Connect with us

International

രാജിവെക്കില്ല; പ്രതിപക്ഷത്തിന്റെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കാം: ഇമ്രാന്‍ ഖാന്‍

Published

|

Last Updated

ഇസ്ലാമബാദ്: തന്റെ രാജി ഒഴികെ പ്രതിഷേധകരുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി പാക്കിസ്താനില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. എന്നാല്‍ താന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാത്രം അംഗീകരിക്കാനാവില്ലെന്നും മറ്റ് ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നുമാണ് ഇമ്രാന്‍ ഖാന്റെ നിലപാട്.

പ്രതിരോധമന്ത്രി പര്‍വേസ് ഖട്ടക് നയിക്കുന്ന അനുരഞ്ജന സംഘവുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജാമിയത്ത് ഉലമ ഇ ഇസ്ലാം ഫസല്‍ നേതാവ് ഫസല്‍ ഉല്‍ റഹ്മാന്റെ നേതൃത്വത്തിലാണ് സര്‍ക്കാറിനെതിരെ പ്രതിഷേധം നടക്കുന്നത്. ചൊവ്വാഴ്ചയോടെ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
പ്രധാനമന്ത്രി രാജിവയ്ക്കുന്നതിന് പുറമെ സൈന്യത്തിന്റെ മേല്‍നോട്ടമില്ലാതെ, രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം തുടരുമെന്നും പിന്നോട്ടില്ലെന്നുമാണ് റെഹ്മാന്‍ വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കണമെന്നാണ് റെഹ്മാന്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.