Connect with us

National

ഡല്‍ഹിയില്‍ അഭിഭാഷകരും പോലീസും തമ്മിലെ ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കോടതി വളപ്പില്‍ അഭിഭാഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. തീസ് ഹസാരി കോടതിയില്‍ ഇന്നലയുണ്ടായ യുദ്ധസമാനമായ ഏറ്റുമുട്ടലിലാണ് ജുഡീഷ്യല്‍ അന്വേഷണം. ആറാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് എസ് പി ഗാര്‍ഗ് ആണ് അന്വേഷണം നടത്തുക. സി ബി ഐ, ഇന്റലിജന്‍സ് ബ്യൂറോ, വിജിലന്‍സ് ഡയറക്ടര്‍മാര്‍ അന്വേഷണത്തിന് ഗാര്‍ഗിനെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ച കോടതി സംഘര്‍ഷത്തിന് ആരോപണ വിധേയരായ രണ്ട് പോലീസുദ്യോഗസ്ഥരെ മാറ്റാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കി. സ്‌പെഷ്യല്‍ കമ്മീഷണര്‍ സഞ്ജയ് സിംഗ്, അഡീഷണല്‍ ഡിസിപി ഹരീന്ദര്‍ സിംഗ് എന്നിവരെയാണ് സ്ഥലം മാറ്റുക. ഈ രണ്ട് ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് അഭിഭാഷകര്‍ നേരത്തെ പരാതിയുന്നയിച്ചത്. അഅതിനിടെ കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നളെ ജില്ലാ കോടതികളും ഹൈക്കോടതിയും ബഹിഷ്‌കരിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.

പാര്‍ക്കിംഗിനെചൊല്ലി ഇന്നലെ ഉച്ചതിരിഞ്ഞ് കോടതി വളപ്പില്‍ നടന്ന സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നു. വാഹനങ്ങള്‍ തീയിടുന്നതിന്റേയും അഭിഭാഷകരെ പോലീസ് മര്‍ദിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി കമ്മീഷണറടക്കം 20 പോലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരുക്കേറ്റിരുന്നു.