാവിക, തീരദേശ സേനകളുടെ ബോട്ടുകളും കപ്പലുകളും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. കടത്തു വള്ളങ്ങള്‍ കടലിലിറങ്ങുന്നതിനും മത്സ്യബന്ധനത്തിനും ബംഗ്ലാദേശ് സര്‍ക്കാരും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.