Connect with us

National

ഡല്‍ഹിയെ സ്തംഭിപ്പിച്ച് പോലീസിന്റെ സമരം; അഭിഭാഷകര്‍ക്കെതിരെ കേസെടുക്കുമെന്ന് ഗവര്‍ണര്‍

Published

|

Last Updated

ന്യൂഡല്‍ഹി: പോലീസും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തിന് പിറകെ ഡല്‍ഹിയില്‍ പോലീസുകാര്‍ നടത്തുന്ന സമരം മണിക്കൂറുകളായി നീളുന്നു. . ലഫ്റ്റനന്റ് ഗവര്‍ണറുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന അനുനയശ്രമം പരാജയപ്പെട്ടു. പോലീസുകാരുടെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കുചേര്‍ന്നു. അതേ സമയം മര്‍ദിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുമെന്ന് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വ്യക്തമാക്കി. ഇതിന് പുറമെ പരുക്കേറ്റ പോലീസുകാര്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പരുക്കേറ്റ പോലീസുകാര്‍ക്ക് 25000 രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച്ചയും വ്യക്തമാക്കിയിട്ടുണ്ട്.

വാഹനനിയന്ത്രണത്തിനു പോലീസ് ഇല്ലാത്തതിനാല്‍ പലയിടത്തും വന്‍ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. കേരള ഐപിഎസ്, ഡല്‍ഹി ഐഎഎസ് അസോസിയേഷനുകളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, ഹരിയാന പൊലീസ് സംഘടനകളും സമരത്തിനു പിന്തുണയുമായി എത്തി. പ്രധാനമായും അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പൊലീസുകാര്‍ സമരം നടത്തുന്നത്. പൊലീസുകാരുടെ സസ്‌പെന്‍ഷനും സ്ഥലംമാറ്റവും റദ്ദാക്കുക,പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യുക, പരുക്കേറ്റ പൊലീസുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുക,അഭിഭാഷകരെ അറസ്റ്റു ചെയ്യരുതെന്ന കോടതി ഉത്തരവ് പിന്‍വലിക്കുക ,അക്രമികളായ അഭിഭാഷകരുടെ ലൈസന്‍സ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോലീസ് ഉന്നയിച്ചത്.