ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു

ഒരു മാസത്തിനിടെ 250 പേർ കൊല്ലപ്പെട്ടു • ഇത്രയും വലിയ പ്രക്ഷോഭം സദ്ദാമിന്റെ പതനത്തിന് ശേഷം ഇതാദ്യം
Posted on: November 3, 2019 2:03 pm | Last updated: November 3, 2019 at 2:03 pm

ബഗ്ദാദിലെ ഉപേക്ഷിക്കപ്പെട്ട സർക്കാർ കെട്ടിടത്തിൽ ബാനറുകൾ തൂക്കുന്ന പ്രക്ഷോഭകർ

ബഗ്ദാദ് | സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം ഇറാഖ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക്. വരേണ്യ രാഷ്ട്രീയത്തിന്റെ വേരറുക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രതിഷേധക്കാർ ബഗ്ദാദിൽ തടിച്ചുകൂടി. കഴിഞ്ഞ മാസം ഒന്നിന് ആരംഭിച്ച പ്രക്ഷോഭം രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.
ബഗ്ദാദിലെ തഹ്‌രീർ ചത്വരത്തിൽ തമ്പടിച്ച പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. സുരക്ഷാ സേനയുടെ നടപടിക്കിടെ ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും 155 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ 250 പേരാണ് കൊല്ലപ്പെട്ടത്.

2003 മുതൽ ഇറാഖിൽ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരാകരിക്കുന്നതിന് വംശീയ ഭിന്നതകൾ മറന്ന് ജനങ്ങൾ ഒറ്റക്കെട്ടായതോടെ പ്രതിഷേധം കനക്കുകയാണ്. വെള്ളിയാഴ്ചത്തെ പ്രാർഥനക്ക് ശേഷം ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി. ഇവർക്ക് നേരെ കടുത്ത സൈനിക നടപടിയാണ് സർക്കാർ നടത്തുന്നത്. “നിങ്ങൾ പ്രയോഗിക്കുന്ന മരണത്തിന്റെ പുക എത്ര ശ്വസിക്കേണ്ടി വന്നാലും, ഞങ്ങൾ നിങ്ങളുടെ അധികാരത്തിന്റെ കോട്ടകൾ പിടിച്ചടക്കുക തന്നെ ചെയ്യും’-പ്രക്ഷോഭകർ തഹ്്രീർ ചത്വരത്തിന്റെ ചുവരിൽ എഴുതിവെച്ചു.

ബഗ്ദാദിൽ പ്രതിഷേധക്കാർ തഹ്‌രീർ ചത്വരത്തിന് ചുറ്റുമുള്ള തെരുവുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മുന്പെങ്ങുമില്ലാത്ത വിധം അതി രൂക്ഷമായ കണ്ണീർ വാതക പ്രയോഗമാണ് പ്രക്ഷോഭകർക്ക് നേരെ സൈന്യം നടത്തുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷനൽ അറിയിച്ചു. ഇറാഖിൽ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഇത് സംബന്ധിച്ച് സർക്കാർ കഴിഞ്ഞ മാസം നടത്തിയ അന്വേഷണത്തിന് വിശ്വാസ്യതയില്ലെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.