Connect with us

National

അയോധ്യ കേസ്: സുപ്രീം കോടതി വിധി ജനമൊന്നാകെ സ്വീകരിച്ചത് ഐക്യത്തിന്റെ തെളിവ്: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | അയോധ്യ കേസില്‍ പരമോന്നത കോടതിയുടെ വിധിയെ രാജ്യമൊന്നാകെ സ്വാഗതം ചെയ്യുകയും പൂര്‍ണ മനസോടെ സ്വീകരിക്കുകയും ചെയ്തത് ഇന്ത്യന്‍ ജനതയുടെ ഐക്യമാണ് വെളിവാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗവും വിധിയെ സ്വാഗതം ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളും എല്ലാ മതവിഭാഗങ്ങളും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും തലമുറകളായി നിലനില്‍ക്കുന്ന ഒത്തൊരുമയുടെയും തെളിവാണിത്. വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രധാന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നവംബര്‍ ഒമ്പത് ചരിത്ര ദിനമാണ്. നീതിന്യായ വ്യവസ്ഥയിലെ സുവര്‍ണ അധ്യായമാണ് രചിക്കപ്പെട്ടത്. മുഴുവന്‍ ജന വിഭാഗങ്ങളുടെയും വാദഗതികള്‍ ക്ഷമയോടെ പരിഗണിച്ച ശേഷം എല്ലാവരുടെയും അംഗീകാരത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നത് സംതൃപ്തിയുളവാക്കുന്നതാണ്. അയോധ്യ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കണമെന്ന രാജ്യത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുകയും പതിറ്റാണ്ടുകളോളമായി തുടര്‍ന്നു വന്ന കേസില്‍ അന്തിമ തീരുമാനമുണ്ടാവുകയും ചെയ്തു.

പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നീതിന്യായ വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതാണ് വിധി. ഭയത്തിനും വിദ്വേഷത്തിനും നിഷേധാത്മകതക്കും ആധുനിക ഇന്ത്യയില്‍ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest