Connect with us

Ongoing News

തീൻമേശയിലെ പ്രവാചക പാഠങ്ങൾ

Published

|

Last Updated

പ്രവാചകൻ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ വീട്ടുകാരോട് ചോദിച്ചു. ഇതിലേക്ക് കൂട്ടാൻ എന്താണുള്ളത്. സുർക്കയല്ലാതെ മറ്റൊന്നുമില്ലെന്ന് അവർ മറുപടി പറഞ്ഞു. നബി അത് കൊണ്ടുവരാനാവശ്യപ്പെട്ടു. സുർക്ക നല്ല കൂട്ടാനാണെന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. (മുസ്‌ലിം)

ഭക്ഷണത്തെ നബി (സ) വലിയ രീതിയിൽ മാനിച്ചിരുന്നു. ഭക്ഷ്യവസ്തുക്കളിൽ നിന്ന് ഒന്നിനെയും പ്രവാചകൻ നിസ്സാരമായി കണ്ടിരുന്നില്ല. അതിന്റെ കുറ്റങ്ങളും കുറവുകളും എടുത്തുപറയുകയും ചെയ്തിരുന്നില്ല. അവിടുന്ന് ഇഷ്ടപ്പെടുന്ന ഭക്ഷണമാണെങ്കിൽ കഴിക്കും. അല്ലാത്തത് വേണ്ടെന്ന് വെക്കും. വയർ നിറച്ച് ഭക്ഷിച്ചിരുന്നില്ല. കഴിക്കുന്നത് അമിതമാകാതിരിക്കാനായി മൂന്ന് വിരലുകളുപയോഗിച്ചായിരുന്നുവത്രേ തിരുനബി ഭക്ഷണം കഴിച്ചിരുന്നത്. അമിതമായുള്ള ഭക്ഷണ രീതി ഉറക്കം വർധിപ്പിക്കുകയും മനുഷ്യരെ അലസരാക്കുകയും ചെയ്യും.
വലതുകൈ കൊണ്ട് ഭക്ഷിക്കാനും പാത്രത്തിന്റെ വശങ്ങളിൽ നിന്ന് തുടങ്ങാനും ചെറിയ കുട്ടികളോടടക്കം നബി പഠിപ്പിച്ചിരുന്നതായി ഹദീസുകളിൽ നിന്ന് വായിക്കാവുന്നതാണ്. സ്വന്തമായി ഭക്ഷണം കഴിക്കുകയാണെങ്കിൽ പോലും കൈകൾ വൃത്തിയായി കഴുകണം. ഏതുകാര്യത്തിലും അടക്കവും ഒതുക്കവും നല്ലതാണെന്ന പാഠം ആഹാരം കഴിക്കുന്പോഴും പാലിക്കേണ്ടതുണ്ടെന്നും സാവധാനം ചവച്ചരച്ച് മാത്രമേ ഭക്ഷിക്കാവൂവെന്നും നബി ഓർമപ്പെടുത്തുന്നുണ്ട്.
ഒരുമിച്ചിരുന്നുള്ള ഭോജന രീതിയെ ഒറ്റക്കിരുന്ന് ഭക്ഷിക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അനുചരരുടെ കൂട്ടത്തിൽ നിന്നൊരാൾ നബിയുടെ സവിധത്തിൽ ചെന്ന് പരാതിപ്പെട്ടു: നബിയേ, എത്ര കഴിച്ചിട്ടും വയർ നിറയുന്നില്ല എന്ത് ചെയ്യും? നബി ഉടൻ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങൾ ഒറ്റക്കിരുന്നായിരിക്കുമല്ലേ ഭക്ഷിക്കാറ്? അദ്ദേഹം മറുപടി പറഞ്ഞു: അതേ. തിരുദൂതർ അദ്ദേഹത്തോടാജ്ഞാപിച്ചു: നിങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കണം. തുടക്കത്തിൽ ബിസ്മി ചൊല്ലുകയും വേണം എന്നാൽ നിങ്ങളുടെ ഭക്ഷണത്തിൽ നിങ്ങൾക്ക് ബറക്കത്ത് (വർധന) ലഭിക്കും.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ അവിഹിതമായി ഒന്നും കഴിക്കാതിരിക്കാനായി പല മര്യാദകളും അവിടുന്ന് പഠിപ്പിക്കുകയും ചെയ്തു. ഈത്തപ്പഴം പോലെയുള്ള ഭക്ഷ്യ വസ്തുക്കളൾ ഒരു പാത്രത്തിൽ നിന്ന് ഒരുമിച്ചിരുന്ന് ഭക്ഷിക്കുകയാണെങ്കിൽ ഒന്നിൽ കൂടുതൽ പെറുക്കിയെടുത്ത് ഒരുമിച്ച് ഭക്ഷിക്കുന്നത് വിലക്കിയിരുന്നു. സ്വന്തം വശത്തുനിന്ന് പാത്രത്തിന്റെ അരികിൽ നിന്ന് തുടങ്ങണം. ഒരുപോലെയുള്ള ഭക്ഷണമാണെങ്കിൽ കൂടെയിരിക്കുന്നവന്റെ വശങ്ങളിലേക്ക് കൈ നീളരുത്. എന്നാൽ പഴവർഗങ്ങൾ പോലെയുള്ളവയാണെങ്കിൽ ആവശ്യമായവ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നെടുക്കുന്നതിന് വിരോധമില്ല.

ആദ്യകാലങ്ങളിൽ പ്രവാചകാനുയായികളിൽ പലരും രോഗികളോടൊന്നിച്ചിരുന്നും കാഴ്ചാപരിമിതിയുള്ളവരോടൊപ്പമിരുന്നും ഭക്ഷണം കഴിക്കൽ പേടിച്ചിരുന്നു. അനർഹമായത് അകത്തായിപ്പോകുമോയെന്നതിനാലായിരുന്നു അത്. അനുവദനീയമല്ലാത്തവ ഭക്ഷിച്ചവന്റെ പ്രാർഥനപോലും ഫലിക്കില്ലെന്ന് പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നു. കുഞ്ഞുങ്ങൾക്ക് നൽകപ്പെടുന്ന ഭക്ഷണം പോലും സൂക്ഷിക്കേണ്ടതുണ്ട്. അനുവദനീയമല്ലാത്ത സന്പാദ്യത്തിൽ നിന്നുള്ള ഭക്ഷണം ഊട്ടിയവന്റെ പ്രാർഥന നാഥൻ കേൾക്കാത്തത്‌ പോലെ തന്നെ ബുദ്ധിവൈകല്യത്തിന് പോലും കാരണമാകുന്നതുമാണ്.