മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി: പരിഹാര ഫോര്‍മുല തേടി ഫഡ്‌നാവിസ് അമിത് ഷായെ കണ്ടു

Posted on: November 4, 2019 4:58 pm | Last updated: November 4, 2019 at 8:35 pm

മുംബൈ: മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പോംവഴി തേടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, കാലം തെറ്റി പെയ്ത മഴയില്‍ ദുരിതബാധിതരായ കര്‍ഷകര്‍ക്ക് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അമിത് ഷായെ സന്ദര്‍ശിച്ചതെന്ന് കൂടിക്കാഴ്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ഫഡ്‌നാവിസ് പറഞ്ഞു.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരണം നീണ്ടുപോകുന്നതിനെ കുറിച്ചു ചോദിച്ചപ്പോള്‍ പുതിയ സര്‍ക്കാറിനെ ആവശ്യമുള്ള മഹാരാഷ്ട്രക്ക് അത് ലഭിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളെയും പരാമര്‍ശങ്ങളെയും കുറിച്ച് താനോ പാര്‍ട്ടിയോ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല.

സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എന്‍ സി പി തലവന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് വൈകീട്ട് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഫഡ്‌നാവിസ് അമിത് ഷായെ കണ്ടത്.

പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നു തന്നെയാണ് കരുതുന്നതെന്നും ബി ജെ പിയും ശിവസേനയും ചേര്‍ന്ന് വീണ്ടും സര്‍ക്കാറുണ്ടാക്കുമെന്നും മഹാരാഷ്ട്രയിലെ ബി ജെ പി വക്താവ് കേശവ് ഉപാധ്യെ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.