Connect with us

Eranakulam

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വൻ വർധന

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് ഈ വർഷം കൊല്ലപ്പെട്ടത് 11 കുട്ടികൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ കൊല്ലപ്പെടുന്നതിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. പോക്സോ പ്രകാരം 2019 ൽ ഇതുവരെ 2,514 കേസുകൾ രജിസ്റ്റർ ചെയ്തു. 2018 ൽ 3,179 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത് തിരുവനന്തപുരത്താണ്.

209 കേസുകളാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന്റെ പേരിൽ ഇവിടെ രജിസ്റ്റർ ചെയ്തത്. നഗരപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ ലൈംഗികാതിക്രമം നേരിട്ടത് തൃശൂരാണ്. ഇവിടെ 101 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. തിരുവനന്തപുരം നഗരത്തിനകത്ത് 99 കേസും, കൊല്ലം സിറ്റിയിൽ 93 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളം(85),കോഴിക്കോട്(92) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ കണക്കുകൾ. മലപ്പുറത്ത് 342 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ പാലക്കാട് ജില്ലയിൽ 181 കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമമുണ്ടായി. എറണാകുളം റൂറൽ മേഖലയിലും കുട്ടികൾക്കെതിരെയാണ് ലൈംഗീകാതിക്രമങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

152 കേസുകളാണ് എറണാകുളം നഗരത്തിന് പുറത്ത് രജിസ്റ്റർ ചെയ്തത്. അതേസമയം കുട്ടികളെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കേസുകളും വർധിക്കുന്നുണ്ട്. 2018 ൽ 4,008 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം ജൂൺവരെയുള്ള കണക്ക് പ്രകാരം 2,143 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 634 എണ്ണം ബലാൽസംഗകേസുകളാണ്. 111 കേസുകൾ തട്ടികൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടാണ് രജിസ്റ്റർ ചെയ്തത്.