ലഘുലേഖ പിടിച്ചാല്‍ മാവോയിസ്റ്റാകില്ലെന്ന് യു എ പി എ സമിതി അധ്യക്ഷന്‍

Posted on: November 3, 2019 3:57 pm | Last updated: November 3, 2019 at 7:33 pm

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാര്‍ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യു എ പി എ അധ്യക്ഷന്‍. ഒരാളുടെ പക്കല്‍ നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍ മാവോയിസ്‌റ് ആകില്ലെന്ന് യു എ പി എ സമിതി അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാവോ ബന്ധത്തിന് വ്യക്തമായ തെളിവ് വേണം. നേരത്തെ പോലീസ് ചുമത്തിയ മിക്ക യു എ പി എ കേസുകള്‍ക്കും തെളിവില്ലായിരുന്നു. നിരോധിത സംഘടനയില്‍ അംഗമായിരുന്നു എന്ന് തെളിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. ഇല്ലാത്തപക്ഷം പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാകില്ല. മുമ്പ് പല കേസുകള്‍ക്കും പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്നത് തെളിവില്ലാത്തതിനാലാണ്. കോഴിക്കോട്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിലും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.