‘മുഖ്യമന്ത്രി പരിശോധിക്കണം’; ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ സി പി ഐ

Posted on: November 5, 2019 7:27 pm | Last updated: November 6, 2019 at 10:24 am

തിരുവനന്തപുരം: മാവോവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിനെന്യായീകരിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ സിപിഐ. സര്‍ക്കാറിന്റെ അനുമതിയോടെയാണോ ലേഖനമെഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ നടപടി കോടതി അലക്ഷ്യമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍പറഞ്ഞു.കോടതി നടപടികള്‍ പുരോഗമിക്കുമ്പോള്‍ അഭിപ്രായ പ്രകടനം നടത്തിയത് ശരിയല്ലെന്നും കാനം പറഞ്ഞു.

മജിസ്ടീരിയല്‍ അന്വേഷണം നടക്കുന്നതിനാല്‍ സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ പറഞ്ഞത്. ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ചീഫ് സെക്രട്ടറി എഴുതിയ ലേഖനത്തില്‍ പറയുന്നത് സുപ്രീം കോടതി വിധിയുടേയും ഹൈക്കോടതി വിധിയുടേയും ലംഘനമാണെന്നും കാനം പറഞ്ഞു.

സര്‍ക്കാരിനെ മറികടന്ന് പ്രവര്‍ത്തിക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമില്ലെന്നും മാവോയിസ്റ്റ് കൊലപാതകത്തെ ന്യായികരിച്ച് ലേഖനമെഴുതിയത് നിയമവിരുദ്ധമാണെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും പറഞ്ഞു.നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ചീഫ് സെക്രട്ടറി ഇത്തരമൊരു ലേഖനം എഴുതാന്‍ പാടില്ലാത്തതാണ്. അത് നിയമപരമായി തന്നെ തെറ്റാണെന്നും പ്രകാശ് ബാബു പറഞ്ഞു.