Connect with us

Kerala

പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോര്‍ത്തിയതായി കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണും ഇസ്‌റാഈല്‍ കമ്പനിയുടെ പെഗാസസ് സ്‌പൈവേര്‍ ഉപയോഗിച്ച് ചോര്‍ത്തിയതായി കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് വാട്‌സാപ്പില്‍ നിന്നും പ്രിയങ്കക്ക് വിവരം ലഭിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നേരത്തെ ഫോണ്‍ചോര്‍ത്തപ്പെട്ടവര്‍ക്ക് വാട്ട്‌സാപ്പ് അറിയിപ്പ് നല്‍കിയപ്പോള്‍ തന്നെയാണ് പ്രിയങ്കക്കും അറിയിപ്പ് നല്‍കിയത്. ഇത്തരം സോഫ്റ്റ്‌വേറിലൂടെ ഫോണുകള്‍ ഭരണഘടനാവിരുദ്ധമായും അനധികൃതമായും നിരീക്ഷിക്കുന്നതില്‍ ബി ജെ പി സര്‍ക്കാറിന്റെ ഗൂഢാലോചനയുണ്ടെന്നും സുര്‍ജേവാല ആരോപിച്ചു.

രാജ്യത്തെ പ്രതിപക്ഷ നിരയിലെ പല നേതാക്കളുടേയും ഉന്നത ന്യായാധിപന്‍മാരുടേയും ആക്ടീവിസ്റ്റുകളുടേയും മാധ്യപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പിന്നില്‍ ബി ജെ പി സര്‍ക്കാറാണെന്ന് ഇവര്‍ ആരോപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ ഫോണ്‍ ചോര്‍ത്തുന്നതായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിയങ്കയുടെ ഫോണ്‍ ചോര്‍ത്തിയതായുള്ള വിവരവും പുറത്തുവരുന്നത്.

 

 

Latest